ആതിര വധം: പ്രതി ചികിത്സയിൽ
text_fieldsകോട്ടയം: കഴക്കൂട്ടം കഠിനംകുളം ആതിര കൊലക്കേസിലെ പ്രതി ജോൺസൺ ഔസേഫ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പൊലീസ് നിരീക്ഷണത്തിൽ ചികിത്സയിൽ. കഴിഞ്ഞദിവസം ചിങ്ങവനം പൊലീസ് കസ്റ്റഡിയിലെടുത്ത ഇയാളുടെ വൈദ്യപരിശോധനയിൽ ശരീരത്തിൽ വിഷാംശം കണ്ടെത്തിയിരുന്നു. ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി വൃത്തങ്ങൾ വ്യക്തമാക്കി. രണ്ട് ദിവസമെങ്കിലും ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞശേഷമായിരിക്കും പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി തിരുവനന്തപുരത്തേക്ക് കൊണ്ടുപോകുക. ചിങ്ങവനം പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ കഠിനംകുളത്ത് നിന്നുള്ള അന്വേഷണസംഘത്തിന് കൈമാറിയിരുന്നു.
മാസങ്ങളായി ആതിരയുമായി തനിക്ക് പരിചയമുണ്ടായിരുന്നെന്നാണ് ജോൺസൺ നൽകിയ മൊഴി. ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട ആതിരയെ, അഞ്ചുവർഷം മുമ്പ് വിവാഹമോചിതനായ താൻ പലപ്പോഴും കൂടെ വരാൻ വിളിച്ചിരുന്നു. എന്നാൽ, കുട്ടിയെയും ഭർത്താവിനെയും വിട്ട് വരാൻ കൂട്ടാക്കിയില്ല. അതിലുള്ള വിരോധമാണ് കൊലയിൽ കലാശിച്ചതെന്നാണ് മൊഴി. ആതിരയിൽനിന്നും പലപ്പോഴായി പണം കൈപ്പറ്റിയിരുന്നെന്നും വ്യക്തമാക്കിയിട്ടുണ്ട്. കൃത്യം നടത്താനുറച്ച് തന്നെയാണ് പെരുമാതുറയിൽ എത്തി ലോഡ്ജിൽ മുറിയെടുത്തത്. കൊലപാതകം നടന്ന ദിവസം മുറിയിൽ നിന്ന് രാവിലെ 6.30ഓടെ ആതിര താമസിക്കുന്ന വീടിനുസമീപം എത്തുകയും ഇരുവരും ഫോണിൽ സംസാരിക്കുകയും ചെയ്തു. തുടർന്ന് വീട്ടിൽ പ്രവേശിച്ച ജോൺസന് ആതിര ചായ നൽകി. ഈ സമയം കൈയിൽ കരുതിയ കത്തി മുറിക്കുള്ളിലെ മെത്തക്കുള്ളിൽ സൂക്ഷിച്ചു. കിടപ്പുമുറിയിൽ വെച്ചാണ് കത്തിയെടുത്ത് ആതിരയുടെ കഴുത്തിൽ കുത്തി വലിച്ചത്.
പിന്നീട് ജോൺസൺ ഇട്ട ഷർട്ട് അവിടെ ഉപേക്ഷിച്ച് ആതിരയുടെ ഭർത്താവിന്റെ ഷർട്ട് ധരിച്ചു. ആതിരയുടെ സ്കൂട്ടറിലാണ് പ്രതി കടന്നത്. കഴിഞ്ഞദിവസം, താൻ മുമ്പ് ജോലി ചെയ്ത വീട്ടിലെത്തി വസ്ത്രങ്ങളുൾപ്പെടെ എടുത്ത് നാടുവിടാൻ ശ്രമിക്കുന്നതിനിടെയാണ് പൊലീസിന്റെ പിടിയിലായതെന്നും ജോൺസൺ മൊഴി നൽകി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.