കേരളത്തിൽ 104 പാകിസ്താനികൾ; താൽക്കാലിക വിസയുള്ളവർ ചൊവ്വാഴ്ചക്കകം മടങ്ങണമെന്ന് നിർദേശം
text_fieldsതിരുവനന്തപുരം: താൽക്കാലിക വിസയെടുത്ത് സംസ്ഥാനത്ത് കഴിയുന്ന പാകിസ്താൻ പൗരർ ചൊവ്വാഴ്ചക്കകം തിരികെ മടങ്ങണമെന്ന് കേരളം നിർദേശം നൽകി. ചികിത്സക്ക് വന്നവരടക്കം 104 പാകിസ്താനികളാണ് സംസ്ഥാനത്തുള്ളത്. കേരളീയരെ വിവാഹം കഴിച്ച് കഴിയുന്ന, ദീർഘകാല വിസയുള്ള 45 പാകിസ്താനികൾക്ക് രാജ്യം വിടേണ്ടിവരില്ല. ശേഷിക്കുന്നവർ രാജ്യംവിടണം. 55 പേർ വിസിറ്റിങ് വിസയിലും മൂന്ന് പേർ ചികിത്സക്കും എത്തിയതാണ്. അനധികൃതമായി രാജ്യത്തെത്തിയ ഒരാൾ ജയിലിലാണ്.
പഹൽഗാം ആക്രമണത്തിനു പിന്നാലെ പാകിസ്താൻ പൗരരെ തിരിച്ചയക്കണമെന്ന് കേന്ദ്രം സംസ്ഥാന മുഖ്യമന്ത്രിമാരോട് നിർദേശിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്തിന്‍റെ തീരുമാനം. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പാക് പൗരരുള്ളത് കണ്ണൂര്‍ ജില്ലയിലാണ്. 71 പേരാണ് കണ്ണൂരിലുള്ളതെന്നാണ് വിവരം. ദീർഘകാല വിസയുള്ളവർ കണ്ണൂരിന് പുറമെ മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് കൂടുതലുള്ളത്.
48 മണിക്കൂറിനുള്ളിൽ പാകിസ്താൻ പൗരർ ഇന്ത്യ വിടണമെന്നാണ് വിദേശകാര്യ മന്ത്രാലയം കഴിഞ്ഞദിവസം മുന്നറിയിപ്പ് നൽകിയത്. വിനോദസഞ്ചാരത്തിന് ഉൾപ്പടെ എത്തിയവർ ഞായറാഴ്ചക്കകവും ചികിത്സക്ക് എത്തിയവർ ചൊവ്വാഴ്ചക്കകവും മടങ്ങണം. കേരളത്തിൽനിന്ന് ഏതാനുംപേർ കഴിഞ്ഞ ദിവസം മടങ്ങി. ആഭ്യന്തര മന്ത്രാലയത്തിന്‍റെ നിർദേശത്തിനു പിന്നാലെ അട്ടാരി - വാഗാ അതിർത്തിയിൽ പാക് പൗരരുടെ തിരക്കേറി.
ഇരു രാജ്യങ്ങളും നിലപാട് കടുപ്പിച്ചതോടെ പ്രതിസന്ധിയിലായെന്നാണ് ജനങ്ങൾ പറയുന്നത്. അതിർത്തി അടക്കുന്നത് ഇന്ത്യയിലെയും പാകിസ്താനിലെയും സാധാരണക്കാരെ ഒരുപോലെയാണ് ബാധിക്കുന്നത്. പഹൽഗാം ആക്രമണത്തിന് പിന്നാലെ പാകിസ്താൻ മന്ത്രിമാർ ഇന്ത്യാവിരുദ്ധ പ്രസ്താവനകളുമായി രംഗത്തു വന്നതോടുകൂടിയാണ് ഇന്ത്യ നിലപാട് കടുപ്പിച്ചത്. നയതന്ത്രബന്ധത്തിൽ വിള്ളൽവീണതോടെ സിന്ധുനദീജല കരാർ ഇന്ത്യ മരവിപ്പിക്കുകയും ചെയ്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.