ബോംബ് എന്നൊക്കെ പറഞ്ഞത് മാധ്യമങ്ങൾ, ആ കാളയെ ഇപ്പോള്‍ ബി.ജെ.പിക്ക് ആവശ്യം വന്നല്ലോ -വി.ഡി. സതീശൻ
text_fieldsകൊച്ചി: ബി.ജെ.പിക്കും സി.പി.എമ്മിനുമെതിരെ താൻ വാർത്താ സമ്മേളനത്തിൽ മുന്നറിയിപ്പ് നൽകിയതിനെ ബോംബ് എന്നൊക്കെ പറഞ്ഞത് മാധ്യമങ്ങളാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സി.പി.എം സൂക്ഷിക്കണമെന്നും ബി.ജെ.പി കാളയെ അഴിച്ചു വിടരുതെന്നുമാണ് താൻ പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.
‘ഒരുപാട് വര്‍ത്തകള്‍ വരുമെന്നാണ് പറഞ്ഞത്. മാധ്യമങ്ങള്‍ അതിന് തിരക്ക് പിടിക്കേണ്ട. കാളയെ അഴിച്ചു വിടരുതെന്നും പാര്‍ട്ടി ഓഫിസിന് മുന്നില്‍ കെട്ടണമെന്നും ബി.ജെ.പിയോട് ആവശ്യപ്പെട്ടിരുന്നു. ഇപ്പോള്‍ അവര്‍ക്ക് ആ കാളയെ ആവശ്യം വന്നല്ലോ. കളയെ ഇനിയും ആവശ്യം വരും. കാളയെ എങ്ങോട്ടാണ് കൊണ്ടുപോകേണ്ടതെന്നും മാത്രം ആലോചിച്ചാല്‍ മതി. ബോംബ് എന്നൊക്കെ പറഞ്ഞത് മാധ്യമങ്ങളാണ്. സി.പി.എം സൂക്ഷിക്കണമെന്നും ബി.ജെ.പി കാളയെ അഴിച്ചു വിടരുതെന്നുമാണ് പറഞ്ഞത്’ -സതീശൻ പറഞ്ഞു.
‘ബി.ജെ.പി നേതാവിനെതിരെ ഒരു സ്ത്രീ ഉന്നയിച്ച ആരോപണത്തില്‍ ബി.ജെ.പി നേതൃത്വം വിശദീകരിക്കട്ടെ. സ്ത്രീ ആരാണെന്ന് വെളിപ്പെടുത്തുന്ന തരത്തിലാണ് ആരോപണവിധേയന്‍ മറുപടി പറഞ്ഞത്. അത് ശരിയാണോയെന്ന് പരിശോധിക്കണം. സ്ത്രീയുടെ പരാതിയില്‍ എന്തു നടപടിയാണ് എടുക്കുന്നതെന്ന് ബി.ജെ.പി പറയട്ടെ. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ആരോപണം വന്നപ്പോള്‍ രാജീവ് ചന്ദ്രശേഖര്‍ വലിയ പൊട്ടിത്തെറിയായിരുന്നല്ലോ. അദ്ദേഹം എന്താണ് നടപടിയെടുക്കുന്നതെന്ന് കാണാമല്ലോ’ -അദ്ദേഹം പറഞ്ഞു.
രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിഷയത്തിൽ ധാര്‍മ്മികതയുടെയും സ്ത്രീത്വത്തോടുള്ള ബഹുമാനത്തിന്റെയും പേരില്‍ ഒരു പാര്‍ട്ടിക്ക് എടുക്കാന്‍ സാധിക്കുന്ന ഏറ്റവും വലിയ നടപടി കോണ്‍ഗ്രസ് സ്വീകരിച്ചു. എനിക്ക് നേരെ വിരല്‍ ചൂണ്ടിയ മുഖ്യമന്ത്രിയുടെ നാലു വിരലുകളും അദ്ദേഹത്തിന്റെ നെഞ്ചിലേക്കാണ് ചൂണ്ടിയിരിക്കുന്നത്. ലൈംഗിക അപവാദക്കേസില്‍ ഉള്‍പ്പെട്ട രണ്ടു പേരാണ് ഈ മന്ത്രിസഭയിലുള്ളത്. സി.പി.എമ്മിലെ ഏറ്റവും സീനിയര്‍ നേതാവ് പരാതി ഉന്നയിച്ചപ്പോള്‍ അത് പൊലീസിന് കൈമാറാതെ പാര്‍ട്ടി കോടതയില്‍ തീരുമാനിച്ച് ആ പ്രതിയെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഇരുത്തിയിരിക്കുകയാണ്. പരാതി ഉന്നയിച്ച മുതിര്‍ന്ന നേതാവിനെ മുഖ്യമന്ത്രി പൂര്‍ണമായും ഒഴിവാക്കി. എന്നിട്ടാണ് ആരോപണം ഉന്നയിച്ചയാളെ മുഖ്യമന്ത്രി ചേര്‍ത്തിരുത്തിയിരിക്കുന്നത്. അവരുടെയൊക്കെ പേര് ഈ നാട്ടിലെ എല്ലാവര്‍ക്കും അറിയാം. മുഖ്യമന്ത്രിക്ക് ഇപ്പോള്‍ കൈപൊക്കുന്ന ഒരു എം.എല്‍.എ റേപ്പ് കേസിലെ പ്രതിയാണ്. മുഖ്യമന്ത്രിയുടെ പൊലീസ് തന്നെയാണ് അയാള്‍ക്കെതിരെ കേസെടുത്തത്. എന്നിട്ടും ഒരു നടപടിയും എടുത്തില്ല. പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് നടന്ന സംഭവമെന്നാണ് പാര്‍ട്ടി സെക്രട്ടറി പറഞ്ഞത്.
