കാട്ടാന ആക്രമണത്തിൽ സഹോദരന്മാർക്ക് പരിക്ക്; ഒരാളുടെ ചെവി അറ്റു
text_fieldsകാട്ടാന ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ പുൽപള്ളി സ്വദേശി ബാലൻ
പുൽപള്ളി (വയനാട്): പിതാവിന്‍റെ മൃതദേഹം മറവ് ചെയ്യാൻ കുഴിയെടുക്കുന്നതിനിടെ കാട്ടാനയുടെ ആക്രമണത്തിൽ സഹോദരന്മാർക്ക് പരിക്ക്. പുൽപള്ളി ചേകാടി വിലങ്ങാടി ഊരാളി കോളനിയിലെ ബാലൻ (45), സഹോദരൻ സുകുമാരൻ (40) എന്നിവർക്കാണ് പരിക്കേറ്റത്. ബാലന്‍റെ ഇടത്തെ ചെവി അറ്റുപോവുകയും വലത്തെ ചെവിക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്തു. തോളെല്ലിനും കൈക്കും ഗുരുതര പരിക്കുണ്ട്. സുകുമാരന്‍റെ കൈക്ക് പൊട്ടലുണ്ട്. ഇരുവരും മാനന്തവാടിയിലെ വയനാട് ഗവ. മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.
സൗത്ത് വയനാട് വനം ഡിവിഷനിലെ ചെതലയം വനം റേഞ്ചിലെ പുൽപള്ളി ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽപെട്ട ചേകാടിയിൽ ബുധനാഴ്ച ഉച്ചക്ക് 12ഓടെയാണ് സംഭവം. ചൊവ്വാഴ്ച രാത്രിയാണ് ബാലന്‍റെയും സുകുമാരന്‍റെയും പിതാവ് സോമൻ മരിച്ചത്. സോമന്‍റെ മൃതദേഹം മറവ് ചെയ്യാൻ കോളനിയിൽനിന്ന് 50 മീറ്റർ അകലെയുള്ള കാടിനുള്ളിലെ സമുദായ ശ്മശാനത്തിൽ കുഴിയെടുക്കുന്നതിനിടെയാണ് കാട്ടാന ആക്രമിച്ചത്. ബന്ധുക്കൾ മടങ്ങിയ സമയത്താണ് ബാലനെയും സുകുമാരനെയും ആന ആക്രമിച്ചത്. ബന്ധുക്കളും നാട്ടുകാരും ഇരുവരെയും ഉടൻ വയനാട് മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോവുകയായിരുന്നു. സെക്ഷൻ ഫോറസ്റ്റ് ഓഫിസർമാരായ എ.കെ. സിന്ധു, കെ. മുകുന്ദൻ, ഫോറസ്റ്റ് വാച്ചർ കെ. വിനീത എന്നിവർ ആശുപത്രിയിലെത്തി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.