ഇതാ ബാർ ഫ്രണ്ട്‍ലി കേരളം !
text_fieldsകൊച്ചി: ഒരുവർഷത്തിനിടെ 17,000 കോടി രൂപയുടെ മദ്യം ബിവറേജസ് വഴി മാത്രം കുടിച്ചുതീർത്ത കേരളത്തിൽ, മദ്യ വ്യവസായം തഴച്ചുവളരുന്നുവെന്ന് വ്യക്തമാക്കി കണക്കുകൾ. ഒമ്പതുവർഷം മുമ്പ് സംസ്ഥാനത്ത് 29 എണ്ണമായിരുന്ന ബാറുകൾ ഇപ്പോൾ 854 ആയി ഉയർന്നു. നാല് വർഷത്തിനുള്ളിൽ ബാർ ലൈസൻസ് പുതുക്കുന്നതിനായി സർക്കാറിലേക്ക് ലഭിച്ചത് 1225.57 കോടി രൂപയാണ്.
35 ലക്ഷം രൂപയാണ് ബാർ ലൈസൻസ് ഫീസ്. ഏറ്റവുമധികം ലൈസൻസ് ഫീസ് ലഭിച്ചത് എറണാകുളത്തുനിന്നാണ്. കാസർകോടാണ് ഏറ്റവും കുറവ്. കൊച്ചിയിലെ പ്രോപ്പർ ചാനൽ സംഘടന പ്രസിഡൻറ് എം.കെ. ഹരിദാസിന് വിവരാവകാശ നിയമപ്രകാരം എക്സൈസ് കമീഷണറേറ്റിൽനിന്ന് ലഭിച്ച മറുപടിയിലാണ് വിവരങ്ങളുള്ളത്.
2021 മുതൽ ഇതുവരെ ആരംഭിച്ച ബാറുകളിൽനിന്ന് മാത്രം ഫീസിനത്തിൽ 2021-22 സാമ്പത്തിക വർഷത്തിൽ 7.20 കോടി, 2022-23ൽ 96 കോടി, 2023-24ൽ 13.65 കോടി, 2024-25ൽ 15.75 കോടി എന്നിങ്ങനെയും ലഭിച്ചു. കഴിഞ്ഞ സാമ്പത്തിക വർഷത്തിനിടെ ബിവറേജസ് കോർപറേഷൻ വഴി മാത്രം വിറ്റത് 17881.73 കോടിയുടെ ഇന്ത്യൻ നിർമിത വിദേശമദ്യവും 1680.12 കോടിയുടെ ബിയറും വൈനും.
ബാർ ക്ലബുകളും
സംസ്ഥാനത്ത് എഫ്.എൽ4എ ലൈസൻസ് വഴി പ്രവർത്തിക്കുന്ന 45 ക്ലബുകൾ വേറെയുമുണ്ട്. ഇവയുടെ ലൈസൻസ് ഫീസ് നിലവിൽ 20 ലക്ഷമാണ്. 2021-22 മുതൽ 2024-25 വരെ ക്ലബുകളുടെ ലൈസൻസ് ഫീസ് പുതുക്കാൻ ലഭിച്ചത് 41.85 കോടിയാണ്. ഏറ്റവുമധികം ക്ലബുകളുള്ളത് എറണാകുളത്താണ്.
ഏറ്റവും കൂടുതൽ തുക ലൈസൻസ് ഫീസായി ലഭിച്ചതും ഇവിടെനിന്നാണ്. 2021-22 സാമ്പത്തികവർഷം മുതൽ 2024-25 വരെ 15.68 കോടിയാണ് ലഭിച്ചത്. ഇടുക്കി, മലപ്പുറം, വയനാട്, കണ്ണൂർ ജില്ലകളിൽ എഫ്.എൽ4എ ലൈസൻസുള്ള ക്ലബുകളില്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.