മുഖ്യമന്ത്രിയുടെ ഭാഷയിലുള്ള ഒരു അവതാരം വന്നപ്പോള്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ആര്‍ക്കൊപ്പമായിരുന്നു? ടിഷ്യൂ പേപ്പറില്‍ പോലും മുഖ്യമന്ത്രി ഒപ്പിട്ടു കൊടുക്കുമെന്നാണ് ആ പ്രിന്‍സിപ്പല്‍ സെക്രട്ടറി പറഞ്ഞത്. വൈകുന്നേരമായാല്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എങ്ങോട്ടാണ് പോകുന്നതെന്ന് ഇന്റലിജന്‍സും സ്പെഷല്‍ ബ്രാഞ്ചുമുള്ള മുഖ്യമന്ത്രി അന്വേഷിച്ചിട്ടുണ്ടോ? ആ അവതാരം എത്ര സി.പി.എം നേതാക്കള്‍ക്കെതിരെയാണ് ആരോപണം ഉന്നയിച്ചത്. അവര്‍ക്കൊക്കെ എതിരെ കേസെടുത്തോ? ആരോപണ വിധേയര്‍ മാനനഷ്ടത്തിനെങ്കിലും കേസ് കൊടുത്തോ? പിണറായി വിജയന്‍ പി.ബി അംഗമായിരിക്കുന്ന പാര്‍ട്ടിയും ആരോപണവിധേയര്‍ക്കെതിരെ നടപടി എടുത്തോ? മറ്റൊരു സീനിയര്‍ എം.എല്‍.എയും മുന്‍മന്ത്രിയുമായ സി.പി.എം നേതാവിന്റെ വാട്സാപ് സന്ദേശം ഇപ്പോഴും കറങ്ങിക്കൊണ്ടിരിക്കുകയാണ്. നടപടി എടുത്തോ? വിശദീകരണമെങ്കിലും ചോദിച്ചോ? മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി, മുഖ്യമന്ത്രി അവതാരം എന്ന് വിശേഷിപ്പിച്ച ആളുമായി ബന്ധപ്പെട്ട് നൂറു ദിവസം ജയിലില്‍ കിടക്കുകയും പിന്നീട് പുറത്തിറങ്ങി ജയിലിലാകുകയും ചെയ്തു. ഈ ഏര്‍പ്പാട് മുഴുവന്‍ നടന്നത് മുഖ്യമന്ത്രിയുടെ ഓഫീസിലാണ്. എന്നിട്ടാണ് പരാതിയോ എഫ്.ഐ.ആറോ ഇല്ലാതെ ധാര്‍മ്മികതയുടെ പേരില്‍ നടപടി സ്വീകരിച്ച ഞങ്ങളെ ആക്ഷേപിക്കുന്നത്. ലൈംഗിക അപവാദ കേസുകളിലെ പ്രതികളെ ഇത്രയും സംരക്ഷിച്ച ഒരു രാഷ്ട്രീയ നേതാവും മുഖ്യമന്ത്രിയും പിണറായി വിജയനെ പോലെ ഇന്ത്യയില്‍ മാറ്റാരുമുണ്ടാകില്ല. ഇതിനൊക്കെ ധൈര്യമുണ്ടെങ്കില്‍ മറുപടി പറയട്ടെ. ചോദിക്കുന്നതിനൊന്നും അല്ലെങ്കിലും മറുപടിയില്ലല്ലോ.
കളങ്കിത വ്യക്തിത്വമുള്ളയാള്‍ ചെന്നൈയില്‍ കമ്പനി തുടങ്ങി ഹവാലയും റിവേഴ്സ് ഹവാലയും നടത്തി മന്ത്രിമാരുടെയും നേതാക്കളുടെയും അക്കൗണ്ടിലേക്ക് പണം അയച്ചതിലും പാര്‍ട്ടി സെക്രട്ടറിയുടെ മകനെതിരെ ആരോപണം ഉയര്‍ന്നിട്ടും ഈ മുഖ്യമന്ത്രി ചെറുവിരല്‍ അനക്കിയോ? അതിനൊന്നും ഇന്നത്തെ പത്രസമ്മേളനത്തില്‍ പോലും മറുപടിയില്ല. അങ്ങനെയുള്ള മുഖ്യമന്ത്രി ഞങ്ങളെ പഠിപ്പിക്കാന്‍ വരേണ്ട. സ്വന്തമായി കണ്ണാടിയില്‍ നോക്കിയാല്‍ നിങ്ങള്‍ ആരെയൊക്കെയാണ് ചേര്‍ത്തു നിര്‍ത്തിയിരിക്കുന്നതെന്ന് നിങ്ങള്‍ക്കു തന്നെ ബോധ്യമാകും. കണ്ണാടി നോക്കാതിരിക്കുന്നതു കൊണ്ടാണ് മറ്റുള്ളവര്‍ക്കെതിരെ ആക്ഷേപം ഉന്നയിക്കുന്നത്. ഞാന്‍ പ്രകോപിതനായെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ഇതൊക്കെ ആരാണ് പറയുന്നതെന്ന് ഓര്‍ക്കണം. എല്ലാ ചോദ്യങ്ങള്‍ക്കും മറുപടി പറഞ്ഞ എനിക്കാണ് മുഖ്യമന്ത്രി ഉപദേശംനല്‍കുന്നത് -വി.ഡി. സതീശൻ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.