വാഹനവുമായി സ്കൂളിൽ കയറിയുള്ള ആഘോഷത്തിന് വിലക്ക്; വിദ്യാർഥികളുടെ ലൈസൻസ് റദ്ദാക്കി
text_fieldsക്രിസ്ത്യൻ കോളജ് ഗ്രൗണ്ടിൽ കാർ റേസിങ്ങിനിടെയുണ്ടായ അപകടം
തിരുവനന്തപുരം: എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി, വി.എച്ച്.എസ്.ഇ വിദ്യാർഥികൾ വാഹനങ്ങളുമായി സ്കൂൾ കാമ്പസിൽ കയറി ആഹ്ലാദം പങ്കിടുന്നത് കർശനമായി വിലക്കി പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ്. കോഴിക്കോട് സ്കൂളിൽ കോഴ്സ് കഴിഞ്ഞുപോകുന്നതിന്റെ ഭാഗമായി വിദ്യാർഥികൾ വാഹനവുമായി എത്തി അപകടകരമായി ഓടിച്ചതും ഏതാനും പേർക്ക് പരിക്കേറ്റതും ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് നടപടി.
ഇത്തരം നടപടികൾ സ്കൂൾ മേലധികാരികൾ കർശനമായി തടയണമെന്നും കൂടിച്ചേരലുകളും ആഹ്ലാദം പങ്കിടലും ക്ലാസ് മുറികളിലും അസംബ്ലി ഹാളിലും ഒതുക്കി നിർത്തണമെന്നും ഡയറക്ടർ നിർദേശിച്ചു. ഇത്തരം പരിപാടികൾക്ക് അധ്യാപകരുടെ ശ്രദ്ധയും മേൽനോട്ടവും ഉണ്ടാകണം.
അനിഷ്ടസംഭവങ്ങൾ ഉണ്ടായാൽ സ്കൂൾ മേലധികാരികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ഡയറക്ടറുടെ ഉത്തരവിൽ പറയുന്നു.
ലൈസൻസ് റദ്ദാക്കി
കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളജ് സ്കൂളിൽ പ്ലസ് ടു സെൻഡ് ഓഫിന്റെ പേരിൽ ഗ്രൗണ്ടിലായിരുന്നു വിദ്യാർഥികളുടെ കാർ, ബൈക്ക് റേസിങ്. റേസിങ്ങിനിടെ കാർ ബൈക്കിനെ ഇടിച്ചു തെറിപ്പിച്ചു. രണ്ട് വിദ്യാർഥികൾക്ക് പരിക്കേറ്റു. ബുധനാഴ്ചയാണ് നഗരത്തിലെ കാമ്പസിൽ ജീവന് ഭീഷണി ഉയർത്തി വിദ്യാർഥികളുടെ വാഹനാഭ്യാസം അരങ്ങേറിയത്.
നഗരത്തിലും ഇവർ ചട്ടം ലംഘിച്ച് റേസിങ് നടത്തി. കണ്ണൂർ റോഡിൽനിന്നാണ് മലബാർ ക്രിസ്ത്യൻ കോളജ് സ്കൂൾ ഗ്രൗണ്ടിലേക്ക് ഡിക്കിയിലും ബോണറ്റിലും കയറിയിരുന്ന് കാറോടിച്ചത്. കൂടെ ബൈക്കുകളുമുണ്ടായിരുന്നു. ഗ്രൗണ്ടിൽ പൊടിപാറിച്ചായിരുന്നു റേസിങ്.
ഇതിനിടയിലൂടെ ഭീതി പരത്തി വിദ്യാർഥികൾ വാഹനം പറപ്പിച്ചു. മൂന്ന് കാറുകളും രണ്ട് ബൈക്കുകളുമാണ് റേസിങ് നടത്തിയത്. സംഭവത്തിൽ മോട്ടോർ വാഹനവകുപ്പ് കേസെടുത്തു. കാർ ഓടിച്ച വിദ്യാർഥികളുടെ ലൈസൻസ് റദ്ദാക്കി.
സോഷ്യൽ മീഡിയയിൽ വൈറലായ വിഡിയോ ദൃശ്യത്തിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. അപകടകരമായ രീതിയിൽ ഓടിച്ച മൂന്ന് കാറുകളും കസ്റ്റഡിയിലെടുത്തു. ബൈക്കുകളുടെ നമ്പറുകൾ വ്യക്തമല്ലാത്തതിനാൽ കസ്റ്റഡിയിലെടുക്കാൻ സാധിച്ചിട്ടില്ലെന്ന് ആർ.ടി.ഒ പി.ആർ. സുമേഷ് മാധ്യമത്തോട് പറഞ്ഞു.
സി.സി.ടി.വി, സോഷ്യൽ മീഡിയ ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണ്. അടുത്ത ദിവസം തന്നെ ഇത് കണ്ടെത്താൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചട്ടം ലംഘിച്ച് വാഹനമോടിച്ചതിന് പതിനായിരം രൂപ വീതം പിഴയീടാക്കും. രക്ഷിതാക്കളുടെ പേരിലുള്ളതുതന്നെയാണ് വാഹനങ്ങൾ. കാറുകൾ വർക്ക് ഷോപ്പിലാണുള്ളത്.
അടുത്ത ദിവസം മോട്ടോർ വാഹന വകുപ്പിന് മുന്നിൽ ഹാജരാക്കണം. വാഹനം ഓടിച്ച വിദ്യാർഥികൾ ലൈസൻസുള്ളവരാണ്. അതുകൊണ്ടു തന്നെ മറ്റു നടപടികളില്ലാതെ ഇവരുടെ ലൈസൻസ് റദ്ദാക്കുന്നതിനുള്ള നടപടി സ്വീകരിക്കും. അപകടത്തിൽപെട്ട ബൈക്കിലെ വിദ്യാർഥികളുടെ പരിക്ക് സാരമുള്ളതല്ലെന്ന് സ്‌കൂൾ അധികൃതർ പറഞ്ഞു.
പത്ത് വിദ്യാർഥികളാണ് വാഹനങ്ങൾ കൊണ്ടുവന്നതെന്നും എല്ലാവരും പ്രായപൂർത്തിയായവരാണെന്നും അധികൃതർ പറഞ്ഞു. ചാത്തമംഗലം എം.ഇ.എസ് കോളജിൽ ജെ.സി.ബിയിലും തുറന്ന ജീപ്പിലും വിദ്യാർഥികൾ റോഡ് ഷോ നടത്തി. ഇവിടെയും രണ്ട് വാഹനങ്ങൾക്കെതിരെ മോട്ടോർ വാഹനവകുപ്പ് കേസെടുത്തു.
ചാത്തമംഗലത്ത് ജെ.സി.ബിയിൽ റോഡ് ഷോ നടത്തുന്ന വിദ്യാർഥികൾ

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.