കരുത്താർജിച്ച് ആശ സമരം; സി.ഐ.ടി.യുവിനെ രംഗത്തിറക്കി പൊളിക്കാനുള്ള നീക്കം പൊളിഞ്ഞു
text_fieldsഫോട്ടോ: അരവിന്ദ് ലെനിൻ
തിരുവനന്തപുരം: പൊള്ളുന്ന വെയിലിലും അപ്രതീക്ഷിതമായി എത്തിയ മഴയിലും തളരാതെ ആശ വർക്കർമാരുടെ രാപകൽ സമരം 20 ാം ദിവസത്തിലേക്ക്. പഞ്ചായത്തുതലത്തിലടക്കം അധ്യക്ഷൻമാരെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി പിന്തിരിപ്പിക്കാൻ ശ്രമം നടക്കുകയും സമരത്തിനെതിരെ സി.ഐ.ടി.യു പരസ്യമായ രംഗത്തെത്തുകയും ചെയ്യുന്നതിനിടെയാണ് സെക്രട്ടേറിയറ്റിന് മുന്നിലെ പ്രക്ഷോഭം കൂടുതൽ കരുത്താർജിക്കുന്നത്. സമരത്തിൽ അണിചേരാൻ വിവിധ ജില്ലകളിൽ നിന്ന് വെള്ളിയാഴ്ചയും കൂടുതൽ പേരെത്തി.
മുടങ്ങിക്കിടന്ന ഓണറേറിയവും ഇൻസെന്റീവും വളരെ വേഗം നേടിത്തന്ന സമരപോരാളികളെ കാണാൻ ഇടുക്കി ജില്ലയിലെ കാന്തല്ലൂരിൽനിന്ന് ആശ വർക്കർ ചെല്ലമ്മ എത്തിയത് 19-ാം ദിവസത്തെ ഹൃദ്യമായ അനുഭവമായി. സമരപോരാളികൾക്കെല്ലാം ഇവർ ഐക്യദാർഢ്യമർപ്പിച്ചു.
സാഹിത്യകാരൻ എം.എൻ. കാരശ്ശേരി സമരത്തെ പിന്തുണച്ചും പരിഹാരം കാണാൻ സർക്കാർ ഇടപെടൽ ആവശ്യപ്പെട്ടും വിഡിയോ സന്ദേശം നൽകി. ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, എ.ഐ.യു.ടി.യു.സി തമിഴ്നാട് സംസ്ഥാന പ്രസിഡന്റ അനവരദൻ, ഐക്യ മഹിളാസംഘം അഖിലേന്ത്യ നേതാവ് കെ. സിസിലി, എ.ഐ.ഡി.വൈ.ഒ സംസ്ഥാന പ്രസിഡന്റ് ഇ.വി. പ്രകാശ്, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സ്നേഹ, മുൻ മന്ത്രി ബാബു ദിവാകരൻ, യു.എൻ.എ ജില്ല സെക്രട്ടറി ജെ.എസ്. അച്ചു, തൃണമൂൽ കോൺഗ്രസ് സംസ്ഥാന കോഓഡിനേറ്റർ ആതിര മേനോൻ, മനുഷ്യാവകാശ പ്രവർത്തകൻ അഡ്വ. ജോൺ ജോസഫ്, ജെ.എസ്. അടൂർ, കരകുളം ശശി തുടങ്ങിയവർ സമരത്തിന് ഐക്യദാർഢ്യവുമായെത്തി.
