ആലപ്പുഴയിൽ ബി.ജെ.പി വിട്ട് യു.ഡി.എഫ് സ്ഥാനാർഥിയായി ജയിച്ചയാൾക്ക് നേരെ ആക്രമണം
text_fieldsപരിക്കേറ്റ് ഹരിപ്പാട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച മുതുകുളം പഞ്ചായത്ത് നാലാംവാർഡിൽനിന്ന് വിജയിച്ച യു.ഡി.എഫ് സ്ഥാനാർഥി ജി.എസ്. ബൈജു
ഹരിപ്പാട്: ആലുപ്പുഴ മുതുകുളം പഞ്ചായത്തിൽ ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാർഥിക്കു നേരെ ഗുണ്ട ആക്രമണം. ബൈക്കുകളിൽ എത്തിയ സംഘം കമ്പിവടിയും ചുറ്റികയും ഉപയോഗിച്ച് നടത്തിയ ആക്രമണത്തിൽ, നാലാം വാർഡിൽനിന്ന് ജയിച്ച യു.ഡി.എഫ് സ്ഥാനാർഥി ജി.എസ്. ബൈജുവിനാണ് (47) പരിക്കേറ്റത്. തലക്കും വലതുകാലിനും ഇടതുകൈക്കും സാരമായി പരിക്കേറ്റ ഇദ്ദേഹത്തെ ഹരിപ്പാട്ടെ സ്വകാര്യആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാത്രി 8.45ന് കല്ലൂമൂടിന് കിഴക്ക് കളപ്പാട്ടു ഭാഗത്തുവെച്ച് ഒരുസംഘം ആക്രമിക്കുകയായിരുന്നു. വിജയാഹ്ലാദപ്രകടനത്തിനുശേഷം യു.ഡി.എഫ് പ്രവർത്തകരെ കാണാൻ സ്ഥലത്ത് എത്തിയതായിരുന്നു.
പാർട്ടിയുമായുള്ള അഭിപ്രായ വ്യത്യാസത്തിൽ ബി.ജെ.പി അംഗമായിരുന്ന ബൈജു രാജിവെച്ച ഒഴിവിലാണ് തെരഞ്ഞെടുപ്പ് നടന്നത്. ബി.ജെ.പി വിട്ട് കോൺഗ്രസിൽ ചേർന്നാണ് ഇക്കുറി മത്സരിച്ചത്. ബി.ജെ.പിയുടെ സിറ്റിങ് സീറ്റിൽ നടന്ന മത്സരത്തിൽ 103 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് ബൈജു വിജയിച്ചത്. 69 വോട്ട് നേടിയ ബി.ജെ.പിക്ക് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ആക്രമണത്തിന് പിന്നിൽ ബി.ജെ.പി പ്രവർത്തകരാണെന്ന് പറയപ്പെടുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.