പൂക്കോട്ടൂര്‍ യുദ്ധ സ്മൃതി; ചരിത്രഗ്രന്ഥശാലയും മ്യൂസിയവും അകലെ
text_fieldsഅറവങ്കരയില് പൂക്കോട്ടൂര്‍ പഞ്ചായത്ത് കാര്യാലയത്തിനു
മുന്നിലെ പൂക്കോട്ടൂര്‍ യുദ്ധ സ്മാരകം
പൂക്കോട്ടൂര്‍: ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തിലെ ധീരോദാത്ത ഏടായ പൂക്കോട്ടൂര്‍ യുദ്ധ ചരിത്രവും വസ്തുതകളും സമൂഹത്തിന് മുന്നിലെത്തിക്കുക ലക്ഷ്യംവെച്ചുള്ള പഞ്ചായത്തിന്റെയും സംസ്ഥാന സർക്കാറിന്റെയും പ്രഖ്യാപനങ്ങൾ പാഴ്വാക്കായി. 1921 ആഗസ്റ്റ് 26 ന് പൂക്കോട്ടൂരിലെ സാധാരണക്കാര്‍ നടത്തിയ സായുധ പോരാട്ടം പഠിക്കാന്‍ നവ തലമുറക്ക് സ്വാതന്ത്ര്യാനന്തര ഭരണകൂടം ഒരു അവസരവും ഒരുക്കിയിട്ടില്ല.
അറവങ്കരയിലെ പൂക്കോട്ടൂര്‍ പഞ്ചായത്ത് കാര്യാലയത്തോട് ചേർന്ന യുദ്ധ സ്മാരക കവാടവും മതിൽകെട്ടി സംരക്ഷിച്ച അന്ത്യവിശ്രമ സ്ഥലങ്ങളുമല്ലാതെ പോരാട്ട ചരിത്രം മനസ്സിലാക്കാൻ ഒരു സംവിധാനവും ഈ ധീരമണ്ണിലില്ല. സമരചരിത്ര ഗ്രന്ഥശാല എന്ന ലക്ഷ്യാർഥം പഞ്ചായത്ത് വിവിധ ഘട്ടങ്ങിളിലായി ആയിരത്തില്‍പരം പുസ്തകങ്ങള്‍ ഗ്രന്ഥാലയത്തിലേക്ക് ശേഖരിച്ചിട്ടുണ്ടെങ്കിലും ഗ്രന്ഥശാല ഇനിയും സജ്ജമായിട്ടില്ല.
മുന്‍ ഭരണസമിതികള്‍ പലഘട്ടങ്ങളിലായി ശേഖരിച്ച പുസ്തകങ്ങള്‍ സംരക്ഷിക്കപ്പെട്ടിട്ടില്ലെന്ന ആരോപണവുമുണ്ട്. 2023ല്‍ പഞ്ചായത്ത് ഗ്രന്ഥാലയ ശാക്തീകരണം നടപ്പാക്കുകയും അലമാരകളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും വർധിപ്പിച്ചതിനൊപ്പം ജനകീയാടിസ്ഥാനത്തിലും വിദ്യാര്‍ഥികളുടെ സഹകരണത്തോടെയും പുസ്തകങ്ങള്‍ സമാഹരിച്ചിരുന്നു. എന്നാല്‍, ലൈബ്രേറിയന്‍ ഇല്ലെന്ന കാരണം പറഞ്ഞത് ഇത് ആർക്കും ഉപകാരപ്പെടാതെ പൂട്ടിവെച്ചു.
സ്ഥിരം ലൈബ്രോറിയന്റെ തസ്തിക സര്‍ക്കാര്‍ സൃഷ്ടിച്ചാല്‍ മാത്രമെ പൂര്‍ണതോതില്‍ ഗ്രന്ഥാലയം പ്രവര്‍ത്തിപ്പിക്കാനാകൂ എന്നാണ് പഞ്ചായത്ത് അധികൃതരുടെ വിശദീകരണം. ഇതിനായി നിരവധി തവണ സര്‍ക്കാറിന് കത്ത് നല്‍കിയിട്ടും അനുകൂല ഇടപെടലുകളുണ്ടായിട്ടില്ല. പഞ്ചായത്തിന് സ്വന്തം നിലക്ക് ലൈബ്രേറിയനെ നിയമിക്കാവുന്നതേയുള്ളൂ എന്ന് ചൂണ്ടിക്കാട്ടപ്പെടുന്നുണ്ട്.
പൂക്കോട്ടൂര്‍ യുദ്ധ സ്മാരകം യാഥാര്‍ഥ്യമാകുമ്പോള്‍ പ്രഖ്യാപിച്ചിരുന്ന ചരിത്ര മ്യൂസിയത്തിലേക്ക് ഒരു രേഖയോ വസ്തുവോ ഇതുവരെ എത്തിച്ചില്ല. മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് 1921ലെ ചരിത്ര വസ്തുതകള്‍ ഉള്‍പ്പെടുത്തി ഒരു ഡോക്യുമെന്ററി 2024ല്‍ പുറത്തിറക്കിയെങ്കിലും അതിനും വേണ്ടത്ര പ്രചാരമോ സ്വീകാര്യതയോ ലഭിച്ചിട്ടില്ല. കഴിഞ്ഞ നാല് വര്‍ഷങ്ങളില്‍ നാട്ടോര്‍മകളും ഇശല്‍ വിരുന്നുമൊക്കെയായുള്ള യുദ്ധ വാര്‍ഷികാചരണമാണ് ഗ്രാമ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ നടന്നിരുന്നു. ഇത്തവണ അതിനും അനുമതി ലഭിക്കാത്തതിനാല്‍ മുടങ്ങി.
ഭരണകൂടങ്ങളും പൂക്കോട്ടൂര്‍ യുദ്ധത്തെ വിസ്മരിക്കുന്നെന്ന പരാതികള്‍ക്കിടെ കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ പൂക്കോട്ടൂര്‍ യുദ്ധത്തിന്റെ ഗവേഷണത്തിനു ചരിത്ര വിദ്യാര്‍ഥികളെ പ്രാപ്തരാക്കും വിധം ലൈറ്റ് ആൻഡ് സൗണ്ട് ഷോ സംവിധാനം ഒരുക്കുമെന്നു പ്രഖ്യാപിച്ചിരുന്നു. ഇക്കാര്യത്തിലും തുടര്‍ നടപടികളുണ്ടായില്ല.
സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ഈ വീരോദാത്ത അധ്യായം പഠിക്കാന്‍ നിരവധി ചരിത്രാന്വേഷികള്‍ ഇപ്പോഴും പൂക്കോട്ടൂരില്‍ എത്തുന്നുണ്ട്. എന്നാല്‍, ചരിത്ര വിവരങ്ങള്‍ അറിയാൻ വിദേശികളുള്‍പ്പെടെയുള്ള ചരിത്ര പഠിതാക്കള്‍ക്ക് ഇവിടെ അവസരമില്ല. രക്തപങ്കിലമായ ഈ അധിനിവേശവിരുദ്ധ ഭൂമികയെ പൈതൃക നഗരിയായി സംരക്ഷിക്കണമെന്ന പതിറ്റാണ്ടുകളായുള്ള ആവശ്യം അവഗണനയിൽ തുടരുകയാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.