ആശുപത്രിയിൽനിന്ന് വീട്ടിലെത്തിച്ച മൃതദേഹം മാറിപ്പോയി; മരണവീട്ടിൽ നാടകീയ രംഗങ്ങൾ
text_fieldsതൃപ്പൂണിത്തുറ: തെക്കൻ പറവൂരിൽ ആശുപത്രിയിൽനിന്ന് വീട്ടിലെത്തിച്ച മൃതദേഹം മാറിപ്പോയത് മരണ വീട്ടിൽ നാടകീയ രംഗങ്ങൾ സൃഷ്ടിച്ചു. തെക്കൻ പറവൂർ പേക്കൽ പി.കെ. രവിയുടെ (71) മൃതദേഹമാണ് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽനിന്നും ബന്ധുക്കൾ മാറിക്കൊണ്ടുപോയത്.
അസുഖ ബാധിതനായിരുന്ന രവിക്ക് ശനിയാഴ്ച രാത്രിയോടെ രോഗം മൂർച്ഛിക്കുകയായിരുന്നു. ആരോഗ്യനില വഷളായതോടെ ബന്ധുക്കൾ രവിയെ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും വഴിമധ്യേ മരിച്ചു. തുടർന്ന് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയ മൃതദേഹം ഞായറാഴ്ച രാവിലെ വീട്ടിലേക്ക് കൊണ്ടുവന്നപ്പോഴാണ് അബദ്ധം സംഭവിച്ചത്. തുടർച്ചയായ ചികിത്സയിലായിരുന്നതിനാൽ പോസ്റ്റ്മോർട്ടം ഒഴിവാക്കി നൽകിയ മൃതദേഹം വീട്ടിലെത്തിച്ചപ്പോൾ മുതൽ മാറിപ്പോയതായി സംശയമുയർന്നിരുന്നു. ഇത് അടുത്ത ബന്ധുക്കൾ ചൂണ്ടിക്കാട്ടുകയും ചെയ്തു. എന്നാൽ, ബന്ധുക്കളും അയൽവാസികളുമെല്ലാമെത്തി ആദരാഞ്ജലിയർപ്പിക്കൽ തുടർന്നു.
പിന്നീട് അന്ത്യകർമങ്ങൾക്ക് കുളിപ്പിക്കാനെടുത്തപ്പോഴാണ് മൃതദേഹം രവിയുടേതല്ലെന്ന് സംശയം കലശലായത്. തുടർന്ന് ആശുപത്രിയുമായി ബന്ധപ്പെട്ട ബന്ധുക്കൾ ഉടൻ മൃതദേഹവുമായി ആശുപത്രിയിലെത്തി യഥാർഥ മൃതദേഹം ഏറ്റുവാങ്ങി വീട്ടിലെത്തിക്കുകയായിരുന്നു. പിന്നീട് ഉച്ചക്ക് രണ്ടോടെ തൃപ്പൂണിത്തുറ പൊതു ശ്മശാനത്തിൽ മൃതദേഹം സംസ്കരിച്ചു.
ഭാര്യ: ഓമന. മക്കൾ: വിജിമോൾ, രജിമോൾ, സുജിമോൾ. മരുമക്കൾ: രാജേഷ്, പ്രദീഷ്, ബിനു ടി. ജോസഫ്. അതേസമയം, മൃതദേഹം മാറിപ്പോയ സംഭവത്തെക്കുറിച്ച് വിവരമൊന്നും ലഭിച്ചില്ലെന്ന് താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. സുമ പറഞ്ഞു.
മൃതദേഹത്തിന്‍റെ മുഖവും മറ്റും ബന്ധുക്കളെ കാണിച്ച് ആളെ തിരിച്ചറിഞ്ഞെന്ന് ബോധ്യപ്പെട്ടശേഷം രജിസ്റ്ററിലും ഒപ്പിടുവിച്ച് നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷമേ മൃതദേഹങ്ങൾ മോർച്ചറിയിൽനിന്നും വിട്ടുനൽകാറുള്ളൂവെന്നും അവർ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.