തെക്ക് 'കൈ' വിട്ട് വീണ് കോൺഗ്രസ്, കടപൂട്ടി ബി.ജെ.പി
text_fieldsകണ്ണൂർ പിണറായി കൺവെൻഷൻ സെൻററിലെ മീഡിയ സെൻററിൽനിന്ന് ടി.വിയിൽ തെരഞ്ഞെടുപ്പ് ഫലം കാണുന്ന മുഖ്യമന്ത്രി പിണറായി വിജയൻ
കൊല്ലം: രാഷ്ട്രീയ കളരിയുടെ തെക്കൻ ചിട്ടയിൽ കോൺഗ്രസ് കൈവിട്ട് വീണപ്പോൾ, കടപൂട്ടി ബി.ജെ.പി. വടക്കൻ കേരളത്തിൽ തിരിച്ചടിയുണ്ടായാൽ തെക്ക് കൊണ്ട് അതിനെ നികത്താമെന്നായിരുന്നു യു.ഡി.എഫിെൻറ കണക്കുകൂട്ടൽ. എന്നാൽ, കഴിഞ്ഞ തവണത്തേതിൽനിന്ന് ഒട്ടും മുന്നോട്ടുപോകാനാവാതെ പിന്നോട്ടുപോകലാണ് അവർക്ക് സംഭവിച്ചതെങ്കിൽ, ബി.ജെ.പിക്ക് ആകെയുണ്ടായിരുന്ന നേമം തിരി അണഞ്ഞും പോയി.
അവിടം പിടിച്ചെടുക്കാൻ ആനയും അമ്പാരിയുമായി കോൺഗ്രസ് കൊണ്ടുവന്ന ശക്തനായ കെ. മുരളീധരൻ അശക്തനായി മൂന്നാംസ്ഥാനത്തുമായി. തെക്കൻ കേരളത്തിൽ യു.ഡി.എഫിന് ആെകയുണ്ടായ ആശ്വാസം കൊല്ലമാണ്. പൂജ്യത്തിൽനിന്ന് രണ്ടിലേക്ക് എഴുന്നേറ്റ് നിൽക്കാൻ അവിടെയായി. രണ്ട് യുവനേതാക്കളാണ് ജയിച്ചത് എന്നതിനാൽ കോൺഗ്രസിെൻറയല്ല, സ്ഥാനാർഥി മികവാണ് ജയകാരണമെന്ന് വ്യക്തം.
സി.പി.എമ്മിെൻറയും സി.പി.െഎയുടെയും മുതിർന്ന നേതാക്കളായ മേഴ്സിക്കുട്ടിയമ്മയെയും ആർ. രാമചന്ദ്രനെയുമാണ് തോൽപിക്കാനായത് എന്നത് അവർക്ക് അഭിമാനിക്കാൻ വകയുണ്ടാക്കുന്നു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലായി ആകെയുള്ള 39 സീറ്റിൽ എൽ.ഡി.എഫിന് -35, യു.ഡി.എഫ് -04 എന്നിങ്ങനെയാണ് കക്ഷിനില. കഴിഞ്ഞതവണ എൽ.ഡി.എഫ് -33, യു.ഡി.എഫ് -05, ബി.ജെ.പി -01 എന്നിങ്ങനെയായിരുന്നു.
വിശ്വാസം, ആചാരം, സർക്കാറിനെതിരായ വിവാദങ്ങൾ എന്നിവ പ്രചാരണായുധമാക്കാനാണ് യു.ഡി.എഫ് ശ്രമിച്ചത്. എന്നാൽ അവയൊന്നും ഏശിയില്ല. അതിനുപുറമേ സാമുദായിക ശക്തികളുടെ ഇടപെടലും ഫലം കണ്ടില്ല. തദ്ദേശ തെരഞ്ഞെടുപ്പിൽ പാളിപ്പോയ അതേ തന്ത്രം ആവർത്തിച്ചത് തിരിച്ചടിക്കുകയായിരുന്നു. കഴക്കൂട്ടത്തെ കടകംപള്ളി സുരേന്ദ്രെൻറ വിജയം വിശ്വാസത്തെ വിശ്വസിച്ചതുകൊണ്ട് ഗുണമുണ്ടായില്ല എന്നതിെൻറ തെളിവുമായി. സർക്കാർ ജീവനക്കാരും സാധാരണ മനുഷ്യരും ഏറെയുള്ള ഇൗ മേഖലയിൽ അവർ അവരുടെ ജീവൽ പ്രശ്നങ്ങൾക്ക് പ്രാധാന്യം നൽകിയപ്പോൾ സർക്കാറിന് ഒരവസരം കൂടി നൽകി. സർക്കാർ ജീവനക്കാർക്ക് രണ്ട് ശമ്പള പരിഷ്കരണം നൽകിയ സർക്കാറാണിതെന്നതും അനുകൂല ഘടകമായി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.