ബ്രൂവറികൾക്കെതിരായി ഹരജി: സർക്കാർ മൂന്നാഴ്ചക്കകം വിശദീകരണം നൽകണം -ഹൈകോടതി
text_fieldsകൊച്ചി: സംസ്ഥാനത്ത് ബിയർ നിർമാണശാല (ബ്രൂവറി)കള്‍ക്കും ബോട്ട്ലിങ് പ്ലാൻറുകൾക്കും അനുമതി നൽകുന്നതിെൻറ മാനദണ്ഡമെന്തെന്ന് ഹൈേകാടതി. ഇതു സംബന്ധിച്ച് മൂന്ന് ആഴ്ചക്കകം വിശദീകരണം സമർപ്പിക്കാൻ കോടതി സർക്കാരിന് വാക്കാൽ നിർദേശം നൽകി. ബ്രൂവറികള്‍ക്കും ബോട്ട്ലിങ് പ്ലാൻറുകള്‍ക്കും നിയമവിരുദ്ധമായി ലൈസന്‍സ് നല്‍കിയത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജിയിൽ വാദം നടക്കുന്നതിനിടയിലായിരുന്നു ഹൈകോടതി നിർദേശം. മലയാളി വേദി എന്ന സംഘടനയാണ് ഹരജി സമർപ്പിച്ചത്.
അതേ സമയം മൂന്ന് ബ്രൂവറികള്‍ക്കും ഒരു ബോട്ട്ലിങ് പ്ലാൻറിനും അന്തിമ അനുമതി നൽകിയിട്ടില്ലെന്ന് സർക്കാർ ഹൈകോടതിയിൽ ബോധിപ്പിച്ചു. സർക്കാർ നിലപാടിെൻറ അടിസ്ഥാനത്തിൽ എക്സൈസ് കമീഷണർ നൽകുന്ന മുൻകൂർ അനുമതി മാത്രമാണിത്. അന്തിമ അനുമതിക്ക് ഒേട്ടറെ നടപടികൾ പൂർത്തിയാക്കേണ്ടതുണ്ട്. ബ്രൂവറികളും ബോട്ട്ലിങ് പ്ലാൻറുകളും സംസ്ഥാനത്ത് സ്ഥാപിക്കുന്നതിലൂടെ കേരളത്തിെൻറ താല്പര്യമാണ് സംരക്ഷിക്കപ്പെടുന്നതെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
വിദേശമദ്യവുമായി ബന്ധപ്പെട്ട കോമ്പൗണ്ടിങ്, കളറിങ്, ബ്ലെന്‍ഡിങ്, ബോട്ട്ലിങ് എന്നിവ നടത്താന്‍ താല്പര്യമുള്ളവര് എക്സൈസ് കമീഷണര്‍ക്ക് അപേക്ഷ നല്‍കാമെന്നാണ് കേരള വിദേശ മദ്യ ചട്ടത്തിൽ പറയുന്നത്. തുടര്‍ന്ന് എക്സൈസ് കമീഷണറുടെ ശിപാര്‍ശയില്‍ സര്‍ക്കാര്‍ മുന്‍കൂര്‍ അനുമതി നല്‍കും. ജലലഭ്യത അടക്കമുള്ള പരിസ്ഥിതി പ്രശ്നങ്ങൾ ഇതിനു ശേഷമാണ് പരിശോധിക്കുന്നത്. ബ്രൂവറി, ബോട്ട്ലിങ് പ്ലാൻറ് എന്നിവ അനുവദിക്കേണ്ടെന്ന് സര്‍ക്കാറിന് നയമില്ല. അപേക്ഷ ലഭിച്ചാല്‍ പഠിച്ച് തീരുമാനമെടുക്കും. ഇപ്പോള്‍ പ്രാഥമികാനുമതി നൽകിയ ബ്രൂവറികളില്‍ ഒന്ന് പൊതുമേഖലയിലുള്ളതാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
അനുമതി ഇടതുനയം അനുസരിച്ച് –മുഖ്യമന്ത്രി
തിരുവനന്തപുരം: ബിയർ നിർമാണ ശാല (ബ്രൂവറി)കൾക്കും മദ്യനിർമാണശാല(ഡിസ്റ്റലറി)കൾക്കും അനുമതി നൽകിയത് ഇടത് സർക്കാറിെൻറ നയം അനുസരിച്ചാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും സർക്കാറിനെതിരെ തിരിച്ചുവിടാനും പ്രതിപക്ഷനേതാവ് ശ്രമിക്കുകയാണ്. തീരുമാനം വഴി മദ്യത്തിെൻറ ഇറക്കുമതി കുറയുകയും തൊഴിലവസരവും നികുതി വരുമാനവും കൂടുകയും ചെയ്യുമെന്നും വാർത്തസമ്മേളനത്തിൽ അദ്ദേഹം വിശദീകരിച്ചു.
നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും വിധേയമായാണ് അനുമതി. വകുപ്പുകളുടെ പരിശോധനക്ക് ശേഷമായിരിക്കും അന്തിമ ലൈസൻസ്. അനുമതിനല്‍കിയ പ്രദേശങ്ങളില്‍ പ്രശ്നമുണ്ടോെയന്ന് വകുപ്പുകള്‍ പരിശോധിക്കും. സ്ഥാപനങ്ങള്‍ തുടങ്ങാന്‍ കഴിയാത്ത നിലയുണ്ടെങ്കില്‍ ലൈസന്‍സ് ലഭിക്കില്ല. ആര് അപേക്ഷിച്ചാലും പരിശോധിച്ച് നടപടിക്ക് സര്‍ക്കാര്‍ തയാറാവും. ഇനിയും അപേക്ഷ സ്വീകരിക്കും.
1999ലെ ഉത്തരവ് ഇനി ഡിസ്റ്റലറികൾ വേണ്ട എന്നല്ല. 1998ല്‍ ഒരു ബ്രൂവറി യൂനിറ്റിന് ഇടത് സർക്കാർ അനുമതിനൽകിയിരുന്നു. ഇതിന് ലൈസന്‍സ് അനുവദിച്ചത് 2003ല്‍ യു.ഡി.എഫ് സര്‍ക്കാറാണ്. ഉന്നതതലസമിതിയെ നിയോഗിച്ച്, അരുടെ റിപ്പോർട്ട് പ്രകാരം ഡിസ്റ്റലറി, കോമ്പൗണ്ടിങ്, ബ്ലെൻറിങ് ആൻഡ് ബോട്ടിലിങ് ലൈസന്‍സ് അപേക്ഷ പരിഗണിക്കേണ്ടതില്ലെന്നും നിലവിലുള്ളവയുടെ ശേഷി വർധിപ്പിക്കാമെന്നും മന്ത്രിസഭ തീരുമാനിച്ച് ഉത്തരവിറക്കുകയായിരുന്നു.
മദ്യത്തിെൻറ എട്ട് ശതമാനവും ബിയറിെൻറ 40 ശതമാനവും മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് കൊണ്ടുവരുകയാണ്. ഇറക്കുമതി ഇല്ലാതാകുേമ്പാൾ ഇതരസംസ്ഥാന മദ്യലോബിക്ക് നഷ്ടമുണ്ടാകും. ഇതിൽ അസ്വസ്ഥരായിട്ടാണോ പ്രതിപക്ഷം ആരോപണമുന്നയിക്കുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു. വെള്ളക്ഷാമമുള്ള പ്രദേശങ്ങളിൽ അവിടുത്തെ വെള്ളമെടുത്ത് ഡിസ്റ്റലറികളിലും ബ്രൂവറികളിലും ഉപയോഗിക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. വി.എസ്. അച്യുതാനന്ദെൻറ അഭിപ്രായത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.