ഹൈകോടതി ചീഫ് ജസ്റ്റിസിന്‍റെ വാഹനം തടയാൻ ശ്രമിച്ച് ഭീഷണി; പ്രതി അറസ്റ്റിൽ
text_fieldsകൊച്ചി: കേരള ഹൈകോടതി ചീഫ് ജസ്റ്റിസ് എസ്. മണികുമാറിന്‍റെ വാഹനം പിന്തുടർന്ന് യുവാവിന്‍റെ ആക്രോശവും അസഭ്യവർഷവും ഭീഷണിയും. ഇടുക്കി ഉടുമ്പൻചോല ചെമ്മണ്ണാർ കിഴക്കേക്കുറ്റ് വീട്ടിൽ ടിജോ തോമസാണ് (35) ഞായറാഴ്ച രാത്രി ചീഫ് ജസ്റ്റിസിന്‍റെ വാഹനത്തെ കിലോമീറ്ററുകളോളം സ്കൂട്ടറിൽ പിന്തുടർന്ന് തടയാൻ ശ്രമിച്ചത്. ഇയാളെ തിങ്കളാഴ്ച പുലർച്ച കൊച്ചി വൈറ്റിലയിൽനിന്ന് മുളവുകാട് പൊലീസ് അറസ്റ്റ് ചെയ്തു. വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്.
പിടികൂടാൻ നോക്കിയ പൊലീസുകാരെ ഇടിച്ചു തെറിപ്പിക്കാൻ ശ്രമിച്ചാണ് പ്രതി കടന്നത്. ചെന്നൈയിൽനിന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ ചീഫ് ജസ്റ്റിസ് ഔദ്യോഗിക വസതിയിലേക്ക് മടങ്ങുമ്പോൾ രാത്രി 10.50ഓടെ എറണാകുളം ഗോശ്രീ ഒന്നാംപാലത്തിന് സമീപമായിരുന്നു പ്രതിയുടെ പരാക്രമം. പൈലറ്റ് ഡ്യൂട്ടിയുള്ള റിസര്‍വ് സബ് ഇന്‍സ്‌പെക്ടര്‍ ആന്റണി പെരേരയാണ് പൊലീസില്‍ വിവരം നല്‍കിയത്. ചീഫ് ജസ്റ്റിസിന്‍റെ വാഹനം വല്ലാർപാടം കണ്ടെയ്നർ റോഡിലെ മൂലമ്പള്ളി ഭാഗത്ത് എത്തിയത് മുതലാണ് സ്കൂട്ടറിൽ പിന്തുടർന്നത്.
തുടർന്ന് 'വാഹനം നിർത്തെടാ, ഇത് തമിഴ്‌നാടല്ല, കേരളമാണ്' എന്ന് ആക്രോശിച്ചു. ഈസമയം ചീഫ് ജസ്റ്റിസിന്‍റെ വാഹനത്തിൽനിന്നും പൈലറ്റ് വാഹനത്തിൽനിന്നും വിവരം പൊലീസിനെ അറിയിച്ചു. ദർബാർ ഹാളിന് സമീപത്തെ കെ.ടി. കോശി അവന്യൂവിലുള്ള ചീഫ് ജസ്റ്റിസിന്റെ വസതിയിൽ എത്തുംവരെ പ്രതി ഒപ്പമുണ്ടായിരുന്നു. കാർ വീട്ടിലേക്ക് പ്രവേശിച്ചതോടെ പൈലറ്റ് വാഹനത്തിലുണ്ടായിരുന്ന പൊലീസുകാർ ചാടിയിറങ്ങി ടിജോ തോമസിനെ പിടികൂടാൻ ശ്രമിച്ചു. എന്നാൽ, അവരെ ഇടിച്ചുതെറിപ്പിക്കാൻ ശ്രമിച്ച് കടന്നു. ഇയാൾ മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ടിജോക്കെതിരെ ഉടുമ്പൻചോല പൊലീസ് സ്‌റ്റേഷനിൽ ഉൾപ്പെടെ ആറ് കേസുണ്ട്. എറണാകുളത്ത് കണ്ടെയ്നർ ഡ്രൈവറാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.