ബെവ്കോ ജീവനക്കാർക്ക് റെക്കോഡ് ബോണസ്; ഓണത്തിന് ലഭിക്കുക 1,02,500 രൂപ!
text_fieldsതിരുവനന്തപുരം: ബിവറേജ് കോർപറേഷൻ ജീവനക്കാർക്ക് ഇത്തവണ റെക്കോഡ് ബോണസ്. ഓണത്തിന് ബെവ്കോ സ്ഥിരം ജീവനക്കാർക്ക് 1,02,500 രൂപ ബോണസ് ലഭിക്കും. എക്സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷിന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ബെവ്കോയിലെ എല്ലാ യൂനിയനുകളും വെള്ളിയാഴ്ച ചേർന്ന യോഗത്തിൽ പങ്കെടുത്തു. ഈ യോഗത്തിലാണ് ബെവ്കോയിലെ സ്ഥിരം ജീവനക്കാർക്ക് 1,02,500 രൂപ ബോണസ് ആയി നൽകാൻ തീരുമാനമായത്.
കഴിഞ്ഞവർഷം 95,000 രൂപയായിരുന്നു ബോണസ്. 2023ൽ 90,000 രൂപയായിരുന്നു സ്ഥിരം ജീവനക്കാർക്ക് ബോണസ് ലഭിച്ചത്. കടകളിലും ഹെഡ്ക്വാർട്ടേഴ്സിലുമുള്ള ക്ലീനിങ് സ്റ്റാഫിനും എംപ്ലോയ്മെന്റ് സ്റ്റാഫിനും ഇത്തവണ 6,000 രൂപ ബോണസ് ആയി നൽകും. കഴിഞ്ഞ വർഷം ഇത് 5,000 രൂപയായിരുന്നു. ഹെഡ് ഓഫിസിലേയും വെയർഹൗസുകളിലേയും സുരക്ഷാ ജീവനക്കാർക്ക് 12,500 രൂപ ബോണസ് ആയി ലഭിക്കും.
അതേസമയം സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് രണ്ട് മാസത്തെ ക്ഷേമ പെന്‍ഷന്‍ സർക്കാർ അനുവദിച്ചു. ഇതിനായി 1679 കോടി അനുവദിച്ചതായി ധനകാര്യമന്ത്രി കെ.എന്‍. ബാലഗോപാല്‍ അറിയിച്ചു. 62 ലക്ഷത്തോളം പേര്‍ക്കാണ് ഓണത്തിന് 3200 രൂപവീതം ലഭിക്കുന്നത്. ഗുണഭോക്താക്കള്‍ക്ക് ശനിയാഴ്ച മുതല്‍ പണം ലഭിച്ചുതുടങ്ങും. 26.62 ലക്ഷം പേർക്ക് ബാങ്ക് അക്കൗണ്ട് മുഖേനയും ശേഷിക്കുന്നവര്‍ക്ക് വീട്ടിലെത്തിയും പെന്‍ഷന്‍ കൈമാറും.
ആഗസ്റ്റിലെ പെന്‍ഷന് പുറമെ ഒരു ഗഡു കുടിശ്ശിക കൂടിയാണ് ഓണം വരാനിരിക്കെ സർക്കാർ അനുവദിച്ചത്. അടുത്ത വർഷം വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് എല്ലാ പെന്‍ഷന്‍ കുടിശ്ശികയും തീര്‍ക്കാനാണ് സര്‍ക്കാര്‍ തീരുമാനം. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെയാണ് ഈ തീരുമാനമെന്നത് ശ്രദ്ധേയമാണ്. 8.46 ലക്ഷം പേര്‍ക്ക് ദേശീയ പെന്‍ഷന്‍ പദ്ധതിയിലെ കേന്ദ്ര വിഹിതം കേന്ദ്ര സര്‍ക്കാരാണ് നല്‍കേണ്ടത്. ഇതിനാവശ്യമായ 48.42 കോടി രൂപയും സംസ്ഥാനം മുന്‍കൂര്‍ അടിസ്ഥാനത്തില്‍ അനുവദിച്ചിട്ടുണ്ട്. ഈ വിഹിതം കേന്ദ്ര സര്‍ക്കാരിന്റെ പി.എഫ്.എം.എസ് സംവിധാനം വഴിയാണ് ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യേണ്ടത്. ഓണ ചെലവുകള്‍ക്കായി 2000 കോടിയുടെ കടപത്രം ഇറക്കിയിരുന്നു. ഇതുപയോഗിച്ചാകും പെന്‍ഷന്‍ വിതരണം.
സംസ്ഥാനത്തെ വിവിധ ക്ഷേമനിധി ബോര്‍ഡുകളില്‍ അംശദായം അടച്ച് അംഗങ്ങളായവര്‍ക്ക് ലഭിക്കാനുള്ള പെന്‍ഷന്‍ കുടിശ്ശികയും മറ്റ് ആനുകൂല്യങ്ങളും ഓണത്തിന് മുമ്പ് വിതരണം ചെയ്യണമെന്നും ക്ഷേമനിധി ബോര്‍ഡുകളുടെ കാര്യത്തില്‍ സുതാര്യത ഉറപ്പ് വരുത്തണമെന്നും വിവിധ തൊഴിലാളി യൂനിയനുകള്‍ ആവശ്യപ്പെട്ടിരുന്നു. ഓണക്കാല ചെലവുകള്‍ക്ക് പണം കണ്ടെത്താന്‍ മറ്റു ചെലവുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി സര്‍ക്കാര്‍ നടപടി എടുത്തിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.