മുനമ്പം സമരപ്പന്തൽ സന്ദർശിച്ച് ആർച്ബിഷപ് മാർ തോമസ് തറയിൽ
text_fieldsമുനമ്പം: മുനമ്പം-ചെറായി പ്രദേശങ്ങളിലെ ജനങ്ങൾ നേരിടുന്ന കുടിയിറക്ക് ഭീഷണിയെ ഭരണനേതൃത്വങ്ങൾ ഗൗരവത്തോടെ കാണണമെന്ന് ചങ്ങനാശ്ശേരി അതിരൂപത മെത്രാപ്പോലീത്ത മാർ തോമസ് തറയിൽ. ഇത് മുനമ്പത്തുകാരുടെ മാത്രമോ ഏതെങ്കിലും ഒരു പ്രത്യേക മതവിഭാഗത്തിന്റേയോ പ്രശ്നമല്ലെന്നും നാടിന്റെ മുഴുവൻ വേദനയാണെന്നും അദ്ദേഹം പറഞ്ഞു.
ജനാധിപത്യ രാഷ്ട്രത്തിൽ നീതി നിഷേധിക്കപ്പെടുന്നത് അപലപനീയമാണ്. ഏറ്റവും ചെറിയവനും ജീവനും സ്വത്തും സംരക്ഷിക്കാനും സുരക്ഷിതമായി ജീവിക്കാനുമുള്ള സാഹചര്യം ലഭിക്കുന്നതാണ് ജനാധിപത്യത്തിന്റെ മഹനീയത. സ്വാതന്ത്ര്യവും സമത്വവും സംരക്ഷിക്കാൻ ജനങ്ങൾ തെരുവിലിറങ്ങേണ്ടിവരുന്നത് സദ്ഭരണത്തിന്റെ ലക്ഷണമല്ല. ഈ വിഷയത്തിൽ ഭരണകൂടങ്ങളുടെ നിർദയമായ മൗനം അത്ഭുതപ്പെടുത്തുന്നു. സങ്കുചിത താൽപര്യങ്ങളും പ്രീണനനയങ്ങളും ഉപേക്ഷിച്ച് തുറന്ന സമീപനത്തോടെ പ്രശ്നം പരിഹരിക്കാൻ രാഷ്ട്രീയ നേതൃത്വങ്ങൾ തയാറാകണം -മാർ തറയിൽ ആവശ്യപ്പെട്ടു.
ചങ്ങനാശ്ശേരി അതിരൂപതയിൽനിന്നുള്ള അമ്പതംഗ പ്രതിനിധി സംഘത്തോടൊപ്പം മുനമ്പം സമരപ്പന്തൽ സന്ദർശിച്ച് സംസാരിക്കുകയായിരുന്നു മാർ തറയിൽ. ചങ്ങനാശ്ശേരി അതിരൂപത വികാരി ജനറൽ മോൺ. ജോൺ തെക്കേക്കര, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ഡോ. രേഖ മാത്യൂസ്, പി.ആർ.ഒ അഡ്വ. ജോജി ചിറയിൽ, കത്തോലിക്ക കോൺഗ്രസ് പ്രസിഡന്റ് ബിജു സെബാസ്റ്റ്യൻ, സമരസമിതി പ്രതിനിധികളായ ഫാ. ജോഷി മയ്യാറ്റിൽ, ഫാ. ജേക്കബ് കയ്യാലകം എന്നിവർ സംസാരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.