അർജുൻ ആയങ്കി പൊലീസ് പിടിയിൽ; നിർണായകമായത് ഓട്ടോ ഡ്രൈവർ നൽകിയ വിവരം
text_fieldsകണ്ണൂർ: കേരള പൊലീസിന് വെല്ലുവിളിയുയർത്തിയ അർജുൻ ആയങ്കി ഒടുവിൽ പിടിയിൽ. കണ്ണൂർ നഗരത്തിലെ അഭിഭാഷകയുടെ ഫ്ലാറ്റിൽനിന്നാണ് അർജുനെ പൊലീസ് പിടികൂടിയത്.
അർജുൻ ആയങ്കി ഒളിവിൽ പോകാൻ ഉപയോഗിച്ച കാർ കണ്ണൂർ പനങ്കാവിൽനിന്ന് പൊലീസ് ശനിയാഴ്ച വൈകീട്ട് കസ്റ്റഡിയിലെടുത്തിരുന്നു. ഇതോടെ കണ്ണൂർ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ഊർജിതമാക്കി. പുലർച്ചെ രണ്ടോടെയാണ് അഭിഭാഷകയെ കാണാനായി കണ്ണൂരിലെ അപ്പാർട്ട്മെന്‍റിൽ അർജുനും സുഹൃത്തും എത്തുന്നത്. ഓട്ടോയിലാണ് അർജുൻ അഭിഭാഷകയെ കാണാനെത്തിയത്. സംശയം തോന്നിയ ഓട്ടോ ഡ്രൈവറാണ് വിവരം പൊലീസിനെ അറിയിച്ചത്. സി.സിടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് അർജുൻ ആയങ്കിയെന്ന് ഉറപ്പിച്ചു.
പിന്നാലെ പൊലീസ് അപ്പാർട്ട്മെന്‍റിലെത്തി പുലർച്ചെ രണ്ടരയോടെ അർജുനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പൊലീസിനെ കണ്ടതോടെ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പൊലീസ് ഓടിച്ചിട്ട് പിടികൂടി. കണ്ണൂർ ഉത്തര മേഖല ഡി.ഐ.ജിയുടെ നേതൃത്വത്തിലാണ് അർജുനെ പിടികൂടിയത്. കണ്ണൂരിലെ കേസിൽ അറസ്റ്റ് ചെയ്ത ശേഷം അർജുനെ എറണാകുളത്തേക്ക് മാറ്റുമെന്നാണ് നിലവിലെ റിപ്പോർട്ട്.
അർജുൻ തന്നെ സഹായിച്ചവരെകുറിച്ചുള്ള വിവരങ്ങളൊന്നും പൊലീസിനോട് പറഞ്ഞിട്ടില്ല. എടപ്പാളിലെ റസ്റ്റാറന്‍റിൽ അർജുൻ ആയങ്കി വന്ന് ഭക്ഷണം കഴിച്ച ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു. തുടർന്ന് അർജുനെ സഹായിച്ച അഞ്ച് സുഹൃത്തുക്കളെ പൊലീസ് അറസ്റ്റ് ചെയ്യുകയുണ്ടായി. കഴിഞ്ഞ വ്യാഴാഴ്ചയാണ് പൊലീസിനെ വെല്ലുവിളിച്ചു കൊണ്ട് അർജുൻ രംഗത്തെത്തിയത്. മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും അർജുൻ നിരന്തരം വെല്ലുവിളിച്ചിരുന്നു.
വധശ്രമം, മോഷണം, തട്ടിക്കൊണ്ടുപോകൽ, സ്വര്‍ണക്കടത്ത് ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളിൽ അർജുൻ പ്രതിയാണ്. ആയങ്കിയുടെ ഗുണ്ടാ സംഘത്തിൽപെട്ട തുമ്പ സ്വദേശികളായ ഷൈജു, ഷാ, തമ്പാനൂര്‍ സ്വദേശികളായ വെങ്കിടേഷ്, സംഗീത് സുരേഷ്, ആദിത്യന്‍ എന്നിവരെ ഇന്നലെ പൊലീസ് പിടികൂടിയിരുന്നു. തുമ്പ പൊലീസും തമ്പാനൂര്‍ പൊലീസുമാണ് ഇവരെ പിടികൂടിയത്. അര്‍ജുന്‍ ആയങ്കിയുടെ പേരില്‍ 23ല്‍പരം കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു.
തലസ്ഥാനം കേന്ദ്രീകരിച്ച് അര്‍ജുന്‍ ആയങ്കി ഗുണ്ടാസംഘം രൂപവത്കരിച്ച് പ്രവര്‍ത്തനം നടത്തിവരികയായിരുന്നു. തിരുവനന്തപുരത്തെത്തിയ വേളകളിൽ ആയങ്കി ഇവരോടൊപ്പം താമസിച്ചിരുന്നെന്നും പൊലീസ് കണ്ടെത്തിയിരുന്നു. വൈഫൈ കോളിങ്ങും ഐപി മാസ്കിങ് സാങ്കേതികവിദ്യയും ഉപയോഗിച്ചാണ് ഇയാൾ സമൂഹമാധ്യമങ്ങളിൽ സജീവമായിരുന്നത്. ടവർ ലൊക്കേഷനുകൾ മാറ്റിമറിച്ചതും ഒളിവിൽ കഴിയുന്നതിനിടയിൽ വാഹനങ്ങൾ നിരന്തരം മാറ്റിയതും പൊലീസിനെ വട്ടംകറക്കി. ഒടുവിൽ അന്വേഷണ സംഘം അർജുനെ വലയിലാക്കുന്നതിൽ വിജയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

