ഭർത്താവിന് പ്രായപരിധി കഴിഞ്ഞതിന്റെ പേരിൽ കൃത്രിമ ഗർഭധാരണം നിഷേധിക്കാനാവില്ല -ഹൈകോടതി
text_fieldsകൊച്ചി: ഭർത്താവിന് നിയമാനുസൃത പ്രായപരിധി കടന്നുപോയെന്നതുകൊണ്ട് ഭാര്യക്ക് കൃത്രിമ ഗർഭധാരണ ചികിത്സ നിഷേധിക്കാനാവില്ലെന്ന് ഹൈകോടതി. ദമ്പതികളെ ഒന്നിച്ച് പരിഗണിച്ച് പ്രായം വിലയിരുത്തേണ്ടതില്ല. സ്ത്രീയുടെയും പുരുഷന്റെയും കാര്യത്തിലും ഇത് ബാധകമാണ്. ദമ്പതികളിൽ ഒരാളുടെ പ്രായപരിധിയുടെ പേരിൽ പങ്കാളിക്ക് അവസരം നിഷേധിക്കുന്നത് വിവേചനമാണെന്നും ജസ്റ്റിസ് സി.എസ്. ഡയസ് വ്യക്തമാക്കി. മലപ്പുറം സ്വദേശിയായ 46കാരിക്ക്, ദാതാവിന്റെ ബീജകോശങ്ങൾ ഉപയോഗിച്ച് ഗർഭധാരണ ചികിത്സ തുടരാൻ അനുമതി നൽകിയ ഉത്തരവിലാണ് കോടതിയുടെ നിരീക്ഷണം.
സ്വകാര്യ ആശുപത്രി ചികിത്സ നിഷേധിച്ചതിനെതിരെ യുവതി നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്. അസിസ്റ്റഡ് റീപ്രൊഡക്ടീവ് ടെക്നോളജി ആക്ട് പ്രകാരം കൃത്രിമ ഗർഭധാരണ ചികിത്സക്ക് നിയമാനുസൃത പ്രായപരിധി പുരുഷന് 55ഉം സ്ത്രീക്ക് 50ഉമാണ്. ഭർത്താവിന് 57 വയസ്സുണ്ടെന്ന കാരണത്താലാണ് ഹരജിക്കാരിക്ക് ചികിത്സ നിഷേധിച്ചത്. എന്നാൽ, നിയമവ്യവസ്ഥയിൽ പറയുന്ന പ്രായനിയന്ത്രണം വ്യക്തിയധിഷ്ഠിതമാണെന്ന് കോടതി വ്യക്തമാക്കി. വിവാഹബന്ധം നിലവിലില്ലാത്തയാൾക്കും ചികിത്സ തേടാം. നിശ്ചിത പ്രായപരിധിക്ക് താഴെയുള്ള ഹരജിക്കാരിക്ക് ചികിത്സ നിഷേധിച്ചത് ജീവിക്കാനുള്ള അവകാശത്തിന്റെ ലംഘനമാണ്.
കുട്ടികളില്ലാത്തവർക്ക് മാത്രമേ അത്തരക്കാർ കടന്നുപോകുന്ന നിശ്ശബ്ദ വേദനയുടെ തീവ്രത മനസ്സിലാകൂവെന്നും കോടതി പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.