കെ.ആർ. മീര പറഞ്ഞത് ശുദ്ധ അസംബന്ധമെന്ന് ബെന്യാമിൻ; വിവരമില്ലായ്മയെക്കുറിച്ച് തനിക്കും ധാരാളം പറയാനുണ്ടെന്ന് മീരയുടെ മറുപടി; സമൂഹമാധ്യമത്തിൽ വാക്ക്പോര്
text_fieldsകൊച്ചി: ഗാന്ധിവധത്തില്‍ ഹിന്ദുമഹാസഭക്കൊപ്പം കോണ്‍ഗ്രസിനെയും വിമര്‍ശിച്ച സാഹിത്യകാരി കെ.ആര്‍. മീരക്കെതിരെ എഴുത്തുകാരന്‍ ബെന്യാമിൻ. മീര പറഞ്ഞത് ശുദ്ധ അസംബന്ധമാണെന്ന് ബെന്യാമിൻ ഫേസ്ബുക്കില്‍ കുറിച്ചു.
‘ഏത് എതിനോട് താരതമ്യം ചെയ്യണമെന്നും ആരെ ഏത് രീതിയിൽ വിമർശിക്കണം എന്നുമുള്ള വിവരമില്ലായ്മ ആണ് പോസ്റ്റ്. അത് ഗുണം ചെയ്യുന്നത് സംഘപരിവാറിന് ആണെന്ന് അറിയാതെ അല്ല. അറിഞ്ഞു കൊണ്ട് എഴുതുന്നതാണ് അപകടം’ -ബെന്യാമിൻ വിമർശിച്ചു. മീററ്റില്‍ ഗോഡ്സെയെ ആദരിച്ച ഹിന്ദുമഹാസഭയുടെ പത്രവാര്‍ത്ത പങ്കുവെച്ചുകൊണ്ട് മീര ഫേസ്ബുക്കിലെഴുതിയ കുറിപ്പ് വ്യാപക വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.
വി.ടി. ബൽറാം, ടി. സിദ്ദീഖ് എം.എൽ.എ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളും എഴുത്തുകാരി സുധാ മേനോനും മീരക്കെതിരെ കടുത്ത വിമർശനവുമായി രംഗത്തുവന്നിരുന്നു. ‘തുടച്ചുനീക്കാന്‍ കോണ്‍ഗ്രസുകാര്‍ പത്തെഴുപത്തിയഞ്ചുകൊല്ലമായി ശ്രമിക്കുന്നു. കഴിഞ്ഞിട്ടില്ല. പിന്നെയാണ് ഹിന്ദുസഭ’ -എന്നായിരുന്നു മീര ഫേസ്ബുക്കിൽ കുറിപ്പിട്ടത്. വളരെ ക്രൂരവും വസ്തുതാവിരുദ്ധവുമായ പോസ്റ്റ് എന്നായിരുന്നു സുധാ മേനോന്റെ പ്രതികരണം. ഫിക്ഷന്‍ എഴുതാന്‍ മീരക്ക് നല്ല കഴിവുണ്ടെന്നും ഈ പോസ്റ്റിലും അത് കാണാന്‍ കഴിയുന്നു എന്നുമായിരുന്നു സിദ്ദീഖിന്റെ മറുപടി.
ബെന്യാമിന് മറുപടിയുമായി മീര രംഗത്തുവന്നതോടെ വാക്ക്പോര് മുറുകി. ബെന്യാമിന്‍റെ വിവരമില്ലായ്മയെക്കുറിച്ച് തനിക്കും ധാരാളം പറയാനുണ്ടെന്നായിരുന്നു ഫേസ്ബുക്കിൽ മീരയുടെ മറുപടി. ‘ഗാന്ധിനിന്ദക്ക് എതിരേ ശക്തമായി പ്രതിഷേധിക്കാൻ പോലും ചങ്കുറപ്പില്ലാതെ എന്റെ പോസ്റ്റിനെ ശുദ്ധ അസംബന്ധം എന്നു പറയുന്ന ബെന്യാമിന്റെ വിവരമില്ലായ്മയെക്കുറിച്ച് എനിക്കും ധാരാളം പറയാനുണ്ട്. എന്നെ സംഘപരിവാറായി അവതരിപ്പിക്കാനുള്ള ബെന്യാമിന്റെ ശ്രമം സംഘപരിവാറിനെ സഹായിക്കാനുള്ള പദ്ധതി മാത്രമാണ്. അന്നും ഇന്നും എന്റെ നിലപാടുകളിൽനിന്നു ഞാൻ അണുവിട മാറിയിട്ടില്ല. ഞാൻ ഒരു രാഷ്ട്രീയപാർട്ടിയുടെയും അപ്പക്കഷ്ണങ്ങൾ മോഹിച്ചു പ്രസ്താവന നടത്തിയിട്ടുമില്ല. എന്നെ വിമർശിക്കുന്നതുവഴി കോൺഗ്രസുകാരെയും സംഘപരിവാറുകാരെയും സുഖിപ്പിച്ച് അവരിൽനിന്നു കിട്ടാനുള്ള അപ്പക്കഷ്ണങ്ങൾകൂടി പോരട്ടെ എന്നാണു ബെന്യാമിന്റെ നിലപാട് എന്നു തോന്നുന്നു. ഞാനാണു മഹാ പണ്ഡിതൻ, ഞാനാണു മഹാമാന്യൻ, ഞാനാണു സദാചാരത്തിന്റെ കാവലാൾ എന്നൊക്കെ മേനി നടിക്കുന്നതുകൊള്ളാം. കൂടുതൽ എഴുതുന്നില്ല’ -മീര ഫേസ്ബുക്കിൽ കുറിച്ചു.
മീററ്റിൽ നടന്ന പരിപാടിയിലാണ് ഹിന്ദുമഹാസഭ ഗാന്ധി ഘാതകനായ നാഥുറാം ഗോഡ്‌സെക്ക് ആദരം അര്‍പ്പിച്ചത്. ഗാന്ധിയുടെ ആത്മാവിനെയും ഗാന്ധിസത്തെയും ഇന്ത്യയുടെ മണ്ണില്‍നിന്ന് തുടച്ചുനീക്കുമെന്നു തീരുമാനമെടുത്ത യോഗം, ഗാന്ധിയെ രാഷ്ട്രപിതാവാക്കിയ നടപടി പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.