കേന്ദ്ര പദ്ധതിയിലില്ലാത്ത സ്കോളർഷിപ്പുകൾ മുന്നാക്കക്കാർക്കും നൽകുന്നുണ്ട് –സർക്കാർ
text_fieldsകൊച്ചി: കേന്ദ്രപദ്ധതിയിൽ ഇല്ലാതിരുന്നിട്ടും ക്രൈസ്തവരടക്കം മുന്നാക്ക വിഭാഗക്കാർക്കായി മുസ്ലിം വിദ്യാർഥികൾക്കെന്നപോലെ സ്കോളർഷിപ് പദ്ധതികൾ നടപ്പാക്കുന്നുണ്ടെന്ന് സർക്കാർ ഹൈകോടതിയിൽ. മുന്നാക്കവിഭാഗ വികസന കോർപറേഷൻ വഴി 13 വിദ്യാസമുന്നതി സ്കോളർഷിപ്പ് നൽകുന്നുണ്ട്. മുന്നാക്കവിഭാഗക്കാർക്കായി ഏകദേശം 9.34 കോടി വർഷംതോറും മറ്റ് സ്കോളർഷിപ്പുകൾക്കായി ചെലവഴിക്കുന്നു.
മുന്നാക്കവിഭാഗം വിദ്യാർഥികൾക്ക് മത്സരപ്പരീക്ഷകളിലെ കോച്ചിങ്ങിനും പണം ചെലവഴിക്കുന്നുണ്ടെന്നും പൊതുഭരണ (ന്യൂനപക്ഷ ക്ഷേമം) ഡെപ്യൂട്ടി സെക്രട്ടറി എം.എം. മുഹമ്മദ് ഹനീഫ സമർപ്പിച്ച വിശദീകരണ പത്രികയിൽ പറയുന്നു. ന്യൂനപക്ഷ ക്ഷേമ പദ്ധതികളിൽ മുസ്ലിം, ക്രിസ്ത്യൻ വിഭാഗങ്ങൾക്ക് 80:20 എന്ന അനുപാതം സ്വീകരിക്കുന്നതിനെതിരെ പാലക്കാട് സ്വദേശി ജസ്റ്റിൻ പള്ളിവാതുക്കൽ നൽകിയ ഹരജിയിലാണ് വിശദീകരണം.
രജീന്ദർ സച്ചാർ, പാലോളി മുഹമ്മദ്കുട്ടി, ജസ്റ്റിസ് നരേന്ദ്രൻ കമീഷൻ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് ന്യൂനപക്ഷ ക്ഷേമ ആനുകൂല്യങ്ങളിൽ തീരുമാനങ്ങളുണ്ടായത്. മുസ്ലിംകൾ മറ്റ് സമുദായങ്ങെളക്കാൾ ഏറെ പിന്നാക്കാവസ്ഥയിലാണെന്നാണ് ഈ കമീഷനുകളുടെ റിപ്പോർട്ട്. സാമൂഹിക-സാമ്പത്തിക -വിദ്യാഭ്യാസ മേഖലകളിൽ മുസ്ലിംകളും ക്രിസ്ത്യാനികളും തമ്മിെല അന്തരം വലുതാണ്.
കോളജ് വിദ്യാഭ്യാസ കാര്യത്തിൽ പട്ടികവിഭാഗങ്ങെളക്കാൾ പിന്നാക്കാവസ്ഥയിലാണ് മുസ്ലിംകൾ എന്നാണ് പഠനറിപ്പോർട്ട് - 8.1 ശതമാനം. മുന്നാക്ക ഹിന്ദുവിഭാഗം -28.1, ക്രൈസ്തവർ -20.5, പിന്നാക്ക ഹിന്ദു വിഭാഗം -16.7, പട്ടികവർഗം -11.8, പട്ടികജാതി -10.3 എന്നിങ്ങനെയാണ് മറ്റ് കണക്ക്. 55.2 ശതമാനമാണ് മുസ്ലിംകൾക്കിടയിലെ തൊഴിലില്ലായ്മ. ക്രൈസ്തവരിൽ ഇത് 31.9ഉം പിന്നാക്ക ഹിന്ദുവിഭാഗങ്ങൾക്കിടയിൽ 40.2ഉം ആണ്. മറ്റ് പിന്നാക്കവിഭാഗത്തിലാണ് മുസ്ലിംകളാകെ വരുന്നത്. എന്നാൽ, ക്രൈസ്തവരിൽ റോമൻ കാത്തലിക് അടക്കം വിഭാഗങ്ങൾ പിന്നാക്കക്കാരിൽപെടില്ല.
മുസ്ലിംകളുടെ വിദ്യാഭ്യാസ ഉന്നമനത്തിന് സച്ചാർ കമ്മിറ്റി നിർദേശം വെച്ചിരുന്നു. പാലോളി കമ്മിറ്റി റിപ്പോർട്ടുകൂടി പരിഗണിച്ചാണ് പ്രത്യേക സ്കോളർഷിപ് പദ്ധതികൾ ഏർപ്പെടുത്തിയത്. സച്ചാർ കമ്മിറ്റി മുസ്ലിം അവസ്ഥ പഠിക്കാൻ നിയമിച്ചതാണെങ്കിലും സർക്കാർ പദ്ധതികളും പാക്കേജുകളും അവർക്ക് മാത്രമായല്ല, ലാറ്റിൻ ക്രിസ്ത്യൻ, പരിവർത്തിത ക്രിസ്ത്യൻ, പട്ടികവിഭാഗത്തിനും നടപ്പാക്കിയിട്ടുണ്ട്. പരിഗണന ആവശ്യമുള്ളവരെ ഇനിയും ഉൾപ്പെടുത്തും. മുസ്ലിംകളിലെ ബിരുദ, പി.ജി, പ്രഫഷനൽ കോഴ്സ് വിദ്യാർഥിനികൾക്കായി 5000 സ്കോളർഷിപ്പുകൾ ഏർപ്പെടുത്തിയതിൽ 20 ശതമാനം പിന്നീട് ലത്തീൻ, പരിവർത്തിത ക്രിസ്ത്യൻ വിഭാഗങ്ങളിലെ പെൺകുട്ടികൾക്കായി നീക്കിെവച്ചു.
80:20 എന്ന അനുപാതത്തിൽ ന്യൂനപക്ഷ ആനുകൂല്യങ്ങൾ നൽകുന്നത് ഏകദേശ ജനസംഖ്യ അടിസ്ഥാനത്തിലാണ്. ഇത് നിയമലംഘനമോ സ്വേച്ഛാപരമോ അല്ല. തുല്യതയടക്കം ഒരു ഭരണഘടനാ അവകാശെത്തയും ഹനിക്കുന്നുമില്ല. അനർഹരെ ഒഴിവാക്കി മറ്റ് വിഭാഗക്കാരിലെ അർഹരെ ഉൾപ്പെടുത്താൻ തയാറാണ്. ക്രിസ്ത്യൻ ന്യൂനപക്ഷ വിഭാഗങ്ങളുടെ പിന്നാക്കാവസ്ഥ പഠിക്കാൻ ജസ്റ്റിസ് ജെ.ബി. കോശി അധ്യക്ഷനായി സമിതി രൂപവത്കരിച്ചിട്ടുണ്ടെന്നും റിപ്പോർട്ട് കിട്ടിയാൽ ഉചിതനടപടി സ്വീകരിക്കുമെന്നും വിശദീകരണത്തിൽ പറയുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.