പാർട്ടിയിൽ ഒറ്റപ്പെട്ട് നിൽക്കെ അറസ്റ്റ്
text_fieldsപത്തനംതിട്ട: സി.പി.എമ്മിൽ പൂർണമായി ഒറ്റപ്പെട്ട് നിൽക്കെയാണ്, 52 വർഷത്തെ പാർട്ടി പാരമ്പര്യമുള്ള എ. പത്മകുമാർ ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലാവുന്നത്. പത്തനംതിട്ടയിലെ കരുത്തുറ്റ സി.പി.എം നേതാവായിരുന്ന അദ്ദേഹം, വിഭാഗീയതയുടെ കാലത്ത് പിണറായിക്കൊപ്പം ഉറച്ചുനിന്നയാളാണ്. എന്നാൽ, ശബരിമല യുവതി പ്രവേശന പ്രക്ഷോഭകാലത്ത് പിണറായിക്ക് അനഭിമതനായി. 42 വർഷം സി.പി.എം പത്തനംതിട്ട ജില്ല കമ്മിറ്റി അംഗമായും 32 വർഷം സെക്രട്ടേറിയറ്റ് അംഗമായും പ്രവർത്തിച്ച പത്മകുമാർ കൊല്ലം സംസ്ഥാന സമ്മേളനത്തിൽ നേതൃത്വത്തിനെതിരെ രൂക്ഷമായി പ്രതികരിച്ചിരുന്നു. സംസ്ഥാന സമിതിയിലേക്ക് പരിഗണിക്കാത്തതിൽ പ്രതിഷേധിച്ച് സംസ്ഥാന സമ്മേളന വേദിയിൽനിന്ന് ഇറങ്ങിപ്പോന്ന അദ്ദേഹം പാർട്ടിക്കെതിരെ ഫെയ്സ്ബുക്കിൽ പോസ്റ്റുമിട്ടു. ‘52 വർഷത്തെ പാർട്ടി പ്രവർത്തനത്തിന് ലഭിച്ചത് ചതി, വഞ്ചന, അവഹേളനം’ എന്നായിരുന്നു കുറിച്ചത്. പത്തനംതിട്ടയിൽനിന്ന് സംസ്ഥാന സമിതിയിലേക്ക് പ്രത്യേക ക്ഷണിതാവായി മന്ത്രി വീണ ജോർജിനെ തെരഞ്ഞെടുത്തതായിരുന്നു പ്രകോപനം. ഇതിനുപിന്നാലെ പരസ്യ പ്രതികരണത്തിൽ തെറ്റുപറ്റിയെന്ന് വ്യക്തമാക്കി രംഗത്തത്തിയെങ്കിലും പാർട്ടി മുഖവിലക്കെടുത്തില്ല. ഇതോടെ ജില്ലാ സെക്രട്ടറിയേറ്റില്‍ നിന്നും തെറിച്ചു.
ചങ്ങനാശ്ശേരി എന്‍.എസ്.എസ് കോളജിലെ വിദ്യാഭ്യാസകാലത്ത് എസ്.എഫ്.ഐ പ്രവർത്തകനായിരുന്നു. ഡി.വൈ.എഫ്.ഐയിലൂടെയാണ് രാഷ്ട്രീയത്തിൽ സജീവമാകുന്നത്. ഡി.വൈ.എഫ്.ഐ ജില്ല സെക്രട്ടറിയായ അദ്ദേഹം 25ാം വയസിൽ പാർട്ടി എരിയ സെക്രട്ടറിയായി.
ഡി.വൈ.എഫ്.ഐ സംസ്ഥാന വൈസ് പ്രസിഡന്‍റായിരിക്കെ, 1991ലെ നിയമസഭ തെരഞ്ഞെടുപ്പിൽ കോന്നിയിൽനിന്ന് മത്സരിച്ച് ജയിച്ചു. എന്നാൽ, 96ൽ അടൂർ പ്രകാശിനോട് തോറ്റു. പിന്നീട് ആറന്മുളയിൽ മത്സരിച്ചെങ്കിലും വിജയിച്ചില്ല.
