ആദ്യ ദിനം തന്നെ പഞ്ചിങ് പാളി
text_fieldsതിരുവനന്തപുരം: ചീഫ് സെക്രട്ടറി കർശന നിർദേശം നൽകിയിട്ടും സർക്കാർ ജീവനക്കാരുടെ ബയോമെട്രിക് പഞ്ചിങ് ആദ്യ ദിനം തന്നെ പാളി.
കലക്ടറേറ്റുകൾ, ഡയറക്ടറേറ്റുകൾ, വകുപ്പ് മേധാവികളുടെ ഓഫിസുകൾ എന്നിവിടങ്ങളിലാണ് പഞ്ചിങ് നിർബന്ധമാക്കിയിരുന്നത്. ഇതിൽ പാലക്കാട് കലക്ടറേറ്റിൽ മാത്രമാണ് പ്രഖ്യാപിച്ച ദിവസം സജ്ജമായത്. തലസ്ഥാനത്ത് ചൊവ്വാഴ്ച അവധിയായതിനാൽ ഭൂരിഭാഗം ഡയറക്ടറേറ്റുകളിലും വകുപ്പ് മേധാവികളുടെ ഓഫിസുകളിലും ബുധനാഴ്ചയാണ് പഞ്ചിങ് പ്രാബല്യത്തിൽ വരേണ്ടത്. ഇവയും പൂർണമായി സജ്ജമായിട്ടില്ല.
പഞ്ചിങ് യന്ത്രങ്ങളുടെ കുറവും ബയോമെട്രിക് വിവരം സജ്ജീകരിക്കുന്നത് പൂർത്തിയാകാത്തതുമാണ് വൈകാൻ കാരണമായി പറയുന്നത്. ചീഫ് സെക്രട്ടറിയുടെ അന്ത്യശാസനം വന്ന ശേഷമാണ് കെൽട്രോണുമായി ബന്ധപ്പെട്ട് നടപടി ഊർജിതമാക്കിയത്. പഞ്ചിങ് സ്പാർക്കുമായി ബന്ധിപ്പിക്കലും പൂർത്തിയാക്കാനായിട്ടില്ല. എത്രയും പെട്ടെന്ന് ഇത് പൂർത്തിയാക്കുമെന്ന് സർക്കാർ വൃത്തങ്ങൾ പറഞ്ഞു.
എല്ലാ ഓഫിസിലും പഞ്ചിങ് പൂർത്തിയാക്കാനുള്ള സമയപരിധി മാർച്ച് 31ആണ്. സെക്രട്ടേറിയറ്റിൽ നേരത്തേ തന്നെ പഞ്ചിങ് നടപ്പായിരുന്നു. ഇവിടെ ആക്സസ് കൺട്രോൾ സംവിധാനം പുതുതായി ഏർപ്പെടുത്തി വരികയാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.