മലപ്പുറത്തെ ബി.ജെ.പി നേതാവ് തൃശ്ശൂരിൽ വോട്ട് ചേർത്തു; വ്യാജ വോട്ടിൽ എന്തുകൊണ്ട് പിണറായിക്ക് മൗനം -സന്ദീപ് വാര്യർ
text_fieldsകോഴിക്കോട്: തൃശൂർ ലോക്സഭ മണ്ഡലത്തിലെ വോട്ടർപട്ടികയിൽ കൃത്രിമം നടത്തിയെന്ന വ്യാപക പരാതി ഉയരുന്നതിനിടെ രൂക്ഷ വിമർശനവുമായി കെ.പി.സി.സി വക്താവ് സന്ദീപ് വാര്യർ രംഗത്ത്. ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് വി. ഉണ്ണികൃഷ്ണൻ തൃശ്ശൂരിൽ വോട്ട് ചേർത്തിട്ടുണ്ടെന്ന് സന്ദീപ് വാര്യർ ഫേസ്ബുക്ക് പോസ്റ്റിൽ ആരോപിച്ചു.
മലപ്പുറം ജില്ലയിലെ വോട്ടറായ ഉണ്ണികൃഷ്ണൻ തൃശ്ശൂരിൽ വോട്ട് ചേർത്തത് ബി.ജെ.പി സംസ്ഥാന നേതൃത്വം നേരിട്ട് അയൽ ജില്ലകളിലെ പ്രവർത്തകരുടെ വോട്ടുകൾ ചേർത്തതിന്റെ വ്യക്തമായ തെളിവാണ്. ആയിരക്കണക്കിന് വ്യാജവോട്ടുകൾ തൃശ്ശൂരിൽ ചേർത്തുവെന്നത് വ്യക്തമായിട്ടും എന്തുകൊണ്ടാണ് പിണറായി സർക്കാർ മൗനം പാലിക്കുന്നത്. ഇക്കാര്യത്തിൽ നടന്ന ക്രിമിനൽ ഗൂഢാലോചന പൊലീസിന് അന്വേഷിക്കാവുന്നതേയുള്ളൂവെന്നും സന്ദീപ് എഫ്.ബി പോസ്റ്റിൽ ചൂണ്ടിക്കാട്ടി.
സന്ദീപ് വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റ്
ബിജെപിയുടെ സംസ്ഥാന വൈസ് പ്രസിഡണ്ട് വി. ഉണ്ണികൃഷ്ണൻ തൃശ്ശൂരിൽ വോട്ട് ചേർത്തിട്ടുണ്ട്, ചെയ്തിട്ടുമുണ്ട് . തൊട്ടടുത്ത മലപ്പുറം ജില്ലയിലെ വോട്ടറായ ഉണ്ണികൃഷ്ണൻ തൃശ്ശൂരിൽ വോട്ട് ചേർത്തത് ബിജെപി സംസ്ഥാന നേതൃത്വം നേരിട്ട് അയൽജില്ലകളിലെ പ്രവർത്തകരുടെ വോട്ടുകൾ തൃശ്ശൂരിലേക്ക് ചേർത്തു എന്നതിൻറെ വ്യക്തമായ തെളിവാണ്.
ഒന്നരവർഷമായി സ്ഥിരതാമസകാരനായിരുന്നു എന്നതൊക്കെ പച്ചക്കള്ളമാണ്. അങ്ങനെയാണെങ്കിൽ ആരുടെ കൂടെയായിരുന്നു താമസം എന്നത് കൂടെ ഉണ്ണികൃഷ്ണൻ വെളിപ്പെടുത്തേണ്ടി വരും. കാരണം അദ്ദേഹത്തിൻറെ കുടുംബം മലപ്പുറത്ത് തന്നെയാണ്.
