177 പ്രവാസികളുമായി ബഹ്റൈനിൽനിന്നുള്ള വിമാനം കൊച്ചിയിൽ ഇറങ്ങി
text_fieldsകൊച്ചി: ബഹ്റൈനിൽനിന്ന് പ്രവാസികളുമായെത്തിയ എയർ ഇന്ത്യ വിമാനം നെടുമ്പാശേരി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലിറങ്ങി. 177 മുതിർന്നവരും അഞ്ച് കൈക്കുഞ്ഞുങ്ങളുമാണ് വിമാനത്തിലെ യാത്രക്കാർ. ഗൾഫിൽനിന്നും കേരളത്തിലേക്ക് വെള്ളിയാഴ്ച എത്തിയ രണ്ടാമത്തെ വിമാനമാണ് ഇത്. 152 യാത്രക്കാരുമായുള്ള റിയാദ്-കോഴിക്കോട് വിമാനം രാത്രി എട്ടോടെ കരിപ്പൂരിൽ ഇറങ്ങിയിരുന്നു.
ബഹ്റൈൻ സമയം വൈകീട്ട് 4.52നാണ് വിമാനം പുറപ്പെട്ടത്. രാത്രി 11.34 നാണ് കൊച്ചിയിലെത്തിയത്. ഗർഭിണികളും ജോലി നഷ്ടപ്പെട്ടവരും സന്ദർശക വിസയിൽ എത്തിയവരുമൊക്കെ യാത്രക്കാരിലുണ്ട്.

ബഹ്റൈൻ ഇൻറർനാഷണൽ എയർപോർട്ടിൽ സാമൂഹിക അകലം പാലിച്ചാണ് എമിഗ്രേഷൻ ഉൾപ്പെടെ നടപടികൾ പൂർത്തിയാക്കിയത്. തെർമൽ സ്ക്രീനിങ് നടത്തിയാണ് യാത്രക്കാരെ വിമാനത്തിൽ പ്രവേശിപ്പിച്ചത്.
നെടുമ്പാശേരിയിലെ പരിശോധനകൾക്ക് ശേഷം യാത്രക്കാരെ മുൻകൂട്ടി നിശ്ചയിച്ച ക്വാറന്‍റീൻ കേന്ദ്രങ്ങളിലേക്ക് മാറ്റും. ഗർഭിണികൾക്കും കുട്ടികൾക്കും വീടുകളിലേക്ക് പോയി ക്വാറന്‍റീനിൽ കഴിയാം. യാത്രക്കാരെ കൊണ്ടുപോകാനായി 30 ആംബുലൻസുകളും ഏഴ് കെ.എസ്.ആർ.ടി.സി ബസുകളും സജ്ജമാക്കിയിട്ടുണ്ട്.
യാത്രക്കാരില്‍ 23 പേര്‍ കോട്ടയം ജില്ലയില്‍നിന്നുള്ളവരാണ്. ഇതില്‍ 11 സ്ത്രീകളും ഏഴു പുരുഷന്‍മാരും അഞ്ചു കുട്ടികളും ഉള്‍പ്പെടുന്നു. ഇതില്‍ നാലു പേര്‍ ഗര്‍ഭിണികളാണ്. റിയാദില്‍നിന്നും കരിപ്പൂരില്‍ എത്തിയ വിമാനത്തില്‍ കോട്ടയം ജില്ലയില്‍നിന്നുള്ള അഞ്ചു ഗര്‍ഭിണികളുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.