പാർട്ടിയിൽ സജീവമായി പ്രവർത്തിക്കുന്നതിനിടെ 2017 നവംബറിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റായി.
പത്തനംതിട്ട സി.പി.എം ജില്ല സെക്രട്ടേറിയേറ്റംഗവും സഹകരണ ഗ്യാരന്‍റി ബോര്‍ഡ് വൈസ് ചെയര്‍മാനുമായിരിക്കെയാണ് ബോർഡിലേക്ക് സി.പി.എം നേതൃത്വം നിയോഗിക്കുന്നത്. ശബരിമല യുവതി പ്രവേശന പ്രക്ഷോഭകാലത്ത് സർക്കാർ നിലപാടുകൾക്ക് എതിരാണെന്ന തരത്തിൽ ചില പ്രതികരണങ്ങൾ പത്മകുമാർ നടത്തിയിരുന്നു.
‘ആരെത്തിർത്താലും ശബരിമലയിലെ ആചാരങ്ങൾ തെറ്റില്ല’ എന്ന യുവമോർച്ച നേതാവിന്‍റെ ഫേസ്ബുക് പോസ്റ്റ് ഷെയർ ചെയ്തതും തന്‍റെ വീട്ടിലെ സ്ത്രീകൾ ആരും ശബരിമലക്ക് പോകില്ലെന്ന പ്രസ്താവനയും മുഖ്യമന്ത്രിക്കും പാർട്ടി നേതൃത്വത്തിനും കടുത്ത അതൃപ്തിക്ക് കാരണമായിരുന്നു. അടുത്തിടെ ജില്ല സെക്രട്ടേറിയേറ്റ് യോഗത്തിനിടെ മറ്റൊരു അംഗവുമായി കയ്യാങ്കളിയുണ്ടായതും വലിയ വാർത്തയായിരുന്നു. നിലവിൽ ജില്ല കമ്മിറ്റി അംഗമാണ്.
ചെമ്പെന്ന് വാദം, പിന്നീട് തിരുത്തൽ, ഒടുവിൽ കുടുങ്ങി
പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിൽ ആദ്യം പ്രതിരോധം തീർത്ത എ.പത്മകുമാറിന്റെ അറസ്റ്റ് വാദങ്ങളെല്ലാം പൊളിഞ്ഞതോടെ. ഉണ്ണികൃഷ്ണൻ പോറ്റി സ്വർണപ്പാളി കടത്തിയെന്ന് സംശയം ഉയർന്ന ഘട്ടത്തിൽ അത് ചെമ്പ് പാളിയെന്ന വാദത്തിലായിരുന്നു പത്മകുമാർ. താന്‍ പ്രസിഡന്‍റായി ചുമതലയേറ്റെടുത്ത സമയത്ത് സ്വര്‍ണം നഷ്ടപ്പെട്ട് ചെമ്പ് തെളിഞ്ഞതാണെന്നായിരുന്നുവാദം. ചെമ്പിനെ ചെമ്പെന്നല്ലാതെ എന്ത് പറയുമെന്ന നിലപാടും അദ്ദേഹം സ്വീകരിച്ചു. ഇതിനിടെ,1998-99 കാലത്ത് ശബരിമല ശ്രീകോവിൽ സ്വർണം പൂശിയ മദ്യ ബിസിനസുകാരൻ വിജയ് മല്യയെ സംശയത്തിലാക്കാനും നീക്കം നടത്തി. മല്യ ഏൽപ്പിച്ച ജോലി ചെയ്തവരെയും ചെയ്യിപ്പിച്ചവരെയും കുറിച്ച് പരിശോധിക്കണമെന്നായിരുന്നു പത്മകുമാറിന്റെ ആവശ്യം. മറ്റ് ദേവസ്വം പ്രസിഡന്റുമാർക്കെതിരെയും ആരോപണം ഉയർത്തി. പ്രമുഖ കോണ്‍ട്രാക്ടറായിരുന്ന ആറന്മുള കീച്ചംപറമ്പില്‍ പരേതനായ അച്യുതന് നായരുടെ മകനായ പത്മകുമാറിന് ശബരിമലയുമായി അടുത്ത ബന്ധമാണുണ്ടായിരുന്നത്. ശബരിമലയിലെ കൊപ്ര കോൺട്രാക്ടർ കൂടിയായിരുന്ന പിതാവിനൊപ്പം ചെറുപ്പം മുതൽ മല കയറിയിരുന്ന അദ്ദേഹത്തിന് ശബരിമലയിലെ എല്ലാ കാര്യങ്ങളിലും കൃത്യമായ അറിവുണ്ടായിരുന്നു. എന്നിട്ടും ചെമ്പ് പാളിയെന്ന് ആവർത്തിച്ചത് അന്വേഷണസംഘത്തിലും സംശയം ജനിപ്പിച്ചിരുന്നു.
