കോഴിഫാമിൽനിന്ന് ഷോക്കേറ്റ് സഹോദരങ്ങൾ മരിച്ചു
text_fieldsസുൽത്താൻബത്തേരി: കോഴിഫാമിൽനിന്ന് വൈദ്യുതാഘാതമേറ്റ് സഹോദരങ്ങൾ മരിച്ചു. വയനാട് വാഴവറ്റ സ്വദേശികളായ കരിങ്കണ്ണിക്കുന്ന് പൂവണ്ണിക്കുംതടത്തിൽ അനൂപ്, സഹോദരനായ ഷിനു എന്നിവരാണ് മരിച്ചത്.
ഇന്ന് രാവിലെ 8 മണിയോടെ വാഴവറ്റ തെനേരി കരിങ്കണ്ണിക്കുന്ന് ഇവർ നടത്തിവന്ന കോഴിഫാമിൽ വെച്ചായിരുന്നു അപകടം. ഫാമുടമ പുൽപ്പറമ്പിൽ വീട്ടിൽ സൈമൺ, ഇരുവരെയും കാണാതായതോടെ നടത്തിയ തിരച്ചിലിനിടെയാണ് ഷോക്കേറ്റ നിലയിൽ കണ്ടെത്തിയത്. ഉടൻ കൽപറ്റയിലെ ആശുപത്രികളിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
വന്യമൃഗങ്ങൾ കടക്കാതിരിക്കാൻ ഫാമിന് ചുറ്റും സ്ഥാപിച്ച വേലിയിൽനിന്ന് ഷോക്കേറ്റതാകാനാണ് സാധ്യത എന്നാണ് പ്രാഥമിക നിഗമനം. ഇരുവരും ചേർന്ന് വാഴവറ്റ സ്വദേശിയായ സൈമണിൽ നിന്നും കോഴി ഫാം പാട്ടവ്യവസ്ഥയിൽ എടുത്ത് നടത്തിവരികയായിരുന്നു. ഷിനുവിന്‍റെ മൃതദേഹം കൽപറ്റ ജനറൽ ആശുപത്രിയിലും അനൂപിന്‍റെ മൃതദേഹം കൽപറ്റ ലിയോ ആശുപത്രിയിലുമാണുള്ളത്. മീനങ്ങാടി പൊലീസും കെഎസ്ഇബി ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.