ഇരുതലമൂരിയെ വൻവിലയ്ക്ക് വിൽക്കാൻ ശ്രമം; ഏഴുപേർ അറസ്റ്റിൽ
text_fieldsഅറസ്റ്റിലായ പ്രശോഭ്, രാമു, ഈശ്വരൻ, നിസാമുദ്ദീൻ, മുഹമ്മദ് അഷ്റഫ്, ഹംസ, സുലൈമാൻകുഞ്ഞ്
പെരിന്തൽമണ്ണ: കോടികൾ വില ലഭിക്കുമെന്ന് വിശ്വസിപ്പിച്ച് വിൽപനക്കായെത്തിച്ച ഇരുതലമൂരിയുമായി ഏഴുപേരെ പെരിന്തൽമണ്ണയിൽ പൊലീസ് പിടികൂടി. പറവൂര്‍ വടക്കുംപുറം സ്വദേശി കള്ളംപറമ്പില്‍ പ്രശോഭ് (36), തമിഴ്നാട് തിരുപ്പൂര്‍ സ്വദേശികളായ രാമു (42), ഈശ്വരന്‍ (52), വയനാട് വേങ്ങപ്പള്ളി കൊമ്പന്‍ വീട്ടില്‍ നിസാമുദ്ദീൻ (40), പെരിന്തല്‍മണ്ണ തൂത സ്വദേശി കാട്ടുകണ്ടത്തില്‍ മുഹമ്മദ് അഷ്റഫ് (44), കണ്ണൂര്‍ തളിപ്പറമ്പ് പനക്കുന്നില്‍ ഹംസ (53), കൊല്ലം തേവലക്കര പാലക്കല്‍ വീട്ടില്‍ സുലൈമാന്‍കുഞ്ഞ് (50) എന്നിവരെയാണ് പെരിന്തല്‍മണ്ണ മാനത്തുമംഗലത്തിന് സമീപത്ത് പിടികൂടിയത്.
നാലര ലക്ഷം രൂപക്ക് തമിഴ്നാട് സ്വദേശികൾ മുഖേന രണ്ട് മലയാളികളാണ് ആന്ധ്രയിൽനിന്ന് ഇരുതലമൂരിയെ എത്തിച്ചത്. ആറുകോടി വരെ ലഭിക്കുമെന്ന് പറഞ്ഞ് ഏജൻറുമാർ വഴി ആവശ്യക്കാരെ കണ്ടെത്താനുള്ള ശ്രമത്തിനിടയിലാണ് ഏഴംഗ സംഘത്തെ അറസ്റ്റ് ചെയ്തത്. ബാഗിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ നാല് കിലോയോളം തൂക്കമുള്ളതായിരുന്നു ഇരുതലമൂരി പാമ്പ്.
പിടിയിലായ മുഹമ്മദ് അഷ്റഫ് വളാഞ്ചേരിയില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടറാണ്. പ്രശോഭ്, നിസാമുദ്ദീന്‍ എന്നിവരാണ് തമിഴ്നാട്ടിലെ രാമു, ഈശ്വരന്‍ എന്നിവര്‍ മുഖേന നാലര ലക്ഷം രൂപക്ക് ആന്ധ്രയില്‍നിന്ന് ഇരുതലമൂരിയെ കേരളത്തിലേക്ക് കൊണ്ടുവന്നത്. മറ്റുള്ള മൂന്ന് ഏജന്‍റുമാര്‍ മുഖേന വാങ്ങാനുള്ളയാളെ കണ്ടെത്താനുള്ള ശ്രമമായിരുന്നു ഇവർ. ആറ് കോടിയോളം വില പറഞ്ഞുറപ്പിച്ചിരുന്നെന്നും അതിനുശേഷമാണ് വില്‍പനക്കായി പെരിന്തല്‍മണ്ണയിലെത്തിച്ചതെന്നും പൊലീസ് പറയുന്നു. പ്രതികളെയും പാമ്പിനെയും തുടരന്വേഷണത്തിനായി കരുവാരകുണ്ട് വനംവകുപ്പ് അധികൃതര്‍ക്ക് കൈമാറി. പെരിന്തല്‍മണ്ണ ഡിവൈ.എസ്.പി എം. സന്തോഷ് കുമാര്‍, സി.ഐ പ്രേംജിത്ത് എന്നിവരുടെ നേതൃത്വത്തിൽ പെരിന്തല്‍മണ്ണ എസ്.ഐ ഷിജോ. സി. തങ്കച്ചന്‍, എ.എസ്.ഐ അബ്ദുസ്സലാം, സീനിയർ സി.പി.ഒ ബാലചന്ദ്രന്‍, മിഥുന്‍, സുരേഷ്, ഉല്ലാസ്, ജില്ല ആന്‍റി നര്‍കോട്ടിക് സ്ക്വാഡ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.