യുവതി പ്രവേശന പ്രക്ഷോഭകാലത്ത് മുഖ്യമന്ത്രിയുമായി ഇടയുന്നത് വരെ ശബരിമലയുടെ പൂർണ നിയന്ത്രണം പത്മകുമാറിനായിരുന്നു. അക്കാലത്തെ ദേവസ്വം മന്ത്രിയെ മറികടന്നും മുഖ്യമന്ത്രിയുമായി അദ്ദേഹം ഇടപെട്ടു. ഉദ്യോഗസ്ഥരിലും പിടിമുറുക്കിയിരുന്നു. കഴിഞ്ഞദിവസം പത്മകുമാറിന്റെ അന്നത്തെ സെക്രട്ടറിയെ അടക്കം പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്തിരുന്നു.
നേരത്തെ സ്വര്‍ണക്കൊള്ള കേസില്‍ ചോദ്യംചെയ്യലിന് ഹാജരാകാനായി പത്മകുമാറിന് രണ്ടുതവണ അന്വേഷണസംഘം നോട്ടീസ് നല്‍കിയിരുന്നു. ആദ്യം ആരോഗ്യപ്രശ്നവും പിന്നീട് ബന്ധുവിന്റെ മരണവും ചൂണ്ടിക്കാട്ടി ഹാജരായില്ല. ഇതോടെ നേരിട്ടെത്തി അറസ്റ്റ് ചെയ്യുമെന്ന സൂചന നൽകിയതോടെയാണ് വ്യാഴാഴ്ച രാവിലെ ആറന്മുളയിലെ വീട്ടിൽനിന്ന് തിരുവനന്തപുരത്ത് ഹാജരായത്.
കേസില്‍ നേരത്തേ അറസ്റ്റിലായ മുരാരി ബാബു മുതല്‍ എന്‍. വാസു വരെയുള്ള പ്രതികള്‍ പത്മകുമാറിനെതിരെ മൊഴി നല്‍കിയിട്ടുണ്ടെന്നാണ് വിവരം. എൻ.വാസുവിന്റെ റിമാൻഡ് റിപ്പോർട്ടിൽ കട്ടിളയിലെ സ്വർണം ചെമ്പാണെന്ന് രേഖപ്പെടുത്തിയത് ദേവസ്വം ബോർഡിന്റെ അറിവോടെയാണെന്നും അന്വേഷണസംഘം വ്യക്തമാക്കിയിരുന്നു. പത്മകുമാറിന്റെ സാമ്പത്തിക സ്രോതസുകളും പരിശോധിച്ചിരുന്നു. ഇതിനിടെ, ശബരിമലയിലെ യോഗദണ്ഡും രുദ്രാക്ഷമാലയും സ്വർണം പൂശി നൽകിയത് പത്മകുമാറിന്റെ മകനാണെന്ന വിവരം പുറത്തുവന്നതും വിവാദമായിരുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

