അവാർഡിന് കാത്തുനിന്നില്ല, നാടിന്റെ നൊമ്പരമായി ജസ്ന; കോഴിക്ക് തീറ്റ കൊടുക്കുന്നതിനിടെ പാമ്പുകടിയേറ്റ് മികച്ച വനിത കർഷകക്ക് ദാരുണാന്ത്യം
text_fieldsകൊടുങ്ങല്ലൂർ: നഗരസഭയിലെ മികച്ച വനിത കർഷക അവാർഡ് ജേതാവായി തെരഞ്ഞെടുക്കപ്പെട്ട ജസ്നക്ക് അവാർഡ് സ്വീകരിക്കാനുള്ള ഭാഗ്യമുണ്ടായില്ല. അവാർഡ് ദാനത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ മരിച്ച ജസ്നയുടെ വിയോഗം നാടിന്റെ നൊമ്പരമായി. അണലിയുടെ കടിയേറ്റാണ് ഇവർ മരിച്ചത്.
ഏതാനും ദിവസം മുമ്പാണ് ഫീൽഡ് പരിശോധനകൾക്ക് ശേഷം കൃഷിഭവൻ അധികൃതർ ജസ്നയെ മികച്ച വനിത കർഷകയായി തെരഞ്ഞെടുത്തത്. ആഗസ്റ്റ് 17ന് അവാർഡ് സമ്മാനിക്കാനും തീരുമാനിച്ചു. വിവരം കൈമാറും മുമ്പേ അവർ പാമ്പുകടിയേറ്റ് ഗുരുതരാവസ്ഥയിലേക്ക് മാറിയിരുന്നു. കഴിഞ്ഞ ഞായറാഴ്ച രാവിലെ കോഴികൾക്ക് തീറ്റ നൽകാനെത്തിയപ്പോഴാണ് ജസ്നയെ പാമ്പുകടിച്ചത്. എറണാകുളം ആസ്റ്റർ മെഡിസിറ്റിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം.
ലോകമലേശ്വരം വെസ്റ്റ് കൊടുങ്ങല്ലൂർ പൊടിയൻ ബസാറിൽ കൊല്ലിയിൽ നിയാസിന്‍റെ ഭാര്യയും വട്ടപറമ്പിൽ പരേതനായ അബുവിന്‍റെ മകളുമാണ്. ജസ്ന വീടിന്റെ ചുറ്റുപാടും വിവിധ കൃഷികൾ ചെയ്തിരുന്നു. കോഴികളെയും വളർത്തിയിരുന്നു. ഇത്തവണ മട്ടുപ്പാവിൽ ചെണ്ടുമല്ലിയും കൃഷി ചെയ്തിരുന്നു. മാതാവിന്റെ കാർഷികാഭിരുചിയിൽ ആകൃഷ്ടയായ മൂന്നു മക്കളിൽ ഒരാളായ ജന്നയെ മൂന്നു വർഷം മുമ്പ് നഗരസഭയിലെ മികച്ച വിദ്യാർഥി കർഷകയായി തെരഞ്ഞെടുത്തിരുന്നു.
കൃഷി പരിചരണത്തിനും വീട്ടുജോലിക്കും ഇടയിൽ കൊടുങ്ങല്ലൂരിൽ നാസ് കളക്ഷൻസ് എന്ന സ്ഥാപനം നടത്തുന്ന ഭർത്താവിനെ ബിസിനസിൽ സഹായിക്കാനും സമയം കണ്ടെത്തിയിരുന്നു. കവിതകളും എഴുതുമായിരുന്നു. ഭർത്താവ് നിയാസ് ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്നു. രോഗാവസ്ഥയെ അതിജീവിച്ച് ജീവിതത്തിലേക്ക് തിരിച്ചുവരുന്നതിനിടയാണ് ജസ്നയുടെ വേർപാട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.