കൊച്ചിയിൽ 52കാരിയെ ഓട്ടോയിൽ കടത്തിക്കൊണ്ടുപോയി ബലാത്സംഗംചെയ്ത അസം സ്വദേശി പിടിയിൽ
text_fieldsകൊച്ചി: നഗരത്തിൽ 52 വയസ്സുകാരിയെ ഓട്ടോറിക്ഷയിൽ കടത്തിക്കൊണ്ടുപോയി ക്രൂര ബലാത്സംഗത്തിനിരയാക്കുകയും മർദിച്ചവശയാക്കി റെയിൽവേ ട്രാക്കിൽ തള്ളുകയും ചെയ്ത കേസിൽ പ്രതി പിടിയിൽ. അസം സ്വദേശി ഫിർദൗസ് അലിയെയാണ് കൊച്ചി സിറ്റി പൊലീസ് അറസ്റ്റ് ചെയ്തത്. പരിക്കുകളോടെ സ്ത്രീ കളമശ്ശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
ബുധനാഴ്ച വൈകീട്ട് 5.30ഓടെ പൊന്നുരുന്നി റെയിൽവേ ട്രാക്കിനരികിൽ വെച്ചാണ് സംഭവം. പൊലീസ് പറയുന്നതിങ്ങനെ: നോർത്ത് റെയിൽവേ സ്റ്റേഷൻ പരിസരത്തുവെച്ച് പരിചയപ്പെട്ട ഫിർദൗസ് 52കാരിക്ക് 500 രൂപ വാഗ്ദാനം ചെയ്ത് ഒപ്പംവിളിച്ച് ഓട്ടോയിൽ കയറ്റിക്കൊണ്ടുപോവുകയായിരുന്നു. സൗത്ത് റെയിൽവേ സ്റ്റേഷനിലേക്കാണ് കൊണ്ടുപോയത്. സൗത്തിൽ കമ്മട്ടിപ്പാടം ഭാഗത്ത് ഇറങ്ങി, റെയിൽവേ ട്രാക്കിനടുത്തേക്ക് നടന്നു.
പൊന്നുരുന്നി റെയിൽവേ ട്രാക്കിനടുത്ത് ആളൊഴിഞ്ഞ ഭാഗത്തുവെച്ചാണ് ബലാത്സംഗത്തിനിരയാക്കിയത്. തുടർന്ന് ഇവിടെ ഉപേക്ഷിച്ച് പ്രതി കടന്നുകളഞ്ഞു. ഇവർ പൊലീസിൽ പരാതി നൽകിയതിനെത്തുടർന്ന് സെൻട്രൽ എ.സി.പി ജയകുമാറിന്‍റെ നേതൃത്വത്തിൽ സി.സി ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് തിരച്ചിൽ നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താനായിരുന്നില്ല.
രണ്ടുദിവസമായി സ്വിച്ച്ഓഫ് ആയിരുന്ന ഇയാളുടെ നമ്പർ ശനിയാഴ്ച വീണ്ടും ആക്ടിവായതോടെയാണ് അന്വേഷണം ഊർജിതമാക്കിയത്. തുടർന്ന് കലൂർ ഭാഗത്തുനിന്ന് പിടികൂടുകയായിരുന്നു.
ലഹരിക്കേസിൽ നേരത്തേ അറസ്റ്റിലായ ഇയാൾ ഏതാനും മാസം മുമ്പാണ് ജാമ്യത്തിൽ പുറത്തിറങ്ങിയത്. റെയിൽവേ സ്റ്റേഷനടുത്ത് ജോലി ചെയ്തിരുന്ന സ്ത്രീ മറ്റെന്തെങ്കിലും ജോലി ലഭിക്കുമോയെന്ന അന്വേഷണത്തിലാണ് ഇവിടെയെത്തിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.