ഷാർജയിൽ മരിച്ച നിലയിൽ കണ്ടെത്തിയ വിപഞ്ചികയുടെ മൃതദേഹം സംസ്കരിച്ചു
text_fieldsതിരുവനന്തപുരം: ഷാർജയിൽ മരിച്ച നിലയിൽ കണ്ടെത്തിയ വിപഞ്ചികയുടെ മൃതദേഹം തിരുവനന്തപുരത്തെത്തിച്ച് റീപോസ്റ്റുമോർട്ടം നടത്തിയശേഷം സംസ്കരിച്ചു. ചൊവ്വാഴ്ച രാത്രി 11.30യോടെയാണ് ഷാർജയിൽ നിന്ന് മൃതദേഹം തിരുവനന്തപുരം വിമാനത്താവളത്തിലെത്തിച്ചത്.
ബുധനാഴ്ച രാവിലെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ റീ പോസ്റ്റുമോർട്ടം നടത്തി. വൈകീട്ട് 5.30ഓടെ കുണ്ടറ പട്ടാണിമുക്കിലുള്ള സഹോദരൻ വിനോദിന്‍റെ വീട്ടിലെത്തിച്ച മൃതദേഹം 6.30ഓടെ സംസ്കരിച്ചു.
ഇൻക്വസ്റ്റിൽ വിപഞ്ചികയുടെ ശരീരത്തിൽ ചതവുകളും പാടുകളും കണ്ടെത്തി. അത് മർദനമേറ്റ പാടുകളല്ലെന്നും എംബാമിങ് നടത്തിയപ്പോഴുണ്ടായതാകാമെന്നുമാണ് ഡോക്ടർമാരുടെ നിഗമനം. തിരുവനന്തപുരം ആർ.ഡിയുടെ പ്രത്യേക നിർദേശപ്രകാരം തഹസിൽദാർ ലീന ശൈലേശ്വറിന്റെ സാന്നിധ്യത്തിൽ ശാസ്താംകോട്ട ഡിവൈ.എസ്.പി ജി.ബി. മുകേഷിന്റെ നേതൃത്വത്തിലായിരുന്നു ഇൻക്വസ്റ്റ്. കുടുംബത്തിന്റെ ആവശ്യപ്രകാരമായിരുന്നു റീ പോസ്റ്റുമോർട്ടം.
ജൂലൈ എട്ടിന് രാത്രിയാണ് കൊല്ലം ചന്ദനത്തോപ്പ് രജിതഭവനിൽ വിപഞ്ചിക (33), മകൾ വൈഭവി (ഒന്നര) എന്നിവരെ ഷാർജയിലെ ഫ്ലാറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. മകളെ കൊലപ്പെടുത്തിയ ശേഷം യുവതി ആത്മഹത്യ ചെയ്യുകയായിരുന്നു. വൈഭവിയുടെ മൃതദേഹം 17ന് ദുബൈയിൽ സംസ്കരിച്ചു.
വിവാഹം ആഡംബരമായി നടത്തിയില്ലെന്നും സ്ത്രീധനം കുറഞ്ഞെന്നും കാർ ലഭിച്ചില്ലെന്നും ആരോപിച്ച് മാനസികമായും ശാരീരികമായും തന്നെ പീഡിപ്പിച്ചിരുന്നെന്ന കുറിപ്പ് ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത ശേഷമാണ് വിപഞ്ചിക ജീവനൊടുക്കിയത്.
2020 നവംബറിലായിരുന്നു വിപഞ്ചികയും കോട്ടയം പനച്ചിക്കാട് പൂവൻതുരുത്ത് വലിയവീട്ടിൽ നിതീഷുമായുള്ള വിവാഹം. വിപഞ്ചിക യു.എ.ഇയിലെ സ്വകാര്യ കമ്പനിയിലെ എച്ച്.ആർ വിഭാഗത്തിൽ ജോലി ചെയ്യുകയായിരുന്നു. നിതീഷും യു.എ.ഇയിലായിരുന്നു. ഇരുവരും പിരിഞ്ഞ് താമസിക്കുകയായിരുന്നു. നിതീഷ്, നിതീഷിന്റെ സഹോദരി നീതു ബേണി, പിതാവ് മോഹനൻ എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.