ടെസ്റ്റ് ഡ്രൈവിനിടെ ബെൻസ് കാറുകൾ കൂട്ടിയിടിച്ചു; നാലുപേർക്ക് പരിക്ക്
text_fieldsകൂട്ടിയിടിയിൽ തകർന്ന ബെൻസ് കാറുകളിലൊന്ന്
മട്ടാഞ്ചേരി: ടെസ്റ്റ് ഡ്രൈവിനിടെ കൂട്ടിയിടിച്ച് ബെൻസ് കാറുകൾ തകർന്നു. കോടികൾ വിലമതിക്കുന്ന കാറുകളിലൊന്ന് പൂർണമായും മറ്റൊന്ന് ഭാഗികമായുമാണ് തകർന്നത്. അപകടത്തിൽ യുവതിയടക്കം നാലുപേർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ശനിയാഴ്ച വൈകീട്ട് മൂന്നരയോടെ വില്ലിങ്ടൺ ഐലൻഡിലെ കേന്ദ്രീയ വിദ്യാലയ മൈതാനത്തിനു സമീപത്തെ റോഡിലാണ് അപകടം. ഇരു വാഹനങ്ങളിലുമായി ഉണ്ടായിരുന്ന അശ്വിൻ ദീപക്, സൂരജ്, സച്ചിൻ, അനഘ എന്നിവർക്കാണ് പരിക്കേറ്റത്. നെട്ടൂരിലെ ഷോറൂമിൽനിന്ന് വില്ലിങ്ടൻ ഐലൻഡിലെ റോഡിൽ ടെസ്റ്റ് ഡ്രൈവിങ്ങിനായി കൊണ്ടുവന്ന മെഴ്സിഡൻസ് ബെൻസ് കാറുകളാണ് കൂട്ടിയിടിച്ചത്. വാത്തുരുത്തി റെയിൽവേ ഗേറ്റിന് സമീപം നോർത്ത് ഐലൻഡ് ഭാഗത്തേക്ക് യുവതി ഓടിച്ചുവന്ന കാർ കെ.വി സ്കൂളിന് സമീപം റെയിൽവേ ക്രോസിൽ എത്തിയപ്പോൾ റോഡരികിൽ കിടന്ന മറ്റൊരു കാറിനെ ഇടിച്ചശേഷമാണ് വീണ്ടും മുന്നോട്ട് നീങ്ങി ടെസ്റ്റ് ഡ്രൈവിങ് നടത്തിയിരുന്ന രണ്ടാമത്തെ ബെൻസിൽ ഇടിച്ചത്.
ഇടിയുടെ ആഘാതത്തിൽ വാഹനം പൂർണമായും തകർന്നു. കാറിൽ ഉണ്ടായിരുന്നവരെ നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്. അമിത വേഗത്തിലായിരുന്നു കാറെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. കേന്ദ്രീയ വിദ്യാലയത്തിലെ കുട്ടികൾ സ്കൂൾവിട്ട് ഇറങ്ങിയ ശേഷമാണ് അപകടം നടന്നത്. ശനിയാഴ്ചയായതിനാൽ ക്ലാസുകൾ നേരത്തേ വിട്ടിരുന്നു. യുവതിക്കെതിരെ കേസെടുക്കുമെന്ന് പൊലീസ് പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.