മികച്ച ഡോക്ടര്‍മാര്‍ക്കുള്ള സംസ്ഥാന അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു
text_fieldsതിരുവനന്തപുരം: മോഡേണ്‍ മെഡിസിനിൽ 2017ലെ മികച്ച സേവനം കാഴ്ചവച്ച ഡോക്ടര്‍മാര്‍ക്കുള്ള സംസ്ഥാന അവാര്‍ഡുകള്‍ ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പ്രഖ്യാപിച്ചു.
മെഡിക്കല്‍ വിദ്യാഭ്യാസ മേഖലയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. വി.ആര്‍. രാജേന്ദ്രന്‍, ഹെല്‍ത്ത് സര്‍വീസ് വിഭാഗത്തില്‍ ആലപ്പുഴ സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രി സൂപ്രണ്ട് ഡോ. മുരളീധരന്‍ പിള്ള സി., ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസ് സെക്ടറില്‍ കരമന ഇ.എസ്.ഐ. ഡിസ്‌പെന്‍സറിയിലെ ഡോ. എസ്. രാധാകൃഷ്ണന്‍, ആര്‍.സി.സി., ശ്രീചിത്ര തുടങ്ങിയ സ്വയംഭരണ മേഖലയില്‍ തിരുവനന്തപുരം ആര്‍.സി.സി.യിലെ ഡോ. ചന്ദ്രമോഹന്‍ കെ., ദന്തല്‍ മേഖലയില്‍ തിരുവനന്തപുരം ദന്തല്‍ കോളേജിലെ ഓര്‍ത്തോഡോണ്ടിക്‌സ് പ്രൊഫസറും മേധാവിയുമായ ഡോ. കോശി ഫിലിപ്പ്, സ്വകാര്യമേഖലയില്‍ കോഴിക്കോട് ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലിലെ ഡോ. ഷാജി തോമസ് ജോണ്‍ എന്നിവരെ മികച്ച ഡോക്ടര്‍മാരായി തെരഞ്ഞെടുത്തു.
കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയിലെ ഡോ. എ.എസ്. അനൂപ് കുമാറിന് സ്‌പെഷ്യല്‍ അവാര്‍ഡ് നല്‍കാനും തീരുമാനിച്ചു.
ഡോക്‌ടേഴ്‌സ് ദിനമായ ജൂലൈ ഒന്നിന് കോഴിക്കോട് നളന്ദ ആഡിറ്റോറിയത്തില്‍ വച്ച് രാവിലെ 10 മണിക്ക് നടക്കുന്ന 'നിപ നിയന്ത്രണം ത്യാഗോജ്ജ്വല സേവനത്തിന് ആദരവും ഡോക്‌ടേഴ്‌സ് ദിനാചരണവും' ചടങ്ങില്‍ ആരോഗ്യ വകുപ്പ് മന്ത്രി പുരസ്‌കാരങ്ങള്‍ സമ്മാനിക്കും.
ആതുര സേവനരംഗത്ത് നിസ്വാര്‍ത്ഥ സേവനം നല്‍കുന്ന ഡോക്ടര്‍മാരെ ആദരിക്കുകയും സമൂഹത്തില്‍ ഇത്തരത്തിലുള്ളവരുടെ ആവശ്യകതയും പ്രസക്തിയും ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്നതിനാണ് എല്ലാ വര്‍ഷവും ജൂലൈ ഒന്നിന് ഡോക്ടേഴ്‌സ് ദിനം ആചരിക്കുന്നത്. ഇന്ത്യയില്‍ വൈദ്യശാസ്ത്ര രംഗത്ത് മികച്ച സേവനങ്ങള്‍ നല്‍കി ചരിത്രം കുറിച്ച ഡോക്ടര്‍ ബി.സി. റോയിയുടെ ജന്മദിനമായ ജൂലൈ ഒന്നാണ് ഡോക്ടേഴ്‌സ് ദിനമായി ആചരിക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.