ഡോക്ടറിൽനിന്ന് കൈക്കൂലി; ആദായ നികുതി ഇൻസ്പെക്ടർക്ക് നാലര വർഷം കഠിനതടവ്
text_fieldsrepresentational image
കൊച്ചി: ഡോക്ടറിൽനിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ ആദായ നികുതി വകുപ്പ് ഇൻസ്പെക്ടർക്ക് നാലര വർഷം കഠിന തടവും അമ്പതിനായിരം രൂപ പിഴയും ശിക്ഷ.
കേസില്‍ അറസ്റ്റിലായ എറണാകുളം ആദായ നികുതി വകുപ്പ് ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം ഇന്‍സ്പെക്ടറായിരുന്ന മൂവാറ്റുപുഴ പാമ്പാക്കുട കൊമ്മലക്കുഴിയിൽ വീട്ടിൽ കെ.കെ. ദിനേശിനെയാണ് (48) എറണാകുളം പ്രത്യേക സി.ബി.ഐ കോടതി ജഡ്ജി കെ.കെ. ബാലകൃഷ്ണൻ ശിക്ഷിച്ചത്.
മൂവാറ്റുപുഴ പേഴക്കാപ്പിള്ളി സബൈന്‍ ഹോസ്പിറ്റല്‍ ഉടമ ഡോ. എസ്.സബൈനില്നിന്നാണ് പ്രതി 10 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടത്.
ഒടുവില്‍ തുക അഞ്ച് ലക്ഷമാക്കിയ പ്രതി ഇത് 2017 മാര്‍ച്ച് 31 നകം നല്‍കണമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. ഇതേതുടര്‍ന്ന് ഡോ.സബൈന്‍ സി.ബി.ഐക്ക് നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഇദ്ദേഹത്തിനെതിരെ അന്വേഷണം ആരംഭിക്കുകയായിരുന്നു. ആശുപത്രി ജീവനക്കാരന് വഴി സി.ബി.ഐ പ്രതിക്ക് പണം നല്‍കുകയും ഇത് കൈമാറിയ ഉടന്‍ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
രണ്ട് വകുപ്പുകളിലായി എട്ടര വർഷം തടവ് വിധിച്ചിട്ടുണ്ടെങ്കിലും ശിക്ഷ ഒരുമിച്ച് നാലര വർഷം അനുഭവിച്ചാൽ മതി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.