അമിത് ഷായ്ക്കെതിരായ കരിങ്കൊടി പ്രതിഷേധം; ആശ്രാമത്തെ കരിക്ക് കടയ്ക്ക് പിന്നിൽ ദുരൂഹതയെന്ന് ബി.ജെ.പി
text_fieldsഎസ്. സുരേഷ്
കൊല്ലം: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്ക് നേരെയുണ്ടായ കരിങ്കൊടി പ്രതിഷേധത്തിൽ പൊലീസിനെതിരെ ബി.ജെ.പി. കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ യാത്ര വിവരങ്ങൾ ഉൾപ്പെടെ പൊലീസിൽനിന്ന് ചോർന്നുവെന്നും പ്രതിഷേധക്കാർക്ക് പൊലീസ് അവസരം ഒരുക്കിയെന്നും ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എസ്. സുരേഷ് ആരോപിച്ചു.
'ആശ്രാമം മൈതാനത്ത് കരിക്ക് കട തുറന്ന് വെച്ചതിൽ ദുരൂഹതയുണ്ട്. അമിത് ഷാ ഇറങ്ങുന്ന സ്ഥലത്ത് ഇത്തരം കടകൾ തുറക്കാൻ സാധാരണ സമ്മതിക്കില്ല. കരിക്ക് കടക്ക് സമീപമാണ് പ്രതിഷേധക്കാർ നിന്നത്. കേസിൽ മന്ത്രി ഒ.ജെ. ജനീഷിനെ പ്രതിയാക്കണം. കേസിൽ നടപടി ഉണ്ടാവുന്നില്ല. സംഭവത്തിൽ ഗവർണർക്ക് പരാതി നൽകാനാണ് പാർട്ടി തീരുമാനം. ബി.ബി. ഗോപകുമാർ എം.എൽ.എയുടെ നേതൃത്വത്തിൽ പ്രതിനിധി സംഘം ഗവർണറെ കാണും.
ഒ.ജെ. ജനീഷിനെ മന്ത്രിസ്ഥാനത്തുനിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെടും. കേരളത്തിലെ മന്ത്രിമാരെ തടയുമ്പോൾ ജാമ്യം കിട്ടാത്ത വകുപ്പുകൾ ചേർത്ത് കേസെടുക്കുന്നു. അമിത് ഷായെ തടഞ്ഞപ്പോൾ ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ മാത്രം ചേർക്കുന്നുവെന്നും എസ്. സുരേഷ് കൊല്ലത്ത് മാധ്യമങ്ങളോടു പറഞ്ഞു. പിണറായി വിജയനെ വി.ഡി. സതീശൻ സംരക്ഷിക്കുകയാണെന്നും എസ്. സുരേഷ് ആരോപിച്ചു. പിണറായിക്കെതിരെ എഫ്.ഐ.ആർ ഇടാൻ പോലും തയാറാകുന്നില്ലെന്നും ലാവ്ലിൻ കേസിൽ പിണറായിയെ സംരക്ഷിച്ച പോലെ ഇപ്പോഴും സംരക്ഷിക്കുകയാണെന്നും സുരേഷ് പറഞ്ഞു.
വി.ഡി. സതീശനുള്ള കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പിന്തുണയെക്കുറിച്ചും എസ്. സുരേഷ് പ്രതികരിച്ചു. 'സുരേഷ് ഗോപി നിഷ്കളങ്കനാണ്. മനസ്സിൽ തോന്നുന്നത് അപ്പപ്പോൾ പറയുന്നു. വി.ഡി. സതീശന് ബി.ജെ.പിയുടെ പിന്തുണയില്ല. പിണറായി വിജയനെയും വി.ഡി. സതീശനെയും താരതമ്യം ചെയ്യുകയാണ് സുരേഷ് ഗോപി ചെയ്തതെന്നും' എസ്. സുരേഷ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

