Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅട്ടപ്പാടി:...

അട്ടപ്പാടി: ഭൂമിതട്ടിപ്പിന് കൂട്ടുനിന്ന ഉദ്യോഗസ്ഥരെ ശിക്ഷിക്കണം

text_fields
bookmark_border
അട്ടപ്പാടി: ഭൂമിതട്ടിപ്പിന് കൂട്ടുനിന്ന ഉദ്യോഗസ്ഥരെ ശിക്ഷിക്കണം
cancel

പാലക്കാട്: അട്ടപ്പാടിയിലെ വ്യാപക ഭൂമി തട്ടിപ്പിനും ആദിവാസികളുടെ കുടിയിറക്കലിനും കൂട്ടുനിന്ന ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടി വേണമെന്ന് റവന്യൂ സെക്രട്ടറി എം.ജി. രാജമാണിക്യത്തിന്റെ റിപ്പോർട്ട്. വെച്ചപ്പതി, വെള്ളകുളം, മൂലഗംഗൽ ആദിവാസി ഊരുകൾ സന്ദർശിച്ച ശേഷം സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടിലാണ് ഈ ശിപാർശ.

രണ്ട് വർഷത്തിലധികം പ്രവർത്തിച്ച മുഴുവൻ ഉദ്യോഗസ്ഥരെയും സ്ഥലം മാറ്റണം. പുതൂർ വില്ലേജിൽ ഉടമസ്ഥത തെളിയിക്കാൻ പര്യാപ്തമായ രേഖകളില്ലാത്ത 378 ഏക്കർ ഭൂമിയുടെ നികുതി സ്വീകരിച്ച മുൻ വില്ലേജ് ഓഫിസർ, തഹസിൽദാർ എന്നിവരടക്കമുള്ള ഉദ്യോഗസ്ഥരുടെ വീഴ്ചയും പങ്കും കണ്ടെത്താനാകുന്ന തരത്തിൽ അന്വേഷണം നടത്തണം.

കൃത്യവിലോപം കാണിച്ച ഉദ്യോഗസ്ഥരെ ശിക്ഷിക്കണമെന്നും റിപ്പോർട്ട് ആവശ്യപ്പെടുന്നു. റിപ്പോർട്ട് പുറത്തുവിടുന്നത് സർക്കാർ പരിഗണനയിലാണെന്ന് പറഞ്ഞ് റവന്യൂവകുപ്പ് സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫിസർ വിവരാവകാശ അപേക്ഷ വിവരം ആദ്യം നിഷേധിച്ചെങ്കിലും പിന്നീട് അപ്പീൽ അപേക്ഷയെത്തുടർന്നാണ് ലഭ്യമായത്.

അട്ടപ്പാടി മേഖലയിലെ പട്ടിക വർഗക്കാർക്ക് പരമ്പരാഗതമായി കൈവശത്തിലുണ്ടായിരുന്നതും പതിച്ച് കിട്ടിയതുമായ ഭൂമി അന്യാധീനപ്പെട്ടെന്ന പരാതിയുടെ അടിസ്ഥാനത്തിൽ ആഗസ്റ്റ് 23നാണ് റവന്യൂ സെക്രട്ടറി രാജമാണിക്യം അട്ടപ്പാടിയിലെത്തിയത്. ദീർഘകാലമായി ചില ഉദ്യോഗസ്ഥർ അട്ടപ്പാടി മേഖലയിൽ പ്രവർത്തിക്കുന്നുണ്ട്. ഔദ്യോഗിക കൃത്യനിർവഹണത്തിന്റെ ഭാഗമായി പല അനഭിലഷണീയ പ്രവർത്തനങ്ങളും ഉദ്യോഗസ്ഥർ നടത്തുന്നത് അന്വേഷിക്കണം.

അനധികൃത കൈമാറ്റ രേഖകളിലൂടെ ലഭിക്കുന്ന ഭൂമിയിൽ തണ്ടപ്പേർ പിടിച്ച് കരം സ്വീകരിക്കുന്നത് വ്യാപകമാണ്. പരാതികൾ അന്വേഷിച്ച് നടപടിയെടുക്കണം. അട്ടപ്പാടിയിലെ സർക്കാർ, പൊതുഭൂമിയിലെ കൈയേറ്റങ്ങളും വനാവകാശ നിയമപ്രകാരം ആദിവാസികൾക്ക് അനുവദിച്ച ഭൂമിയിൽ പട്ടിക വർഗക്കാരല്ലാത്തവർ കൈവശം വെച്ച് വരുന്നുണ്ടോയെന്നുമുള്ള കാര്യങ്ങൾ അന്വേഷിക്കാൻ പട്ടിക വർഗ വികസന വകുപ്പ് ഡയറക്ടർ മിഥുൻ പ്രേംരാജിനെ ചുമതലപ്പെടുത്താമെന്നും റിപ്പോർട്ട് നിർദേശിക്കുന്നു.

