അച്ഛനെ അന്വേഷിച്ച് വീട്ടിലെത്തിയ പൊലീസ് ഒമ്പതാം ക്ലാസുകാരനെ മർദിച്ചതായി പരാതി
text_fieldsഅന്തിക്കാട് (തൃശൂർ): അച്ഛനെ അന്വേഷിച്ച് വീട്ടിലെത്തിയ പൊലീസ് ഒമ്പതാം ക്ലാസ് വിദ്യാർഥിയെ ക്രൂരമായി മർദിച്ചതായി പരാതി. ചാഴൂർ വപ്പുഴ ചുള്ളിപ്പറമ്പിൽ സജീഷിന്റെ മകൻ അമരീഷിനാണ് (14) പൊലീസ് മർദനത്തിൽ പരിക്കേറ്റത്. ആദ്യം ആലപ്പാട് സർക്കാർ ആശുപത്രിയിലും പിന്നീട് തൃശൂർ ജില്ല ആശുപത്രിയിലും ചികിത്സ തേടി. ചെവിക്ക് അടിയേറ്റ് ഇടതു ചെവിക്ക് കേൾവിക്കുറവ് സംഭവിച്ചു.
ഞായറാഴ്ച വൈകീട്ട് 5.30ഓടെയായിരുന്നു സംഭവം. അച്ഛനെ തിരക്കിയാണ് പൊലീസ് വാഹനത്തിൽ അന്തിക്കാട് എസ്.ഐയുടെ നേതൃത്വത്തിൽ അഞ്ച് പൊലീസുകാർ വീട്ടിൽ വന്നതെന്ന് അമരീഷ് പറയുന്നു. ഈ സമയം അച്ഛൻ വീട്ടിൽ മീൻ നന്നാക്കുകയായിരുന്നു. സജീഷിനെ അറസ്റ്റ് ചെയ്യാനാണ് വന്നതെന്ന് പൊലീസ് പറഞ്ഞു.
അറസ്റ്റ് ചെയ്യാനുള്ള കാരണമെന്താണെന്നും അറസ്റ്റ് വാറന്റ് ഉണ്ടോയെന്നും ചോദിച്ചതോടെ ഇത് ചോദിക്കാൻ നീ ആളായിട്ടില്ലെന്ന് പറഞ്ഞ് മുറ്റത്ത് വെച്ച് ബൂട്ട് ഇട്ട കാലുകൊണ്ട് എസ്.ഐ തന്നെ ആദ്യം കാലിൽ ചവിട്ടി അമർത്തുകയും പിന്നീട് വീടിനുള്ളിലേക്ക് പിടിച്ച് കൊണ്ടുപോയി അകത്ത് വെച്ച് കുനിച്ചു നിർത്തി മുട്ട് കൈ കൊണ്ട് ഇടിക്കുകയും ചെയ്തു. നിലത്ത് വീണതോടെ നെഞ്ചിൽ ചവിട്ടുകയും ഇരു ചെവിക്കും അടിക്കുകയുമായിരുന്നു.
ശബ്ദം കേട്ട് വീടിന് പുറത്തുണ്ടായിരുന്ന അച്ഛനും അച്ഛാച്ചനും അച്ചമ്മയും വീടിനുള്ളിലേക്ക് കയറി വന്നതോടെ മർദിക്കുന്നത് നിർത്തി. തുടർന്ന് പൊലീസുകാർ അതിവേഗം വീടിന് പുറത്തിറങ്ങി സജീഷിനെ പിടികൂടാതെ മടങ്ങുകയായിരുന്നു.
പുറത്തും നെഞ്ചിലും ചെവിക്കും കഠിനവേദന ഉണ്ടായതോടെയാണ് ആശുപത്രിയിൽ ചികിത്സ തേടിയത്. തിങ്കളാഴ്ച വൈകീട്ട് വീട്ടിൽ എത്തിയെങ്കിലും ചെവിക്ക് വേദനയും കേൾവിക്കുറവും വർധിച്ചു. ചൊവ്വാഴ്ച രാവിലെ വീണ്ടും തൃശൂർ ജില്ല ആശുപത്രിയിൽ ചികിത്സ തേടുമെന്നും ഒപ്പം എസ്.പിക്ക് പരാതി നൽകുമെന്നും അമരീഷ് പറഞ്ഞു.
എസ്.ഐ ആണ് മർദിച്ചതെന്ന് പഴുവിൽ സെന്റ് ആന്റണീസ് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയായ അമരീഷ് പറഞ്ഞു. അതേസമയം, അമരീഷിനെ മർദിച്ചില്ലെന്നാണ് അന്തിക്കാട് പൊലീസ് പറയുന്നത്. നിയമവിരുദ്ധ പ്രവൃത്തികൾ നടക്കുന്നതായി ഫോൺ സന്ദേശം ലഭിച്ചതിനെ തുടർന്ന് പരിശോധനക്കായാണ് അവിടെ ചെന്നതെന്നും പരിശോധനയിൽ ഒന്നും കണ്ടെത്താനായില്ലെന്നും എസ്.ഐ പറഞ്ഞു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

