സി.പി.എം പാര്‍ട്ടി കോടതിയായി മാറുന്നു -വി. മുരളീധരൻ
text_fieldsതിരുവനന്തപുരം: വ്യവസായിയെ തട്ടിക്കൊണ്ടു പോയി ഭീഷണിപ്പെടുത്തിയ കേസിൽ സി.പി.എം സമാന്തര പാര്‍ട്ടി കോടതിയായി പ്രവര്‍ത്തിക്കുകയും ഭരണഘടനയെ വെല്ലുവിളിക്കുകയാണെന്ന് ബി.ജെ.പി ദേശീയ നിർവാഹക സമിതിയംഗം വി. മുരളീധരൻ. പൊലീസ് അന്വേഷണം നടക്കവേ ഭരിക്കുന്ന പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് പരാതിക്കാരനെ വിളിച്ചു വരുത്തി മൊഴിയെടുക്കുകയും പരാതിക്കാരനായ മറ്റൊരാളോട് പൊലീസിൽ പരാതി നൽകേണ്ടതില്ലെന്നും പറയുന്നതായി മുരളീധരൻ ആരോപിച്ചു.
ജാമ്യമില്ലാ കേസിൽ പൊലീസ് അന്വേഷിക്കുന്ന പ്രതിയാണ് സി.പി.എം. എറണാകുളം ജില്ല കമ്മറ്റി അംഗമായ സക്കീര്‍ ഹുസൈന്‍. സക്കീര്‍ ഹുസൈനെതിരേ പരാതി നൽകിയ വ്യവസായി ജൂബി പൗലോസിനെയാണ് സി.പി.എമ്മിന്‍റെ പ്രമുഖ നേതാവായ എളമരം കരീം താന്‍ താമസിച്ചിരുന്ന ഗസ്റ്റ് ഹൗസിലേക്ക് വിളിച്ചുവരുത്തിയാണ് ചോദ്യം ചെയ്തതും തെളിവെടുപ്പ് നടത്തിയതും. പാര്‍ട്ടി നേതാവ് ജാമ്യമില്ലാ കേസിൽ ഇതുവരെ പിടികൊടുക്കാതെ ഒളിവിലാണ്. ഇങ്ങനെ സ്വന്തം പാര്‍ട്ടിക്കാരനായ പ്രതിയെ പിടിക്കാതിരിക്കുമ്പോഴാണ് ഭരണം നടത്തുന്ന പ്രധാന പാർട്ടിയുടെ തന്നെ സംസ്ഥാന നേതാവ് പരാതിക്കാരനെ കാണുന്നതും മൊഴിയെടുക്കുന്നതും.
മറ്റൊരു പരാതിക്കാരനെ താന്‍ താമസിച്ചിരുന്ന സ്ഥലത്തേക്ക് വിളിച്ചു വരുത്തിയ എളമരം കരീം, പൊലീസിൽ പരാതി നൽകേണ്ടെന്നും ഇനിമേലിൽ പ്രശ്‌നങ്ങളില്ലാത്തവിധം പ്രശ്‌നം സി.പി.എം. പരിഹരിച്ചു കൊള്ളാമെന്നുമാണ് ഉറപ്പു നൽകിയത്. പരാതിക്കാരനെ വിലിച്ചുവരുത്തുകയും പരാതിയുള്ളയാളെ അത് നൽകരുതെന്ന നിര്‍ദേശിച്ച്, പ്രശ്‌നം പരിഹരിക്കാമെന്ന് പറയുന്നതിലൂടെ സി.പി.എം. സമാന്തര നിയമ സംവിധാനം സൃഷ്ടിച്ച് ഭരണഘടനയെപ്പോലും വെല്ലുവിളിക്കുകയാണ്.
സക്കീര്‍ ഹുസൈന്‍ ജാമ്യത്തിന് ശ്രമിച്ചു കൊണ്ടിരിക്കുകയാണെും പ്രതിയെ പിടിക്കേണ്ടത് പൊലീസിന്‍റെ ചുമതലയാണെന്നുമാണ് സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറയുന്നത്. സക്കീര്‍ ഹുസൈനു ജാമ്യം ലഭിക്കാന്‍ പാര്‍ട്ടി തലത്തിൽ തന്നെ ശ്രമം നടക്കുന്നു എന്നതിന്‍റെ വ്യക്തമായ തെളിവാണ് കോടിയേരി ബാലകൃഷ്ണന്‍റെ പ്രസ്താവന. യു.ഡി.എഫ്. സര്‍ക്കാറിന്‍റെ തോന്ന്യാസ ഭരണത്തിനെതിരേ സമരം നടത്തിയതു കൊണ്ട് സക്കീര്‍ ഹുസൈനെതിരേ 14 കേസുകളുണ്ടായതെന്ന് കോടിയേരി ബാലകൃഷ്ണന്‍റെ പ്രസ്താവന സക്കീര്‍ ഹുസൈന് പാർട്ടി പൂര്‍ണ പിന്തുണ നൽകുന്നു എന്നതിന്‍റെ മറ്റൊരു തെളിവാണ്.
സക്കീര്‍ ഹുസൈന്‍ പ്രതിയായ കേസിന്‍റെ അന്വേഷണം എറണാകുളം സൗത്ത് സി.ഐയിൽ നിന്നും ഡി.സി.ആര്‍.ബി. അസിസ്റ്റന്‍റ് കമീഷണറെ ഏൽപ്പിച്ചിരുന്നു. പക്ഷേ ആ ഉദ്യോഗസ്ഥന്‍ അവധിയിലായതിനാൽ ഇതുവരെ അന്വേഷണം മുന്നോട്ടു പോയിട്ടില്ല. അന്വേഷണം അനന്തമായി നീട്ടിക്കൊണ്ടു പോകാന്‍ നടത്തുന്ന സി.പി.എമ്മിന്‍റെ തന്ത്രമാണ് ഇതിനു പിന്നിലുള്ളതെന്നും വി. മുരളീധരൻ വാർത്താകുറിപ്പിലൂടെ ആരോപിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.