ഭാരതാംബ, പാദപൂജ, ഗണഗീതം... എല്ലാം ആസൂത്രിതം; പാടിച്ചതും ചിത്രീകരിച്ചതും ബോധപൂർവമാണെന്ന് വിവരം
text_fieldsവന്ദേഭാരത് എക്സ്പ്രസ് ഉദ്ഘാടനത്തിൽ വിദ്യാർഥികൾ ട്രെയിനിന് അകത്തുനിന്ന് ഗണഗീതം പാടുന്നു. ദക്ഷിണ റെയിൽവേ പ്രസിദ്ധീകരിച്ച വീഡിയോയിൽനിന്ന്
തിരുവനന്തപുരം: സംഘ്പരിവാർ ആശയങ്ങൾക്കപ്പുറം ചിഹ്നങ്ങളും പ്രതീകങ്ങളും ഗാനങ്ങളുമെല്ലാം ചർച്ചയാക്കി, അവയെ പൊതുധാരയുടെ ഭാഗമാക്കാനുള്ള ആസൂത്രിത ശ്രമത്തിന്റെ ഭാഗമാണ് എറണാകുളം - ബംഗളൂരു വന്ദേഭാരത് ഉദ്ഘാടന വേളയിലെ ഗണഗീതം ചൊല്ലലെന്ന് വിമർശനം. മുൻകാലങ്ങളിൽ ആശയ പ്രചാരണങ്ങളാണ് ഒളിഞ്ഞും തെളിഞ്ഞും ആർ.എസ്.എസ് ചെയ്തതെങ്കിൽ പരസ്യമായ സ്ഥാനമുറപ്പിക്കലാണ് ഇപ്പോൾ നടത്തുന്നത്. ഗവർണർ രാജേന്ദ്ര ആർലേക്കർ രാജ്ഭവനിലെ ഔദ്യോഗിക ചടങ്ങിൽ കാവിക്കൊടിയേന്തിയ ഭാരതാംബ ചിത്രം സ്ഥാപിച്ചതിന്റെയും ഗുരുപൂർണിമയുടെ ഭാഗമായി സ്കൂളുകളിൽ വിദ്യാർഥികളെക്കൊണ്ട് പാദപൂജ ചെയ്യിപ്പിച്ചതിന്റെയും പിന്നാലെയാണിപ്പോൾ പൊതുചടങ്ങിൽ ഗണഗീതം പാടിച്ചത്. ആർ.എസ്.എസ് പരിപാടികളിൽ ചൊല്ലുന്ന ഗീതം വിദ്യാർഥികളെക്കൊണ്ട് പാടിച്ചതും ചിത്രീകരിച്ചതും ബോധപൂർവമാണെന്നാണ് വിവരം.
ദക്ഷിണ റെയിൽവേ ഔദ്യോഗിക സമൂഹമാധ്യമങ്ങളിൽ ദേശഭക്തി ഗാനമായി ഇത് പങ്കുവെച്ചത് മുഖ്യമന്ത്രി പിണറായി വിജയനടക്കം വിമർശിച്ചതോടെ പിൻവലിച്ചെങ്കിലും വീണ്ടും പോസ്റ്റ് ചെയ്യുകയുണ്ടായി. രാജ്ഭവനിലെ പരിസ്ഥിതി ദിനാചരണ പരിപാടിയിലാണ് ഗവർണർ ആദ്യമായി ഭാരതാംബ ചിത്രത്തിലെ പുഷ്പാർച്ചന ഉൾപ്പെടുത്തിയത്. കേരള സർവകലാശാല ആസ്ഥാനത്തെ ചടങ്ങിലടക്കം ഭാരതാംബ ചിത്രം വെച്ചത് പ്രതിഷേധത്തിനും സംഘർഷത്തിനും ഇടയാക്കി. ഇത് തടയാൻ ശ്രമിച്ച രജിസ്ട്രാർ ഡോ. കെ.എസ്. അനിൽകുമാറിനെ വി.സി ഡോ. മോഹനൻ കുന്നുമ്മലിനെ ഉപയോഗിച്ച് സസ്പെൻഡ് ചെയ്തു. പിന്നാലെയാണ് ചില സ്കൂളുകളിൽ ഹൈന്ദവ ചടങ്ങുകളോടെയുള്ള ഗുരുപൂർണിമ ആഘോഷവും പാദപൂജയും സംഘടിപ്പിച്ചത്. കാസർകോട് ബന്തടുക്ക സ്കൂളിലും കണ്ണൂർ ശ്രീകണ്ഠാപുരം വിവേകാനന്ദ വിദ്യാപീഠത്തിലെയും വിദ്യാർഥികളെക്കൊണ്ട് പാദപൂജ നടത്തിച്ചതിൽ വിദ്യാഭ്യാസ വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചെങ്കിലും തുടർനടപടിയൊന്നും കേട്ടിട്ടില്ല.
ഇവക്കെല്ലാം സമാനമായാണ് ആർ.എസ്.എസ് ആഭിമുഖ്യമുള്ള രാഷ്ട്ര ധർമ പരിഷത്ത് ട്രസ്റ്റിന്റെ എളമക്കര സരസ്വതി വിദ്യാനികേതൻ പബ്ലിക് സ്കൂൾ വിദ്യാർഥികളെക്കൊണ്ട് പുതിയ വന്ദേഭാരതിന്റെ ആദ്യയാത്രയിൽ ഗണഗീതം പാടിപ്പിച്ചത്.
ആർ.എസ്.എസിന്റെ ഗാനം റെയിൽവേ പരിപാടിയിലുൾപ്പെടുത്തിയത് ഭരണഘടന ലംഘനമാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം. സ്കൂൾ മാനേജ്മെന്റിനെതിരെ നടപടി വേണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ആവശ്യപ്പെട്ടു. വിഷയത്തിൽ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അന്വേഷണവും പ്രഖ്യാപിച്ചു. അതേസമയം വിമർശനങ്ങളെ തള്ളിയും ഗണഗീതത്തെ പിന്തുണച്ചും കേന്ദ്രമന്ത്രി സുരേഷ് ഗോപിയും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറും രംഗത്തുവന്നു.-
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