ആയിരക്കണക്കിന് വ്യാജ വോട്ടുകൾ തൃശ്ശൂരിൽ ചേർത്തു എന്നത് വ്യക്തമായിട്ടും എന്തുകൊണ്ടാണ് പിണറായി വിജയൻ സർക്കാർ മൗനം പാലിക്കുന്നത്. ഇക്കാര്യത്തിൽ നടന്ന ക്രിമിനൽ ഗൂഢാലോചന പോലീസിന് അന്വേഷിക്കാവുന്നതേയുള്ളൂ.
അതേസമയം, വോട്ടർപട്ടികയിൽ കൃത്രിമം നടത്തിയെന്ന വ്യാപക പരാതി ഉയരുന്നതിനിടെ വ്യാജ വിലാസത്തിലും വോട്ട് ചേർത്തതായി കണ്ടെത്തിയിട്ടുണ്ട്. നേരത്തേ തന്നെ പരാതിയുണ്ടായിരുന്ന പൂങ്കുന്നം 30ാം നമ്പർ ബൂത്തിലെ ഫ്ലാറ്റിലാണ് പത്തു പേരെ മറ്റൊരു വ്യക്തി താമസിക്കുന്ന ഫ്ലാറ്റിന്റെ വിലാസത്തിൽ വോട്ടർപട്ടികയിൽ ചേർത്തതായി വ്യക്തമായത്.
പൂങ്കുന്നം ആശ്രമം ലെയ്ൻ ക്യാപിറ്റൽ വില്ലേജ് ഫ്ലാറ്റ് സമുച്ചയത്തിലെ നാല് സി എന്ന ഫ്ലാറ്റിലാണ് 10 പേരെ വോട്ടർപട്ടികയിൽ ചേർത്തത്. ഇവരെ ആരെയും അറിയില്ലെന്നും ഇവർ ഇവിടെ താമസിക്കുന്നവർ അല്ലെന്നും ഫ്ലാറ്റിൽ താമസക്കാരിയായ പ്രസന്ന അശോകൻ പറഞ്ഞു. വോട്ടർപട്ടികയിലുള്ള ആരും ഈ ഫ്ലാറ്റിൽ താമസിച്ചിരുന്നില്ലെന്നും അവർ വ്യക്തമാക്കി.
ഇതോടെ തൃശൂരിൽ വിവിധ വിലാസങ്ങളിൽ മറ്റു മണ്ഡലങ്ങളിലെ വോട്ടർമാരെ ചേർത്തു എന്നതിനൊപ്പം വ്യാജമായി വോട്ടർമാരെ ചേർത്തുവെന്നും വ്യക്തമാകുകയാണ്. നേരത്തേ മറ്റു മണ്ഡലങ്ങളിലുള്ള ബി.ജെ.പിക്ക് വോട്ടു ചെയ്യുന്നവരെ ഒഴിഞ്ഞു കിടക്കുന്ന അപ്പാർട്മെന്റുകളുടെയും ഫ്ലാറ്റുകളുടെയും വിലാസത്തിൽ വോട്ടർപട്ടികയിൽ ചേർത്തുവെന്നാണ് വ്യക്തമായിരുന്നത്.
എന്നാൽ, ഉടമകൾ അറിയാതെ അതേ വിലാസത്തിൽ പത്തു പേരെ വോട്ടർപട്ടികയിൽ ചേർത്തത് പുറത്തുവന്നതോടെ ഇനിയും ഇത്തരം സംഭവങ്ങളുണ്ടാകുമെന്നാണ് സൂചന. ആഗസ്റ്റ് 31ന് തദ്ദേശ തെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർപട്ടിക പുറത്തുവന്നാൽ മാത്രമേ പൂർണമായും ഇക്കാര്യങ്ങൾ വ്യക്തമാകൂ. ലോക്സഭ-തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടർപട്ടികകളുടെ താരതമ്യത്തിലൂടെയേ എത്ര വോട്ടർമാരെ എവിടെയൊക്കെ ചേർത്തു എന്ന് വ്യക്തമാകൂ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.