അട്ടപ്പാടി ഭൂമി കൈയേറ്റം; നേരിൽ കാണാൻ റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിയെത്തി
text_fieldsഅട്ടപ്പാടി
അഗളി: ഭൂമികൈയേറ്റം സംബന്ധിച്ച പരാതികൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ലാൻഡ് റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി എം.ജി. രാജമാണിക്യം അട്ടപ്പാടിയിലെത്തി. മുൻ റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാളിന്റെ ഉത്തരവും അട്ടപ്പാടി ഭൂരേഖ തഹസിൽദാരുടെ ഉത്തരവും മറികടന്ന് മണ്ണാർക്കാട് മൂപ്പിൽ നായരുടെ അവകാശികൾ 575 ഏക്കർ വിൽപന നടത്തിയെന്നതുൾപ്പെടെയുള്ള പരാതികളിലെ വസ്തുത അന്വേഷിക്കാനാണ് പ്രിൻസിപ്പൽ സെക്രട്ടറിയെത്തിയത്. അഗളി സിവിൽ സ്റ്റേഷനിൽ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയശേഷം വട്ടലക്കി ഫാമിങ് സൊസൈറ്റിയിൽ ആദിവാസി നേതാക്കളുമായും പ്രവർത്തകരുമായും അദ്ദേഹം ചർച്ച നടത്തി.
മൂലഗംഗൽ, വെള്ളകുളം, വെച്ചപ്പതി എന്നിവിടങ്ങളിലെ കൈയേറ്റ ഭൂമി അദ്ദേഹം സന്ദർശിച്ചു. പരാതികൾ പരിഹരിക്കാനുള്ള നടപടികൾ ഉടനുണ്ടാകും. അട്ടപ്പാടിയിലെ ഭൂപ്രശ്നം സംബന്ധിച്ച വിശദറിപ്പോർട്ട് ഉടൻ കൈമാറും. റീസർവേ ഉടൻ പൂർത്തിയാക്കാനുള്ള നിർദേശങ്ങൾ നൽകും. എട്ടു മാസത്തിനകം പരാതികൾ തീർപ്പാക്കാനുള്ള ശ്രമം നടത്തും തുടങ്ങിയ കാര്യങ്ങളിലാണ് ലാൻഡ് റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ഉറപ്പുനൽകിയത്.
ലാൻഡ് റവന്യൂ ജോയൻറ് കമീഷണർ കെ. മീര, ഒറ്റപ്പാലം സബ് കലക്ടർ അഞ്ജിത് സിങ്, അസിസ്റ്റന്റ് കലക്ടർ രവി മീണ, സൈലന്റ് വാലി വൈൽഡ് ലൈഫ് വാർഡൻ അരുൾ സെൽവൻ, അട്ടപ്പാടി ട്രൈബൽ താലൂക്ക് തഹസിൽദാർ ഷാനവാസ് ഖാൻ, ഓൾ ഇന്ത്യ ക്രാന്തീകാരി കിസാൻസഭ സംസ്ഥാന പ്രസിഡന്റ് എം. സുകുമാരൻ, ടി.ആർ. ചന്ദ്രൻ, പി.വി. സുരേഷ് തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.