ആൺകുട്ടികൾക്ക് തലമുടി വളർത്തുന്നതിന് സ്വാതന്ത്ര്യമുണ്ട്; മാനസികമായി ബുദ്ധിമുട്ടിക്കുവാനോ, ക്ലാസ്സിൽ നിന്ന് മാറ്റി നിർത്തുവാനോ പാടില്ല: ബാലാവകാശ കമീഷൻ
text_fieldsതിരുവനന്തപുരം: ആൺകുട്ടികൾക്കും ലിംഗനിർണയം നടത്താത്ത കുട്ടികൾക്കും അവരുടെ ഇഷ്ടപ്രകാരം തലമുടിവളർത്തുന്നതിന് സ്വാതന്ത്ര്യമുണ്ടെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമീഷൻ. കണ്ണുകളോ, മുഖമോ മറയാത്തരീതിയിലും, വൃത്തിയായും, സുരക്ഷിതമായും മുടി സൂക്ഷിക്കുവാനുളള ചുമതല അവർക്കുണ്ട്.
ലബോറട്ടറി പ്രവർത്തനങ്ങൾ, കായിക മത്സരങ്ങൾ, പ്രാക്ടിക്കൽ ക്ലാസ്സുകൾ എന്നിവയിൽ പങ്കെടുക്കുമ്പോൾ സുരക്ഷ മുൻനിർത്തി, നിർബന്ധമായും മുടി കെട്ടി വയ്ക്കുകയോ ഹെയർ ബാൻ്റ് ഉപയോഗിച്ച് ഒതുക്കി വയ്ക്കുകയോ ചെയ്യേണ്ടതാണ്. മുടിയിൽ ആരോഗ്യത്തിന് ഹാനികരമാകുന്ന തരത്തിലുളള കെമിക്കൽ വസ്തുക്കൾ, കളറുകൾ എന്നിവ ഉപയോഗിക്കുന്നത് ഗുണകരമല്ല. ലിംഗ നിർണയം നടത്തിയിട്ടില്ലാത്ത കുട്ടികൾക്ക് അവരുടെ താല്പര്യത്തിനനുസൃതമായി മുടി പരിപാലിക്കുന്നതിനും ഡ്രസ്സ് കോഡ് തിരഞ്ഞെടുക്കുന്നതിനും പൂർണ്ണമായ അവകാശം ഉണ്ടായിരിക്കും.
മുടിയുടെ നീളത്തിൻ്റെയോ, അതുമായി ബന്ധപ്പെട്ട കാര്യങ്ങളുടെയോ പേരിൽ സ്കൂൾ അധികൃതർ, ആൺകുട്ടികളെയും ട്രാൻസ്ജെൻഡർ കുട്ടികളെയും മാനസികമായി ബുദ്ധിമുട്ടിക്കുവാനോ, ക്ലാസ്സിൽ നിന്ന് മാറ്റി നിർത്തുവാനോ, വിവേചനപരമായി പെരുമാറുന്നതിനോ മറ്റ് ശിക്ഷാ നടപടികൾക്ക് വിധേയമാക്കുന്നതിനോ പാടില്ലെന്നും കമ്മീഷൻ അംഗം പി ഷാജേഷ് ഭാസ്കർ ഉത്തരവിട്ടു.
സംസ്ഥാനത്തെ വിദ്യാഭ്യാസ വകുപ്പോ സിബിഎസ്ഇ യോ ഈ വിഷയവുമായി ബന്ധപ്പെട്ട മാർഗ്ഗ നിർദ്ദേശങ്ങൾ പുറത്തിറക്കിയതായി കാണുന്നില്ലെന്നും കമ്മീഷൻ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട മാർഗ്ഗ നിർദ്ദേശങ്ങൾ അടിയന്തിരമായി തയ്യാറാക്കണമെന്നും ആ സമിതിയിൽ ആൺകുട്ടികളെയും ലിംഗനിർണയം നടത്താത്ത കുട്ടികളെയും കൂടി ഉൾപ്പെടുത്തി, ഇവരെക്കൂടി കേട്ട ശേഷം മുടി വളർത്തുന്നതുമായി ബന്ധപ്പെട്ട മാർഗ്ഗ നിർദ്ദേശങ്ങൾ വിദ്യാലയങ്ങൾക്ക് നൽകേണ്ടതാണെന്നും കമീഷൻ ആവശ്യപ്പെട്ടു.
വിദ്യാർഥികളുടെ ബാഹ്യ രൂപത്തേക്കാൾ പഠന പുരോഗതിക്കും വ്യക്തിത്വവികാസത്തിനുമാണ് സ്കൂൾ അധികൃതർ മുൻഗണന നൽകേണ്ടതെന്നും കമീഷൻ ചൂണ്ടിക്കാട്ടി.
കമീഷന്റെ ശിപാർശയിൽ എതിർകക്ഷികൾ സ്വീകരിച്ച നടപടികൾ സംബന്ധിച്ച റിപ്പോർട്ട് 45 ദിവസത്തിനകം സമർപ്പിക്കേണ്ടതാണ്. കേരളത്തിലെ വിദ്യാലയങ്ങൾ ജെൻഡർ ന്യൂട്രൽ ആണെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും ആൺകുട്ടികളോടും ലിംഗനിർണയം നടത്താത്ത കുട്ടികളോടും വിവേചനപരമായി പെരുമാറുന്നുവെന്നും തലമുടി നീട്ടി വളർത്തുന്ന ആൺ കുട്ടികളെ കുറ്റവാളികളായി സ്കൂൾ അധികൃതർ നേരിടുന്നുവെന്നും കാണിച്ച് രാമനാട്ടുകര സ്വദേശി ഇന്ദു മേനോനാണ് ഹരജി നൽകിയത്.
പതിനൊന്നാം ക്ലാസിൽ പഠിക്കുന്ന ആൺകുട്ടിയോട് മുടി വെട്ടി വരണമെന്ന് പല തവണ ആവശ്യപ്പെട്ടിട്ടും കുട്ടി തയ്യാറാകുന്നില്ലെന്നും ഇത്തരം സാഹചര്യങ്ങളിൽ എന്തു തീരുമാനം കൈക്കൊള്ളണമെന്ന മാർഗ നിർദേശങ്ങൾ ആവശ്യമാണെന്നും സൂചിപ്പിച്ചാണ് കോട്ടക്കൽ സേക്രഡ് ഹാർട്ട് ഇംഗ്ലീഷ് മീഡിയം സ്കൂൾ പ്രിൻസിപ്പൽ ഹരജി സമർപ്പിച്ചത്. രണ്ട് ഹരജികളും പരിഗണിച്ച ശേഷമാണ് കമീഷന്‍റെ ഉത്തരവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

