സംഘപ്രസ്ഥാനങ്ങളുടെ എതിർപ്പ്; കന്യാസ്ത്രീ കേസിൽ കൂടുതൽ ഇടപെടാനില്ലെന്ന് ബി.ജെ.പി
text_fieldsതിരുവനന്തപുരം: മലയാളി കന്യാസ്ത്രീകൾ ഛത്തിസ്ഗഢിൽ അറസ്റ്റിലായ സംഭവത്തിൽ കേസ് കേസിന്റെ വഴിക്ക് പോകട്ടെയെന്ന നിലപാടിൽ ബി.ജെ.പി സംസ്ഥാന നേതൃത്വം. സിസ്റ്റർ പ്രീതി മേരിയും സിസ്റ്റർ വന്ദന ഫ്രാൻസിസും ജയിൽ മോചിതരായതിനു പിന്നാലെ കള്ളക്കേസിന്റെ എഫ്.ഐ.ആർ റദ്ദാക്കണമെന്ന് വിവിധ ക്രൈസ്തവ സഭ നേതൃത്വങ്ങൾ ആവശ്യപ്പെട്ടിരുന്നു.
നിർബന്ധിത മതപരിവർത്തനം, അന്തർ സംസ്ഥാന മനുഷ്യക്കടത്ത് എന്നീ കുറ്റങ്ങൾ ചുമത്തി ജയിലിലടച്ചവർക്കായുള്ള ബി.ജെ.പി ഇടപെടലിനെതിരെ എതിർപ്പ് ശക്തമാക്കിയ ആർ.എസ്.എസും ഹിന്ദു ഐക്യവേദിയും പല നേതാക്കളെയും ‘കണ്ണുരുട്ടി’ മൗനികളാക്കുകയും ചെയ്തു. ‘നമുക്കിനി പൊലീസും കോടതിയും വേണ്ട, ആരാണ് കുറ്റവാളിയെന്ന് വോട്ട് പ്രതീക്ഷിക്കുന്ന രാഷ്ട്രീയ പാർട്ടി നേതാക്കൾ തീരുമാനിക്കും’ എന്ന് പറഞ്ഞ് സ്വാമി ചിദാനന്ദപുരിയും രംഗത്തുവന്നു. ഇതോടെയാണ് ബി.ജെ.പി പുതിയ നിലപാട് സ്വീകരിച്ചത്.
കന്യാസ്ത്രീകൾ കുറ്റം ചെയ്തോ, ഇല്ലയോ എന്നത് അന്വേഷണത്തിനൊടുവിൽ കോടതിയാണ് കണ്ടെത്തുകയെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ്. സുരേഷ് വ്യക്തമാക്കി. പാർട്ടി കേസിന്റെ മെറിറ്റിലേക്ക് കടന്നിട്ടില്ല. കടക്കുകയുമില്ല. ജയിലിൽ നിന്ന് പുറത്തിറക്കുക എന്ന ഉത്തരവാദിത്വം മാത്രമാണ് പാർട്ടി ഏറ്റെടുത്തതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
കന്യാസ്ത്രീകളുടെ മോചനവുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ കാണാൻ ഡൽഹിയിലെത്തിയ പാർട്ടി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ‘കന്യാസ്ത്രീകൾ കുറ്റവാളികളല്ലെ’ന്ന് പറഞ്ഞിരുന്നു. ഈ നിലപാട് തള്ളുന്നതാണ് സുരേഷിന്റെ പ്രതികരണം.
ലഭ്യമായ വിവരം വെച്ച് നിഷ്കളങ്കമായാണ് അധ്യക്ഷൻ കന്യാസ്ത്രീകൾ കുറ്റക്കാരല്ലെന്ന് പറഞ്ഞതെന്നായിരുന്നു ഇതുസംബന്ധിച്ച സുരേഷിന്റെ വിശദീകരണം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.