‘രണ്ട് ശതമാനം മാത്രമുള്ള ബ്രാഹ്മണരെ പരിഗണിക്കുന്നു, 10 ശതമാനമുള്ള ആദിവാസികൾക്ക് അവഗണന’; എൻ.ഡി.എ വിടാനുള്ള കാരണം വിശദീകരിച്ച് സി.കെ. ജാനു
text_fieldsസി.കെ. ജാനു
കോഴിക്കോട്: എൻ.ഡി.എ മുന്നണിയിൽ ജനാധിപത്യ രാഷ്ട്രീയ പാർട്ടിക്ക് ഒരു പരിഗണയും കിട്ടിയില്ലെന്ന് ആദിവാസി നേതാവ് സി.കെ. ജാനു. ബോർഡ്, കോർപറേഷൻ സ്ഥാനങ്ങളിൽ പ്രാതിനിധ്യം വേണമെന്ന് ആവശ്യപ്പെട്ട് പലതവണ കത്തുനൽകി. അമിത് ഷായെ കണ്ടിട്ടും ഒരു കാര്യവുമുണ്ടായില്ല. തദ്ദേശ തെരഞ്ഞെടുപ്പിൽ ഒരു മുന്നണിയിലും ചേരാത ഒറ്റക്ക് മത്സരിക്കാനാണ് ജെ.ആർ.പിയുടെ തീരുമാനം. കെ. സുരേന്ദ്രന്‍റെ കൈയിൽനിന്ന് പണം വാങ്ങിയെന്ന ആരോപണവുമായി ബന്ധപ്പെട്ട കേസ് നടക്കുകയാണെന്നും, കാര്യങ്ങൾ കോടതി തീരുമാനിക്കട്ടെയെന്നും ജാനു പറഞ്ഞു.
“2016 മുതൽ ഞങ്ങൾ എൻ.ഡി.എക്കൊപ്പം നിൽക്കുന്നതാണ്. ഇടക്കാലത്ത് അൽപം മാറിനിന്നെങ്കിലും വീണ്ടും ചർച്ചയും ഇടപെടലുമായി സജീവമായിരുന്നു. ആവശ്യങ്ങൾ എന്തെല്ലാമാണെന്ന് എഴുതിനൽകി സംസാരിച്ചിട്ടുണ്ട്. കേരളത്തിൽ മാത്രമല്ല, കേന്ദ്രത്തിലും കത്ത് നൽകിയിട്ടുണ്ട്. എന്നാൽ അത് വായിക്കാനോ പരിഗണിക്കാനോ അവർ തയാറായിട്ടില്ല. ബോർഡ്, കോർപറേഷൻ സ്ഥാനങ്ങളിൽ ജെ.ആർ.പിയെ കൂടി മുന്നണി പരിഗണിക്കേണ്ടതായിരുന്നു. എന്നാൽ ഒരാളെപ്പോലും അത്തരത്തിൽ പരിഗണിച്ചില്ല.
പരസ്പരമുള്ള സഹകരണമാണ് മുന്നണി വ്യവസ്ഥതന്നെ. എന്നാൽ അതൊന്നും പരിഗണിക്കാതിരുന്നാൽ തുടരാൻ ഞങ്ങൾക്ക് ബുദ്ധിമുട്ടുണ്ട്. എൻ.ഡി.എ മുന്നണിയിൽ എന്ന പേരുമാത്രം വെക്കുന്നതിനേക്കാൾ നല്ലത് സ്വതന്ത്രമായി നിൽക്കുന്നതാണെന്നാണ് കഴിഞ്ഞ ദിവസം എക്സിക്യുട്ടീവ് യോഗത്തിൽ ഐകകണ്ഠ്യേന തീരുമാനിച്ചത്. ആകെ ജനസംഖ്യയിൽ രണ്ട് ശതമാനം മാത്രമുള്ള ബ്രാഹ്മണരെ പരിഗണിക്കുമ്പോഴാണ് പത്ത് ശതമാനം വരുന്ന ആദിവാസികളെ അവഗണിക്കുന്നത്. ഇനി ചർച്ച ചെയ്തിട്ട് എന്തെങ്കിലും നടക്കുമെന്നും പ്രതീക്ഷയില്ല” -സി.കെ. ജാനു പറഞ്ഞു.
ശനിയാഴ്ചയാണ് സി.കെ. ജാനു നേതൃത്വം നൽകുന്ന ജനാധിപത്യ രാഷ്ട്രീയ പാർട്ടി എൻ.ഡി.എ സഖ്യം വിട്ടത്. മുന്നണി മര്യാദ പാലിക്കാത്തതും അവഗണനയുമാണ് തീരുമാനത്തിന് പിന്നിലെന്ന് പ്രസിഡന്‍റ് സി.കെ. ജാനു അറിയിച്ചു. ശനിയാഴ്ച ചേർന്ന സംസ്ഥാന നിർവാഹക സമിതി യോഗത്തിലാണ് തീരുമാനം. 2016ലാണ് ജനാധിപത്യ രാഷ്ട്രീയ പാർട്ടി എൻ.ഡി.എ ഘടകക്ഷിയായത്. 2016ലെ നിയമസഭ തെരഞ്ഞെടുപ്പിൽ സുൽത്താൻ ബത്തേരി മണ്ഡലത്തിൽ ജാനു മത്സരിച്ചു. പിന്നീട് 2018ൽ പാർട്ടി എൻ.ഡി.എ വിട്ടു. 2021ൽ വീണ്ടും എൻ.ഡി.എയിൽ തിരിച്ചെത്തി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.