ആറന്മുള വിമാനത്താവള വിവാദ ഭൂമി: പുതിയ പദ്ധതിക്ക് കെ.ജി.എസ് ഗ്രൂപ് നീക്കം; എതിർപ്പറിയിച്ച് കൃഷി-റവന്യൂ വകുപ്പുകൾ
text_fieldsതിരുവനന്തപുരം: ആറന്മുളയിൽ ഉപേക്ഷിക്കപ്പെട്ട വിമാനത്താവള ഭൂമിയിൽ ‘ഇലക്ട്രോണിക്സ് മാനുഫാക്ചറിങ് ക്ലസ്റ്റര്‍’ പദ്ധതിയെച്ചൊല്ലി വിവാദം. വിമാനത്താവളത്തിന് അനുമതി നിഷേധിച്ചിടത്താണ് പുതിയ പദ്ധതി വാഗ്ദാനവുമായി സംരംഭകർ രംഗത്തുവന്നിരിക്കുന്നത്. നെല്‍പ്പാടവും തണ്ണീര്‍ത്തടവും നഷ്ടപ്പെടുത്തി വിമാനത്താവളം വേണ്ടെന്ന നിലപാടെടുത്തിരുന്ന കൃഷിവകുപ്പ്, ഇലക്ട്രോണിക്സ് മാനുഫാക്ചറിങ് ക്ലസ്റ്ററിനെതിരെയും കടുത്ത നിലപാടുമായി രംഗത്തുവന്നു. തണ്ണീർത്തട ഭൂമിയിൽ ഒരുകാരണവശാലും വ്യവസായത്തിന് അനുമതി നൽകില്ലെന്ന് കൃഷിമന്ത്രി പി. പ്രസാദ് വ്യക്തമാക്കിക്കഴിഞ്ഞു.
ഇലക്ട്രോണിക്സ് മാനുഫാക്ചറിങ് ക്ലസ്റ്റര്‍ എന്ന പേരില്‍ 600 കോടിയുടെ പദ്ധതിയുമായാണ് ‘ടേക്കിങ് ഓഫ് ടു ദ ഫ്യൂച്ചര്‍’ എന്ന പേരില്‍ കെ.ജി.എസ് ആറന്മുള എയര്‍പോര്‍ട്ട് ലിമിറ്റഡ് സര്‍ക്കാറിനെ സമീപിച്ചത്. വിമാനത്താവളത്തിനായി കണ്ടെത്തിയിരുന്ന 335.25 ഏക്കറില്‍ വികസിപ്പിക്കുന്ന പദ്ധതിവഴി ഒരുലക്ഷം തൊഴിലവസരങ്ങളും ഭാവിയില്‍ 4000 കോടിയുടെ നിക്ഷേപവുമാണ് വാഗ്ദാനം ചെയ്തിരുന്നത്. വിമാനത്താവള ഭൂമിയിലെ നിര്‍മാണം എന്ന വാഗ്ദാനത്തില്‍ പന്തികേട് തോന്നിയ കൃഷിവകുപ്പ് തുടക്കത്തില്‍ തന്നെ ഇതിന് തടയിട്ടിരുന്നു. സംരംഭകര്‍ ചൂണ്ടിക്കാട്ടുന്ന ഭൂമിയില്‍ 156.45 ഏക്കര്‍ നെല്‍പ്പാടവും 13.77 ഏക്കര്‍ തണ്ണീര്‍ത്തടവുമാണ്.
ഇത് പരിവര്ത്തനപ്പെടുത്താനാകില്ലെന്നാണ് കൃഷിവകുപ്പ് നിലപാട് . മാത്രവുമല്ല, ആറന്മുള വിമാനത്താവള പദ്ധതി ഉപേക്ഷിച്ചതിന് പിന്നാലെ, മുന്‍ കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍ ഇവിടെ നെല്ലുനടുകയും നെല്‍പ്പാടം വീണ്ടെടുക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു.
പിന്നാലെ, റവന്യൂ വകുപ്പിലെത്തിയ ഫയലില്‍ ജില്ല കലക്ടര്‍ വഴി അന്വേഷണം നടത്തി. വിമാനത്താവള റണ്‍വേ നിര്‍മാണത്തിനായി അനധികൃത മണ്ണെടുപ്പ്, കുന്നിടിക്കല്‍, അധികഭൂമി കൈവശംവെക്കല്‍ തുടങ്ങിയവയില്‍ റവന്യൂ വകുപ്പിന്റെ നടപടി നേരിടുന്ന സ്ഥലമാണിതെന്നായിരുന്നു കലക്ടറുടെ റിപ്പോര്‍ട്ട്. വെള്ളപ്പൊക്ക ഭീതിയടക്കം കൃഷിവകുപ്പ് ചൂണ്ടിക്കാട്ടിയ പ്രശ്നങ്ങളും ഉൾപ്പെടുത്തിയാണ് കലക്ടർ റിപ്പോർട്ട് നൽകിയത്. ഇതോടെ, വിമാനത്താവള ഭൂമിയില്‍ ഇലക്ട്രോണിക്സ് ക്ലസ്റ്റര്‍ അനുവദിക്കാനാകില്ലെന്ന് ചൂണ്ടിക്കാട്ടി അവരും ഫയല്‍ മടക്കിയ സ്ഥിതിയിലാണ്.
തണ്ണീർത്തട ഭൂമിയിൽ ഒരുകാരണവശാലും വ്യവസായത്തിന് അനുമതി നൽകാതെ, കൃഷിവകുപ്പും അധികഭൂമി കൈവശംവെച്ചതിന് കേസുള്ളതിനാല്‍ റവന്യൂവകുപ്പും ഫയല്‍ മടക്കിയതോടെ ഐ.ടി വകുപ്പ് താൽപര്യമെടുത്ത് വന്ന പദ്ധതിയാണ് ത്രിശ്ശങ്കുവിലായത്. മിച്ചഭൂമിയായതിനാൽ ഭൂമി സർക്കാർ ഏറ്റെടുത്ത് ഭൂമിയില്ലാത്തവർക്ക് നൽകുമെന്നും അതിലെ തണ്ണീർത്തടം കൃഷിക്കായി ഉപയോഗിക്കുമെന്നും റവന്യൂവകുപ്പ് അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.