വിവിധ കേസുകളിൽ ഭൂരേഖ തഹസിൽദാർ, തഹസിൽദാർ എന്നിവർക്കെതിരെ വ്യാപക പരാതികളായിരുന്നു ആദിവാസി പ്രതിനിധികൾ ഉന്നയിച്ചത്. വിവിധ കേസുകളിൽ ഉദ്യോഗസ്ഥർ ഭുമാഫിയക്കൊപ്പം നിന്ന് നിയമവിരുദ്ധമായി ആധാര രജിസ്ട്രേഷന് സാക്ഷ്യപത്രങ്ങൾ നൽകിയും, ചട്ടവിരുദ്ധമായി പട്ടയം നൽകുന്നതായും പരാതിപ്പെട്ടിരുന്നു. റിപ്പോർട്ട് സമർപ്പിക്കപ്പെട്ട് വൈകാതെ അട്ടപ്പാടി ട്രൈബൽ താലൂക്ക് തഹസിൽദാർ, ഭൂരേഖ തഹസിൽദാർ, വില്ലേജ് ഓഫിസർമാർ എന്നിവരെ സ്ഥലംമാറ്റിയിരുന്നു.

റിപ്പോർട്ടിലെ മറ്റ് കണ്ടെത്തലുകൾ

  • ആധികാരിക രേഖകളുടെ അഭാവമാണ് ഭൂപ്രശ്നങ്ങളുടെ പരിഹാരം കണ്ടെത്താൻ വിഘാതം.
  • 1920 ലെ സെറ്റിൽമെന്റ് രജിസ്റ്ററിന്റെ പകർപ്പ് റവന്യൂ ഓഫിസുകളിൽ ലഭ്യമല്ല. ലഭ്യമാക്കാൻ നടപടി വേണം.
  • 1960-65 ൽ നടത്തിയ അന്തിമമാക്കാത്ത റീ സർവേയുടെ ഭാഗമായി തയാറാക്കിയ എ ആൻഡ് ബി രജിസ്റ്റർ 1982 ല ഐ.ടി.ഡി.പി തയാറാക്കിയ ആദിവാസികൾ കൈവശം വെച്ച് വരുന്ന ഭൂമിയുടെ പട്ടിക എന്നിവ പോലുള്ള ആധികാരികമല്ലാത്ത രേഖകൾ മാത്രമാണ് ലഭ്യമായത്.
  • വനാവകാശ നിയമപ്രകാരം കൈവശാവകാശം നൽകിയ 982.43 ഏക്കർ വനം ഭൂമിയിൽ ഉൾപ്പെട്ട ഭൂമിക്ക് വനംവകുപ്പ് നൽകിയെന്ന് പറയുന്ന നിരാക്ഷേപ പത്രങ്ങളുടെ അടിസ്ഥാനത്തിൽ റവന്യൂ ഉദ്യോഗസ്ഥർ തണ്ടപ്പേർ അനുവദിച്ചും കരം സ്വീകരിച്ചും വരുന്നുണ്ടെന്ന പരാതി ഗൗരവതരമാണ്.
  • വനാവകാശ നിയമപ്രകാരം സാമൂഹിക അവകാശമുള്ള ഭൂമിയിൽപ്പെട്ടതടക്കം ചില സംഘടനകൾ അനധികൃതമായി കൈവശം വെച്ചെന്ന പരാതി അന്വേഷിക്കണം.
  • ഇതുവരെ മൂപ്പിൽ നായർക്കെതിരെ ഭൂപരിഷ്‍കരണ നിയമപ്രകാരമുള്ള സീലിങ് നടപടി തുടങ്ങിയില്ല.
  • വില്ലേജ് ഓഫിസർമാർ നൽകുന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് ആദിവാസികൾ കുടിയിറക്കപ്പെടുന്നതിന് കാരണമായ ടി.എൽ.എ (ട്രൈബൽ ലാൻഡ് അലൈനേഷൻ) ഉത്തരവുകൾ പുറപ്പെടുവിക്കുന്നത്.1961ലെ സർവേ സ്കെച്ചും എ.ആൻഡ്.ബി രജിസ്റ്ററും പരിശോധിച്ചാൽ ഭൂമിയുടെ യഥാർഥ വസ്തുത വെളിവാകും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Attappadiland issueAttapadi Land GrabbingKerala News
News Summary - Attappadi land grabbing case
Next Story