മൂന്നുദിവസം മുമ്പ് കടലിൽ വീണ വിദ്യാർഥിയുടെ മൃതദേഹം മുഴപ്പിലങ്ങാട് തീരത്ത് കണ്ടെത്തി
text_fieldsഎടക്കാട്: കടപ്പുറത്തെ പാറയിൽ കൂട്ടുകാരുമായി സംസാരിച്ചിരിക്കവെ കാൽ വഴുതി കടലിൽ വീണ വിദ്യാർഥിയുടെ മൃതദേഹം മൂന്ന് ദിവസത്തിന് ശേഷം കണ്ടെത്തി. പിണറായി താഴെ കായലോട് എം.സി. ഹൗസിൽ റഊഫിന്റെയും സി. സമീറയുടെയും മകൻ ഫർഹാൻ (17)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. മമ്പറം ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിയാണ്.
കണ്ണൂർ കോർപറേഷൻ ഡിവിഷൻ 34ൽ ഏഴരക്കടപ്പുറത്തെ പാറയിൽ ഇരിക്കവെ കാൽ വഴുതി കടലിൽ വീഴുകയായിരുന്നു. ബുധനാഴ്ച വൈകിട്ട് ആറര മണിയോടെയായിരുന്നു സംഭവം. ഇന്ന് പുലർച്ചെ രണ്ട് മണിക്കാണ് കിലോമീറ്ററുകൾ അകലെ മൃതദേഹം മുഴപ്പിലങ്ങാട് തീരത്തണഞ്ഞത്. ശക്തമായ കടൽ ക്ഷോഭത്തെ തുടർന്നു തിരമാലയിൽ അകപ്പെടുകയായിരുന്നു. ഫയർ ഫോഴ്സ്, കോസ്റ്റൽ പൊലീസ് ഉൾപ്പെടെ രണ്ടുദിവസം തുടർച്ചയായി തെരച്ചിൽ നടത്തിയിരുന്നു.
ഫർഹാൻ അടക്കം നാലു പേരാണ് ഏഴര കടപ്പുറം കാണാനെത്തിയത്. കൂടെ വന്ന മറ്റു വിദ്യാർഥികളുടെ നിലവിളി കേട്ട് പരിസരത്തെ മത്സ്യത്തൊഴിലാളികളുൾപ്പെടെ ഓടിയെത്തിയെങ്കിലും കടൽ ക്ഷോഭത്തെ തുടർന്ന് ഫർഹാനെ രക്ഷിക്കാനായില്ല. മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം തലശ്ശേരി ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
വിവരമറിഞ്ഞ് മസ്കത്ത് സലാലയിൽ ജോലി ചെയ്യുന്ന ഫർഹാന്റെ പിതാവ് റഊഫ് നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്. സഹോദരങ്ങൾ: മുഹമ്മദ് റയ്ഹാൻ, ഫാത്തിമ .
മൃതദേഹം പോസ്റ്റ് മോർട്ടം നടപടികൾക്ക് ശേഷം കായലോട് അച്ചങ്കര ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.