കരിപ്പൂരിന് അവഗണന, കണ്ണൂരിന് സഹായം: രാഷ്ട്രീയ ആയുധമാക്കാൻ യു.ഡി.എഫ്
text_fieldsമലപ്പുറം: കോഴിക്കോട് വിമാനത്താവളത്തോട് സംസ്ഥാന സർക്കാർ അവഗണനെയന്ന് ആക്ഷേപം. വരാനിരിക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ വിഷയം രാഷ്ട്രീയ ആയുധമാക്കാൻ ഒരുങ്ങി യു.ഡി.എഫ്. പൊതു-സ്വകാര്യ പങ്കാളിത്തത്തിൽ പുതുതായി പ്രവർത്തനം തുടങ്ങിയ കണ്ണൂർ വിമാനത്താവളത്തിന് വേണ്ടി കരിപ്പൂരിനെ അവഗണിക്കുകയാണെന്നാണ് ആക്ഷേപം. ഇതിെൻറ ആദ്യഘട്ടമായി കരിപ്പൂരിൽ ഫെബ്രുവരി ഒമ്പതിന് സമരം നടത്താൻ നിശ്ചയിച്ചിട്ടുണ്ട്.
സമരത്തിന് മുന്നോടിയായി കോഴിക്കോട്, മലപ്പുറം ജില്ലകളിലെ ജനപ്രതിനിധികളുടെ യോഗവും യു.ഡി.എഫ് വിളിച്ചിരുന്നു. കരിപ്പൂരിലെ പുതിയ അന്താരാഷ്്ട്ര ആഗമന ടെർമിനൽ ഉദ്ഘാടനം പത്തിന് നടക്കുന്നതിന് മുമ്പാണ് യു.ഡി.എഫിെൻറ സമരം. രാഷ്ട്രീയ പാർട്ടികൾക്ക് പുറമെ വിഷയവുമായി സഹകരിക്കുന്നവരും ഇതിൽ പങ്കാളിയാകും. പ്രളയ പുനർനിർമാണത്തിന് പണമില്ലാതെ വലയുന്ന സംസ്ഥാന സർക്കാർ കണ്ണൂരിന് വേണ്ടി അടുത്ത പത്ത് വർഷത്തേക്ക് 27 ശതമാനം ഇന്ധന നികുതിയിളവാണ് നൽകിയത്.
ആഭ്യന്തര സർവിസുകൾക്ക് നികുതിയിളവ് നൽകിയതോടെ കരിപ്പൂരിൽനിന്ന് തിരക്കേറിയ മൂന്ന് ആഭ്യന്തര സർവിസുകളാണ് ഒറ്റയടിക്ക് നഷ്ടമായത്. ഇവ കണ്ണൂരിലേക്കാണ് മാറ്റുന്നത്. ഇതോടെ സംസ്ഥാനത്ത് പൊതുമേഖലയിൽ പ്രവർത്തിക്കുന്ന കരിപ്പൂരിന് പ്രതിദിനം ഒന്നര ലക്ഷത്തോളം രൂപയാണ് നഷ്ടം. കരിപ്പൂരിൽനിന്ന് കണ്ണൂരിലേക്ക് 52 നോട്ടിക്കൽ മൈൽ മാത്രമാണ് സഞ്ചരിക്കാനുള്ളത്. ഇത്രയും കുറഞ്ഞ വ്യോമപരിധിയിൽ കണ്ണൂരിന് മാത്രം ഇളവ് നൽകിയത് കരിപ്പൂരിന് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ.
കൂടാതെ, പുതിയ ടെർമിനൽ പ്രവർത്തനം ആരംഭിക്കുന്നതോടെ സ്ഥലപരിമിതിയിൽ വീർപ്പുമുട്ടുന്ന കരിപ്പൂരിന് കാർ പാർക്കിങ്ങിനായി 15.25 ഏക്കർ ഏറ്റെടുക്കുന്ന നടപടികളും സർക്കാർ നടത്തുന്നില്ല.
തെരഞ്ഞെടുപ്പ് അടുത്തേതാടെ വിഷയം സജീവമായി നിലനിർത്തി ജനങ്ങൾക്കിടയിൽ ചർച്ചയാക്കാനാണ് യു.ഡി.എഫ് ശ്രമം. മലപ്പുറം, പൊന്നാനി, കോഴിക്കോട്, വയനാട് മണ്ഡലത്തിൽ കരിപ്പൂർ പ്രധാന ചർച്ചാവിഷയമായിരിക്കും. കൂടാതെ, വടകര, ആലത്തൂർ, പാലക്കാട്, തൃശൂർ തുടങ്ങിയ മണ്ഡലങ്ങളിലും വിഷയം സജീവമായി നിലനിർത്തും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.