ക്രിസ്മസ് കേക്കുമായി ഇനിയും പോകും, ഓണത്തിന് ചിപ്സും കൊണ്ടുപോകും; ബി.ജെ.പി മതേതര പാർട്ടി -ഷോൺ ജോർജ്
text_fieldsകോട്ടയം: ബി.ജെ.പി ഇനിയും ക്രിസ്മസിന് കേക്കുമായി ക്രൈസ്തവ പുരോഹിതരെ കാണാൻപോകുമെന്ന് പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് ഷോൺ ജോർജ്. അതുപോലെ ഓണത്തിന് ചിപ്സും കൊണ്ടുപോകുമെന്നും റമദാനും ആഘോഷിക്കുമെന്നും ഷോൺ ജോർജ് വ്യക്തമാക്കി. കേരളത്തിൽ ഒരു മതേതര പാർട്ടിയെ ഉള്ളൂ. അത് ബി.ജെ.പിയാണ്. മറ്റുള്ള പാർട്ടികൾ എല്ലാം പൊളിറ്റിക്കൽ ഇസ്‍ലാമുകളാണ്. മറ്റ് പാർട്ടികൾ വിഭാഗീയ രാഷ്ട്രീയം കളിക്കുകയാണെന്നും ഷോൺ ജോർജ് ആരോപിച്ചു.
ഡി.വൈ.എഫ്.ഐയും സി.പി.എമ്മും കേരളത്തിലെ പൊളിറ്റിക്കൽ ഇസ്‍ലാമിനുവേണ്ടി കുഴലൂത്ത് നടത്തുകയാണ്. ഡി.വൈ.എഫ്.ഐയെ പൊളിറ്റിക്കൽ ഇസ്‍ലാം വിലക്കെടുത്തിരിക്കുകയാണ്. തലശ്ശേരി ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനിക്ക് എതിരെ ഡി.വൈ.എഫ്.ഐ നടത്തിയ പ്രസ്താവന പ്രതിഷേധാർഹമാണെന്നും ഷോൺ ജോർജ് പറഞ്ഞു.
ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജിന്‍റെ പരാമർശം ബി.ജെ.പി ഗൗരവകരമായാണ് കാണുന്നത്. യാഥാർഥ്യങ്ങളെ തുറന്നുകാണിക്കാൻ മതമേലധ്യക്ഷന്മാർക്ക് അവകാശമുണ്ട്. ഡി.വൈ.എഫ്.ഐ ഇപ്പോൾ നടത്തുന്ന പരാമർശങ്ങളും പ്രതികരണങ്ങളും ബി.ജെ.പി കൈയും കെട്ടി നോക്കി നിൽക്കില്ല. കോംഗോയിലും നൈജീരിയയിലും ആക്രമണമുണ്ടായ സമയത്ത് പ്രതികരിക്കാത്തവരാണ് ഛത്തീസ്ഗഡിലെ ആക്രമണങ്ങൾക്കെതിരെ ശബ്ദമുയർത്തുന്നത്. പോൾ ചിറ്റിലപ്പള്ളിയെ നികൃഷ്ടജീവിയെന്ന അധിക്ഷേപിച്ചത് പിണറായി വിജയനാണ്. ഡി.വൈ.എഫ്.ഐ ആരുടെ കുഴലൂത്തുകാരാകുന്നുവെന്ന് കേരളം തിരിച്ചറിയും.
തൃശ്ശൂരിൽ കോൺഗ്രസും സി.പി.ഐയും ഉയർത്തിയ കള്ളവോട്ട് ആരോപണവും ഷോൺ നിഷേധിച്ചു.
ചെറുതും വലുതുമായ ആക്രമണങ്ങൾ ഇനിയും ഉണ്ടായേക്കാം. ആവർത്തിക്കില്ല എന്ന് പറയാൻ രാജ്യത്തെ മുഴുവൻ ആളുകളുടേയും വിവരങ്ങൾ ബി.ജെ.പി എടുത്ത് വച്ചിട്ടില്ല. വിവരങ്ങൾ മുമ്പേ വിഷയങ്ങൾ ഗണിച്ചറിയാൻ കണിയാന്മാരല്ല. ബി.ജെ.പി സ്ഥാനാർഥിയായിരുന്ന സുരേഷ് ഗോപി ജയിച്ച അന്ന് മുതൽ സി.പി.എമ്മും കോൺഗ്രസും ഇത്തരം ആരോപണങ്ങൾ തുടങ്ങിയതാണ്. തെരഞ്ഞെടുപ്പ് കമീഷൻ സ്വതന്ത്ര സംവിധാനമാണ്. അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് ഉയർത്തുന്നതെന്നും ഷോൺ മാധ്യമപ്രവർത്തകരോട് പ്രതികരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.