ആവശ്യങ്ങൾ അംഗീകരിക്കാതെ പ്രക്ഷോഭത്തിൽനിന്ന് പിൻമാറില്ലെന്ന നിലപാടിലാണ് സമരക്കാർ. പ്രതിമാസ ഓണറേറിയം 21,000 രൂപയാക്കണമെന്നതടക്കം ആവശ്യങ്ങൾ ഉയർത്തിയാണ് സമരം. അതേസമയം, കേന്ദ്ര സർക്കാറാണ് ഓണറേറിയം വർധിപ്പിക്കേണ്ടതെന്ന നിലപാടിലാണ് സംസ്ഥാന സർക്കാർ. കേന്ദ്രത്തോട് ഇക്കാര്യം ആവശ്യപ്പെട്ടതായി ആരോഗ്യമന്ത്രി വ്യക്തമാക്കി. സമര കാര്യത്തിൽ സർക്കാറിന് കടുംപിടുത്തമില്ലെന്ന് മന്ത്രി വിശദീകരിക്കുമ്പോഴും പ്രശ്നപരിഹാരത്തിനുള്ള ഇടപെടലൊന്നും സർക്കാറിന്റെ ഭാഗത്ത് നിന്നുണ്ടായില്ല. മറിച്ച് സി.ഐ.ടി.യു നേതാക്കളടക്കം സമരത്തിനെതിരെ രൂക്ഷപരാമർശവുമായി രംഗത്തെത്തുകയാണ്.
പിന്തുണയുമായി ആർ.ജെ.ഡി
തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ ആശ വർക്കർമാരുടെ സമരത്തിനെതിരെ സി.ഐ.ടി.യു രംഗത്തെത്തിയതിനിടെ പ്രക്ഷോഭത്തിന് പിന്തുണയുമായി ഇടതുമുന്നണിയിലെ ഘടകകക്ഷിയായ ആർ.ജെ.ഡി. സമരം ഒത്തുതീർപ്പാക്കാൻ സർക്കാർ താൽപര്യമെടുക്കണമെന്ന് ആർ.ജെ.ഡി സെക്രട്ടറി ജനറൽ ഡോ.വർഗീസ് ജോർജ് വ്യക്തമാക്കി. സമരം ചെയ്യുന്നവരുമായി ചർച്ച ചെയ്യുന്നത് അഭിമാനപ്രശ്നമായി കാണാതെ മാനുഷിക സമീപനം സ്വീകരിക്കണം. ഒപ്പം കേന്ദ്ര സർക്കാർ ആശമാരുടെ ഇൻസെന്റീവ് ഇനത്തിൽ കൊടുത്ത് തീർക്കാനുള്ള കുടിശ്ശിക എത്രയുംവേഗം സംസ്ഥാന സർക്കാറിന് കൈമാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കോടതിയലക്ഷ്യ ഹരജി തിങ്കളാഴ്ച പരിഗണിക്കും
കൊച്ചി: റോഡ് തടസ്സപ്പെടുത്തി ആശ വർക്കർമാർ നടത്തുന്ന സെക്രേട്ടറിയറ്റ് ധർണ, എസ്.എഫ്.ഐയുടെ കേരള സർവകലാശാല മാർച്ച് തുടങ്ങിയവ സംബന്ധിച്ച കോടതിയലക്ഷ്യ ഹരജികൾ ഹൈകോടതി ഡിവിഷൻ ബെഞ്ച് തിങ്കളാഴ്ചത്തേക്ക് മാറ്റി. വഞ്ചിയൂരിൽ സി.പി.എം റോഡ് കൈയേറി നടത്തിയ ഏരിയ സമ്മേളനം, ജോയന്റ് കൗൺസിൽ സെക്രട്ടേറിയറ്റ് ധർണ, ബാലരാമപുരം ജ്വാല വനിത ജങ്ഷൻ പരിപാടി, കോൺഗ്രസിന്റെ കൊച്ചി കോർപറേഷൻ ധർണ തുടങ്ങിയവ സംബന്ധിച്ച കോടതിയലക്ഷ്യ ഹരജികൾ കോടതിയുടെ പരിഗണനയിലാണ്. ഇവയോടൊപ്പം പരിഗണിക്കാനാണ് മരട് സ്വദേശി എൻ. പ്രകാശ് സമർപ്പിച്ച ഈ ഹരജികൾ മാറ്റിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.