യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പ് ഒഴിവാക്കാൻ ശ്രമം
text_fieldsതിരുവനന്തപുരം: യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിൽ മത്സരം ഒഴിവാക്കി സമവായത്തിന് ശ്രമം. ദേശീയ നേതൃത്വവുമായി കൂടിക്കാഴ്ചക്കായി തിങ്കളാഴ്ച ഡൽഹിയിലെത്തുന്ന കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ഇക്കാര്യം നേതൃത്വത്തെ അറിയിക്കും. പത്രികകളുടെ സൂക്ഷ്മപരിശോധന പൂർത്തിയായപ്പോൾ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് 13 പേരാണ് മത്സരരംഗത്തുള്ളത്.
പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നവരുമായി സമവായത്തിലെത്താനായി ജൂൺ 28 മുതൽ ജൂലൈ 28 വരെ നടത്താൻ തീരുമാനിച്ച അംഗത്വവിതരണവും വോട്ടെടുപ്പും മാറ്റിവെക്കണമെന്ന് സംസ്ഥാന നേതൃത്വം ദേശീയ നേതൃത്വത്തോട് ആവശ്യപ്പെട്ടേക്കും. രാഹുൽ ഗാന്ധി, കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവർ എന്നിവരുമായി ഇവർ കൂടിക്കാഴ്ച നടത്തും. നേതാക്കൾ രണ്ടു ദിവസം ഡൽഹിയിൽ തങ്ങും.
എ ഗ്രൂപ്പിന്റെ ഔദ്യോഗിക സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലും ഐ ഗ്രൂപ് പ്രതിനിധി അബിൻ വർക്കിയും എ ഗ്രൂപ്പിന്റെ ഔദ്യോഗിക തീരുമാനത്തിനെതിരെ ഉമ്മൻ ചാണ്ടി അനുയായികളെന്നവകാശപ്പെട്ട് രംഗത്തെത്തിയ വിമത യുവനിര രംഗത്തിറക്കിയ മൂന്നുപേരും മൂന്ന് വനിതകളും മൂന്ന് പട്ടികവിഭാഗക്കാരും മത്സരരംഗത്തുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.