സി.പി.ഐ സമ്മേളനത്തിൽ ബിനോയ് വിശ്വത്തിന് ‘പൂര’ വിമർശനം; മൂന്നാംഭരണം കിട്ടിയില്ലെങ്കിൽ ഉത്തരവാദി ആഭ്യന്തര വകുപ്പ്
text_fieldsസി.പി.ഐ സംസ്ഥാന സമ്മേളനത്തിൽനിന്ന്
ആലപ്പുഴ: രാഷ്ട്രീയകേരളം ഏറെ ചർച്ചചെയ്ത വിഷയങ്ങൾ ഒഴിവാക്കിയുള്ള സി.പി.ഐയുടെ രാഷ്ട്രീയ-പ്രവർത്തന റിപ്പോർട്ടുകളിൽ സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെ രൂക്ഷവിമർശനവുമായി സംസ്ഥാന സമ്മേളന പ്രതിനിധികൾ. ജനങ്ങൾക്കാകെ ബോധ്യമുള്ള, തൃശൂർ പൂരം കലക്കൽ ഒഴിവാക്കിയതും നാട്ടുകാരുടെ മുതുകത്ത് കയറുന്ന പൊലീസിന് റിപ്പോർട്ടിൽ കൈയടിച്ചതും സർക്കാറിന് ഇടതുമുഖം നഷ്ടമാകുമ്പോൾ തിരുത്തൽ ശക്തിയാവാതെ പാർട്ടി മൗനം പാലിക്കുന്നതും ചൂണ്ടിക്കാട്ടിയാണ് പ്രതിനിധി സമ്മേളനത്തിലെ പൊതുചർച്ചയിൽ അംഗങ്ങൾ സെക്രട്ടറിക്കും നേതൃത്വത്തിനുമെതിരെ തിരിഞ്ഞത്.
തൃശൂരിൽ ബി.ജെ.പി ജയിക്കാനിടയായ സാഹചര്യം പരാമർശിക്കാതെ അവരുടെ വളർച്ച ഗൗരവത്തിൽ കാണണമെന്ന് മാത്രം റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയത് പോരായ്മയാണ്. ഇരട്ട വോട്ടുകളടക്കം കണ്ടെത്തി നടപടി സ്വീകരിക്കുന്നതിൽ നേതൃത്വത്തിനുണ്ടായ വീഴ്ച മറച്ചുവെക്കാനാണോ ഈ ഭാഗം പൂർണമായും ഒഴിവാക്കിയതെന്നും അംഗങ്ങൾ ചോദിച്ചു. ഏറ്റവും കൂടുതൽ പൊതുജന വിമർശനം നേരിടുന്നത് ആഭ്യന്തര വകുപ്പും പൊലീസുമാണ്. നിലവിലെ പൊലീസ് നയം മൂന്നാം ഇടതുസർക്കാറിനെ ഇല്ലാതാക്കുമെന്നും പ്രതിനിധികൾ തുറന്നടിച്ചു. ലോക്കപ്പ് മർദനം അടുത്തകാലത്താണ് സജീവ ചർച്ചയായതെങ്കിലും നേരത്തേതന്നെ ഇക്കാര്യത്തിൽ പാർട്ടിക്ക് ആക്ഷേപമുണ്ട്.
എന്നിട്ടും വീഴ്ചകൾ ചൂണ്ടിക്കാട്ടാതെ ഗുഡ് സർട്ടിഫിക്കറ്റ് നൽകി പുകഴ്ത്തുകയാണുണ്ടായത്. പൂരം കലക്കിയ എ.ഡി.ജി.പി എം.ആർ. അജിത് കുമാറിനെ സംരക്ഷിക്കുന്നു. തിരുവനന്തപുരം, മലപ്പുറം, കാസർകോട് ജില്ലകളിലെ പ്രതിനിധികളാണ് ആഭ്യന്തര വകുപ്പിനെ വെള്ളപൂശിയതിനെ കൂടുതലായി ചോദ്യംചെയ്തത്. അധികാരത്തിലേറ്റിയ അടിസ്ഥാനവർഗത്തെ മറന്ന് സർക്കാർ മധ്യവർഗത്തിനുവേണ്ടി മാത്രമാണ് നിലകൊള്ളുന്നത്. വികസനത്തോടൊപ്പം ക്ഷേമത്തിനും ഊന്നൽ നൽകണം. സർക്കാറിന്‍റെ ഫോക്കസ് മാറിപ്പോകുന്നത് ചൂണ്ടിക്കാട്ടാൻ പോലും പാർട്ടിക്ക് കഴിയുന്നില്ല.
പാർട്ടി ഭരിക്കുന്ന കൃഷിവകുപ്പിനെതിരെയും അംഗങ്ങൾ വിമർശനമുന്നയിച്ചു. എല്ലാ കാര്യത്തിലും സി.പി.ഐക്ക് സ്വന്തം അസ്തിത്വം ഉയർത്തിപ്പിടിക്കാൻ കഴിയണമെന്നും പ്രതിനിധികൾ അഭിപ്രായപ്പെട്ടു. രാഷ്ട്രീയ റിപ്പോർട്ടിന്‍റെ ചർച്ചയിൽ 17 പേരാണ് പങ്കെടുത്തത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.