യുവതിയെ വെട്ടിക്കൊന്ന കേസിൽ സഹോദരന്മാർക്ക് ജീവപര്യന്തം
text_fieldsതലശ്ശേരി: യുവതിയെ വെട്ടിക്കൊന്ന കേസിൽ രണ്ട് സഹോദരന്മാർക്ക് ജീവപര്യന്തം തടവും 60,000 രൂപ വീതം പിഴയും. ഉളിയിൽ പടിക്കച്ചാൽ പുതിയപുരയിൽ കെ.എൻ. ഇസ്മായിൽ (40), സഹോദരൻ പുതിയപുരയിൽ കെ.എൻ. ഫിറോസ് (36) എന്നിവരെയാണ് തലശ്ശേരി ഒന്നാം അഡീഷനൽ ജില്ല സെഷൻസ് കോടതി ജഡ്ജി ഫിലിപ്പ് തോമസ് ശിക്ഷിച്ചത്. ജീവപര്യന്തം തടവിന് പുറമെ മറ്റു വകുപ്പുകൾ പ്രകാരം ഏഴുവർഷം, ഒരു വർഷം എന്നിങ്ങനെയും തടവുശിക്ഷയുണ്ട്.
ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതി. തിങ്കളാഴ്ച കുറ്റക്കാരായി കണ്ടെത്തിയ പ്രതികൾക്ക് വ്യാഴാഴ്ച വൈകീട്ടാണ് കോടതി ശിക്ഷ വിധിച്ചത്. ഉളിയിൽ പടിക്കച്ചാലിലെ പുതിയ പുരയിൽ ഷഹത മൻസിലിൽ ഖദീജയാണ് (28) കൊല്ലപ്പെട്ടത്. ആറ് പ്രതികളുള്ള കേസിൽ നാലുപേരെ കുറ്റക്കാരല്ലെന്നുകണ്ട് കോടതി വിട്ടയച്ചിരുന്നു.
ഖദീജയെ കൊലപ്പെടുത്തുകയും ആൺസുഹൃത്ത് കോഴിക്കോട് ഫറോക്ക് കോടമ്പുഴ ഷാഹുൽ ഹമീദിനെ (43) കൊലപ്പെടുത്താൻ ശ്രമിച്ചെന്നുമാണ് കേസ്. യുവതിയോട് ആൺസുഹൃത്തുമായുള്ള ബന്ധം ഒഴിവാക്കാൻ പറഞ്ഞെങ്കിലും പിന്മാറാത്തതിലുള്ള വിരോധം കൊലപാതകത്തിന് കാരണമായി.
2012 ഡിസംബർ 12ന് ഉച്ചക്കാണ് കേസിനാധാരമായ സംഭവം. പഴശ്ശി കുഴിക്കൽ സ്വദേശിയാണ് ഖദീജയുടെ ആദ്യ ഭർത്താവ്. ഈ ബന്ധത്തിൽ രണ്ട് പെൺമക്കളുണ്ട്. ഇതിനിടയിലാണ് ഷാഹുൽ ഹമീദുമായി യുവതി സ്നേഹത്തിലായത്. രണ്ടാം വിവാഹം നടത്തിക്കൊടുക്കാമെന്നുപറഞ്ഞ് വിശ്വസിപ്പിച്ച് ഷാഹുൽ ഹമീദിനെ പടിക്കച്ചാലിൽ എത്തിച്ച് ആക്രമിക്കുകയായിരുന്നു.
വീട്ടിലെ സെൻട്രൽ ഹാളിൽ അതിക്രമിച്ചുകയറി സഹോദരങ്ങളായ പ്രതികൾ ഖദീജയുടെ നെഞ്ചിലും വയറിനും പുറത്തും കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്തി. മൂന്നുമുതൽ ആറുവരെ പ്രതികൾ പ്രേരണയും ഒത്താശയും ചെയ്തെന്നായിരുന്നു കേസ്.
മൂന്നുമുതൽ ആറുവരെ പ്രതികളായ തില്ലങ്കേരി പടിക്കച്ചാൽ മണിയൻപറമ്പ് ഹൗസിൽ അബ്ദുൽ റഹൂഫ് (41), മട്ടന്നൂർ ഷമീർ മൻസിലിൽ പി.പി. നിസാർ (53), മുണ്ടേരി മൊട്ടമ്മൽ ഈയ്യത്തുംകാട്ടിൽ ഇ.എം. അബ്ദുൽ റഹൂഫ് (45), ചാവശ്ശേരി നരയൻപാറ ആഷിക് മൻസിലിൽ യു.കെ. അബ്ദുൽനാസർ (40) എന്നിവരെയാണ് കുറ്റക്കാരല്ലെന്ന് കണ്ടെത്തി കോടതി വിട്ടയച്ചത്. പ്രോസിക്യൂഷനുവേണ്ടി അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. കെ. രൂപേഷ് ഹാജരായി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.