കോടികളുടെ നിക്ഷേപ തട്ടിപ്പ്: ബി.എൽ.എം ചെയർമാൻ പ്രേംകുമാർ അറസ്റ്റിൽ
text_fieldsചെന്നൈ: നിക്ഷേപകരുടെ പണം സ്വകാര്യ ആവശ്യങ്ങൾക്കായി വകമാറ്റിയെന്ന കേസിൽ ഭാരത് ലജ്ന മൾട്ടി സ്റ്റേറ്റ് ഹൗസിങ് കോഓപറേറ്റീവ് സൊസൈറ്റി (ബി.എൽ.എം) ചെയർമാൻ ആർ. പ്രേംകുമാറിനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തു. സൊസൈറ്റിയുടെ മറവിൽ സാധാരാണക്കാരിൽ നിന്ന് മുന്നൂറ് കോടിയോളം രൂപയുടെ നിക്ഷേപത്തട്ടിപ്പ് നടത്തിയെന്നാണ് കേസ്. എന്നാൽ തട്ടിപ്പ് 5000 കോടി കടക്കുമെന്ന് പരാതിക്കാർ പറയുന്നു.
ചെന്നൈയിലെ വസതിയിൽനിന്നാണ് കോഴിക്കോട് ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം ഇയാളെ പിടികൂടിയത്. ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ചെന്നൈ നുങ്കമ്പാക്കത്തെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സൊസൈറ്റിയിൽ നിക്ഷേപിച്ച പണം ഹോട്ടലുകൾ, റിസോർട്ടുകൾ, തിയേറ്ററുകൾ എന്നിവ വാങ്ങാൻ വകമാറ്റിയെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ. തിരുവനന്തപുരത്തെ ആഡംബര ഹോട്ടൽ, തൃശൂരിലെ രാഗം തിയേറ്റർ, മൂന്നാറിലെ റിസോർട്ടുകൾ തുടങ്ങിയവ വാങ്ങാൻ സൊസൈറ്റിയുടെ പണം ഉപയോഗിച്ചതായാണ് ആരോപണം. വിവിധ കമ്പനികൾ വഴിയും പണം വകമാറ്റിയതായി അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്.
പ്രാഥമിക അന്വേഷണത്തിൽ 300 കോടി രൂപയുടെ ക്രമക്കേടുകൾ കണ്ടെത്തിയതായി റിപ്പോർട്ടുകളുണ്ട്. എന്നാൽ, തട്ടിപ്പിന്റെ ആകെ തുക സംബന്ധിച്ച് വ്യത്യസ്ത കണക്കുകളാണ് പുറത്തുവരുന്നത്. സാമ്പത്തിക ഇടപാടുകളുടെ വിശദമായ പരിശോധന തുടരുകയാണ്.
കോഴിക്കോട് നടക്കാവ് പൊലീസ് സ്റ്റേഷനിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്ത കേസാണ് പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറിയത്. പരാതിക്കാരൻ പിന്നീട് പരാതി പിൻവലിച്ചെങ്കിലും പ്രാഥമിക അന്വേഷണത്തിൽ സാമ്പത്തിക ക്രമക്കേടുകൾ കണ്ടെത്തിയതോടെ അന്വേഷണം തുടരാൻ തീരുമാനിക്കുകയായിരുന്നു.
കേസ് ചോദ്യംചെയ്ത് പ്രേംകുമാർ ഹൈകോടതിയെ സമീപിച്ചിരുന്നു. ആരോഗ്യനില പരിശോധിച്ചശേഷം ഇയാളെ കേരളത്തിലെത്തിച്ച് തുടർനടപടികൾ സ്വീകരിക്കാനാണ് അന്വേഷണസംഘത്തിന്റെ നീക്കം.
അതേസമയം, വ്യാജപരാതികളും തെറ്റായ വിവരങ്ങളും പ്രചരിപ്പിക്കുന്നുവെന്ന് ആരോപിച്ച് മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും സംസ്ഥാന പോലീസ് മേധാവിക്കും കഴിഞ്ഞ ദിവസം ബി.എൽ.എം സൊസൈറ്റി പരാതി നൽകിയിരുന്നു. പ്രചരിപ്പിക്കപ്പെടുന്ന രേഖകളുടെയും വാർത്തകളുടെയും ഉറവിടവും ആധികാരികതയും പരിശോധിച്ച് കുറ്റക്കാരെ കണ്ടെത്തി നിയമാനുസൃത നടപടി സ്വീകരിക്കണമെന്നായിരുന്നു സൊസൈറ്റിയുടെ ആവശ്യം.
സൊസൈറ്റിക്കെതിരെ സമീപകാലത്ത് പ്രചരിക്കുന്ന ചില രേഖകളും വാർത്തകളും ഔദ്യോഗിക കണക്കുകളോടും രേഖകളോടും പൊരുത്തപ്പെടുന്നില്ലെന്നായിരുന്നു പരാതിയിലെ ആരോപണം. ‘വിവിധ വകുപ്പ് മേധാവികൾ നൽകിയതാണെന്ന് അവകാശപ്പെടുന്ന രേഖകളും വിവരങ്ങളും ഉദ്ധരിച്ച് ഓൺലൈൻ, സാമൂഹിക മാധ്യമങ്ങളിലൂടെ വാർത്തകൾ പ്രചരിപ്പിക്കുന്നു. ഇത് അംഗങ്ങളിലും നിക്ഷേപകരിലും അനാവശ്യ ആശങ്ക സൃഷ്ടിക്കുന്നു. സൊസൈറ്റിയുടെ സാമ്പത്തിക രേഖകളും ബാങ്ക് ഇടപാടുകളും ഉൾപ്പെടെയുള്ള തെളിവുകൾ പരിശോധിച്ചായിരിക്കണം തുടർനടപടികൾ സ്വീകരിക്കേണ്ടത്. നിയമപരമായ നടപടികൾ സുതാര്യമായും നിഷ്പക്ഷമായും മുന്നോട്ടുപോകണം’ -ബി.എൽ.എം സൊസൈറ്റി പരാതിയിൽ ആവശ്യപ്പെട്ടു. വസ്തുതകളുടെ അടിസ്ഥാനത്തിൽ സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്നും സൊസൈറ്റി പരാതിയിൽ പറഞ്ഞിരുന്നു. എന്നാൽ, ഇതിന് പിന്നാലെയാണ് സൊസൈറ്റി ചെയർമാൻ പ്രേംകുമാറിനെ ഇന്ന് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.

