വീണ്ടും പിൻവാതിൽ നിയമനനീക്കം; ഡയറ്റ് ലെക്ചറർ: ഡെപ്യൂട്ടേഷനിലെത്തിയവരെ സ്ഥിരപ്പെടുത്താൻ നീക്കം
text_fieldsതിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലെ ജില്ല വിദ്യാഭ്യാസ പരിശീലന കേന്ദ്രങ്ങളിൽ (ഡയറ്റ്) ഡെപ്യൂട്ടേഷനിലെത്തിയ 89 സി.പി.എം ബന്ധുക്കളെയും ഭരണാനുകൂല അധ്യാപക സംഘടനാ നേതാക്കളെയും ലെക്ചറർ തസ്തികയിൽ സ്ഥിരപ്പെടുത്താനുള്ള നീക്കം പുറത്തായി. ഡെപ്യൂട്ടേഷനിൽ ജോലി ചെയ്യുന്നവരെ സ്ഥിരപ്പെടുത്താനുള്ള സാധ്യത വ്യക്തമാക്കി റിപ്പോർട്ട് നൽകാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിക്കുവേണ്ടി അണ്ടർ സെക്രട്ടറി നൽകിയ കത്താണ് പുറത്തുവന്നത്.
ഡയറ്റുകളിലെ 89 അധ്യാപക തസ്തികകളിലെ നിയമനം പി.എസ്.സിക്ക് വിടുന്നത് കേരള അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണൽ (കെ.എ.ടി) സ്റ്റേ ചെയ്തിട്ടുണ്ടെന്നും എത്രപേർ ഡെപ്യൂട്ടേഷനിൽ ജോലി ചെയ്യുന്നുണ്ടെന്ന് റിപ്പോർട്ട് ചെയ്യാനും ഡയറക്ടർക്കുള്ള കത്തിൽ നിർദേശമുണ്ട്. 89 തസ്തിക മാറ്റിനിർത്തിയാൽ എത്ര തസ്തിക പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യാൻ കഴിയുമെന്നും ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതിന് നിയമതടസ്സമുണ്ടോ എന്ന വിവരങ്ങളും തേടിയിട്ടുണ്ട്.
ഡയറ്റുകളിൽ ഒഴിഞ്ഞുകിടക്കുന്ന അധ്യാപക തസ്തികകളിൽ സ്ഥിരം നിയമനത്തിനായി അപാകതകൾ തിരുത്തിയ സ്പെഷൽ റൂൾസ് 2021 ഫെബ്രുവരി 26 ഗസറ്റ് വിജ്ഞാപനമായി പ്രസിദ്ധീകരിച്ചിരുന്നു. 11 മാസമാകുമ്പോഴും സ്പെഷൽ റൂൾസ് വിദ്യാഭ്യാസ വകുപ്പിൽനിന്ന് പി.എസ്.സിക്ക് അയച്ചില്ല . 2018ൽ ഒരു വർഷത്തേക്ക് വിവിധ സ്കൂളുകളിൽ നിന്ന് ഡെപ്യൂട്ടേഷനിലെത്തിയവരെ സ്ഥിരപ്പെടുത്താനാണ് വിജ്ഞാപനം പി.എസ്.സിക്ക് അയച്ചുകൊടുക്കാത്തതെന്ന് ആരോപണമുയർന്നിരുന്നു.
ഡെപ്യൂട്ടേഷൻ കാലാവധി കഴിഞ്ഞ ഇവർക്ക് പരിധി നിശ്ചയിക്കാതെ നിയമന സമയം നീട്ടിനൽകുകയും ചെയ്തിരുന്നു. പി.എസ്.സി നിയമനം തടയാൻ കാരണം ഡെപ്യൂട്ടേഷനിലെത്തിയവരെ സ്ഥിരപ്പെടുത്താനുള്ള നീക്കമാണെന്ന ആരോപണം ശരിവെക്കുന്നതാണ് ഡയറക്ടർക്ക് പൊതുവിദ്യാഭ്യാസ വകുപ്പിൽ നിന്നയച്ച കത്ത്. ഡെപ്യൂട്ടേഷനിലെത്തിയവർ തങ്ങളെ സ്ഥിരപ്പെടുത്തണമെന്നാവശ്യപ്പെട്ട് നേരത്തേ സർക്കാറിന് കത്ത് നൽകിയിരുന്നു. ഇവർ നൽകിയ ഹരജിയിൽ 89 തസ്തികയിലെ നിയമനം പി.എസ്.സിക്ക് വിടുന്നത് കെ.എ.ടി സ്റ്റേ ചെയ്തിരുന്നു. ഇത് ആയുധമാക്കിയാണ് ഡെപ്യൂട്ടേഷനിലെത്തിയവർക്കുവേണ്ടി വിദ്യാഭ്യാസ വകുപ്പ് മുൻകൈയെടുത്തുള്ള സ്ഥിരപ്പെടുത്തൽ നീക്കം. ഭരണാനുകൂല അധ്യാപക സംഘടനയുടെ സംസ്ഥാന കമ്മിറ്റി അംഗങ്ങൾ, ജില്ല, ഉപജില്ല കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെയുള്ളവരാണ് ഡെപ്യൂട്ടേഷനിലെത്തി സ്ഥിരപ്പെടുത്തൽ കാത്തിരിക്കുന്നത്. പാർട്ടി ബന്ധുക്കളും ഇതിൽ ഉൾപ്പെടുന്നു. പി.എസ്.സി വഴി നിയമനം നടത്തേണ്ട തസ്തികയിലേക്കാണ് പാർട്ടി നിയമന മേള നടത്താൻ വിദ്യാഭ്യാസ വകുപ്പ് കരുക്കൾ നീക്കുന്നത്. പിഎച്ച്.ഡിയും എം.ഫിലും ഉൾപ്പെടെയുള്ള ഒട്ടേറെ ഉദ്യോഗാർഥികൾ ഡയറ്റുകളിലെ ലെക്ചറർ നിയമന വിജ്ഞാപനം കാത്തിരിക്കുമ്പോഴാണ് ഡെപ്യൂട്ടേഷനിലെത്തിയവരെ പിൻവാതിലിലൂടെ സ്ഥിരപ്പെടുത്താൻ നീക്കം നടത്തുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.