തന്‍റേത് കോൺഗ്രസ് കുടുംബം, സി.പി.എം സഹയാത്രികനായിരുന്നെങ്കിലും മെംബർ ആയിരുന്നില്ല -പ്രേംകുമാർ
text_fieldsതിരുവനന്തപുരം: താൻ ഒരു കോൺഗ്രസ് കുടുംബത്തിലെ അംഗമാണെന്നത് സത്യമാണെന്നും സി.പി.എം സഹയാത്രികനായിരുന്നെങ്കിലും ഒരിക്കലും സി.പി.എം മെംബർ ആയിരുന്നില്ലെന്നും ചലച്ചിത്ര അക്കാദമി മുൻ ചെയർമാനും നടനുമായ പ്രേംകുമാർ. കോൺഗ്രസിലേക്ക് പോകുന്നുവെന്ന വാർത്തകൾക്ക് പിന്നാലെയാണ് പ്രതികരണം.
വേറെ ഒരു പാർട്ടിയിലും മെംബർഷിപ്പ് എടുത്തിട്ടില്ല. അച്ഛൻ ഇലക്ട്രിസിറ്റി ബോർഡിൽ ജീവനക്കാരനായിരുന്നു. ഉമ്മൻചാണ്ടി കെ.എസ്.ഇ.ബിയിലെ ഐ.എൻ.ടി.യു.സി യൂനിയന്റെ പ്രസിഡന്‍റ് ആയിരുന്നപ്പോൾ പ്രധാന ഭാരവാഹിയായിരുന്നു അച്ഛൻ. കുടുംബം മുഴുവൻ കോൺഗ്രസുകാരാണ്. ചെമ്പഴന്തി എസ്.എൻ കോളേജിൽ കെ.എസ്.യുവിന്റെ ആർട്സ് ക്ലബ് ഭാരവാഹിയായി മത്സരിച്ച ആളാണ് ഞാൻ. ഫാസിസത്തിനെതിരെ വിമർശനാത്മക സമീപനമാണ് സ്വീകരിച്ചത്. ഇക്കാലയളവിൽ ദേശാഭിമാനിയിൽ ലേഖനങ്ങൾ അച്ചടിച്ചു വന്നിട്ടുണ്ട്. ഈ പരിഗണനയിലാകാം അക്കാദമി വൈസ് ചെയർമാൻ സ്ഥാനം ഏറ്റെടുക്കാൻ കോടിയേരി ആവശ്യപ്പെട്ടത് -അദ്ദേഹം പറഞ്ഞു.
സ്ഥാനം തേടി ഒരിക്കലും ഒരിടത്തും പോയിട്ടില്ല. ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെ ചട്ടക്കൂടിൽനിന്ന് പ്രവർത്തിക്കുന്ന ആളല്ല ഞാൻ. എവിടെയായാലും അഭിപ്രായം നിർഭയമായും സ്വതന്ത്രമായും പറയണം എന്നതാണ് നിലപാട്. എങ്ങോട്ടേങ്കിലും പോകാൻ വേണ്ടി നിൽക്കുന്നയാളല്ല. മൂൻ കൂട്ടി തീരുമാനിച്ച് ജീവിതത്തെ സമീപിക്കുന്നയാളുമല്ല. വിചാരിച്ചതും ആഗ്രഹിച്ചതുമല്ല തന്‍റെ ജീവിതത്തിൽ സംഭവിച്ചത്. ഇതിനെല്ലാം അതീതമായി ഉറച്ച ദൈവവിശ്വാസിയാണന്നും അദ്ദേഹം പറഞ്ഞു.
മന്ത്രിക്ക് മറുപടിയുമായി പ്രേംകുമാർ: ‘ആ കാലാവധി തനിക്ക് മാത്രം ബാധകമോ’
തിരുവനന്തപുരം: ഭരണസമിതിയുടെ കാലാവധി കഴിഞ്ഞതുകൊണ്ടാണ് ചലച്ചിത്ര അക്കാദമി ചെയർമാനെ മാറ്റിയതെന്ന മന്ത്രി സജി ചെറിയാന്റെ പരാമർശത്തിന് മറുപടിയുമായി നടൻ പ്രേംകുമാർ. സമയപരിധി ചലച്ചിത്ര അക്കാദമിക്ക് മാത്രമാണോ ബാധകമെന്നും സാഹിത്യ അക്കാദമിയുടെയും സംഗീത നാടക അക്കാദമിയുടെയും ഭാരത്ഭവന്റെയുമെല്ലാം കാലാവധി കഴിഞ്ഞിട്ട് എത്രയായി എന്നും പ്രേംകുമാർ ചോദിക്കുന്നു.
ഇതൊക്കെ സ്വാഭാവികമെന്ന് പറഞ്ഞാൽ വിശ്വസിക്കുന്നവരുണ്ടാകും. പക്ഷേ തനിക്ക് വിശ്വസിക്കാൻ പ്രയാസമുണ്ട്. ഐ.എഫ്.എഫ്.കെയുടെ ഒരുക്കങ്ങളും സംസ്ഥാന ചലച്ചിത്ര അവാർഡിന്റെ നിർണയ ജോലികളും ജൂറി നിർണയ നടപടിയും സിനിമാ നയരൂപീകരണ ജോലികളും സിനിമ കോൺക്ലേവിന്റെ പ്രവർത്തനങ്ങളുമായി വളരെ തിരിക്കുപിടിച്ച ജോലികളിലായിരുന്നു താൻ. ഇതിനിടയിലാണ് സംസ്ഥാന അവാർഡ് നിർണയത്തിന്റെ തലേ ദിവസം അക്കാദമി ചെയർമാൻ സ്ഥാനത്തത് നിന്ന് താൻ പുറത്തായത്. അവാർഡ് പ്രഖ്യാപനം തിരക്കിട്ട് തിരുവനന്തപുരത്ത് നിന്ന് തൃശൂരിലേക്ക് മാറ്റി. തന്നെ മാറ്റാൻ എന്ത് അടിയന്തര സാഹചര്യമാണുള്ളത് എന്നതിൽ ആശ സമരത്തിലെ അഭിപ്രായമല്ലാതെ മറ്റൊന്നും കാണുന്നില്ലെന്നും പ്രേംകുമാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

